scorecardresearch
Latest News

സുരക്ഷാ മുന്‍കരുതല്‍ മറികടന്ന് പൊലീസ് ഡേറ്റ സിപിഎം സൊസൈറ്റിക്ക്; വിവാദം

ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും പോലീസ് ഡേറ്റ തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നും യുഎല്‍സിസിഎസ് ഗ്രൂപ്പ് സിഇഒ രവീന്ദ്രന്‍ കസ്തൂരി

സുരക്ഷാ മുന്‍കരുതല്‍ മറികടന്ന് പൊലീസ് ഡേറ്റ സിപിഎം സൊസൈറ്റിക്ക്; വിവാദം

കൊച്ചി: കേരള പൊലീസിന്റെ ഡേറ്റ സിപിഎം നിയന്ത്രണത്തിലുള്ള സൊസൈറ്റിക്കു കൈമാറിയതിനെച്ചൊല്ലി വിവാദം. പാസ്പോര്‍ട്ട് അപേക്ഷാ പരിശോധനയ്ക്കുവേണ്ടിയുള്ള ആപ്പിന്റെനിര്‍മാണത്തിനായാണു പോലീസിന്റെ ഡേറ്റ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി(യുഎല്‍സിസിഎസ്)ക്കു  കൈമാറിയത്.

കോഴിക്കോട് കേന്ദ്രമായ ഊരാളുങ്കല്‍ സൊസൈറ്റിയുടെ സൈബര്‍ കമ്പനിയായ ഊരാളുങ്കല്‍ ടെക്‌നോളജി സൊലൂഷനു (യുഎല്‍ടിഎസ്) ടെന്‍ഡര്‍ പോലും വിളിക്കാതെയാണു കരാര്‍ നല്‍കിയതെന്ന് ആരോപണമുയര്‍ന്നുകഴിഞ്ഞു. പാസ്പോര്‍ട്ട് പരിശോധനയ്ക്കു കേരള പോലീസിന്റെ സ്വന്തം ആപ്പ് ഉണ്ടായിരിക്കെയാണ് ഊരാളുങ്കലിനു കരാര്‍ നല്‍കിയത്.

ഊരാളുങ്കലിനു കരാര്‍ നല്‍കിയതിനെതിരേ പ്രതിപക്ഷം രംഗത്തെത്തി. സംസ്ഥാനത്തിന്റെ സുരക്ഷയെ ബാധിക്കുന്ന നടപടി പിന്‍വലിക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

അതേസമയം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും പോലീസിന്റെ ഡേറ്റ തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നും യുഎല്‍സിസിഎസ് ഗ്രൂപ്പ് സിഇഒ രവീന്ദ്രന്‍ കസ്തൂരി ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.

എന്നാല്‍  മാസ്റ്റര്‍ ഡേറ്റയിലും ഫയര്‍വാളുമിലേക്കും ഊരാളുങ്കലിനു പ്രവേശനം അനുവദിക്കുന്നതാണു ഡിജിപിയുടെ ഉത്തരവെന്നു ഐടി വിദഗ്ധന്‍ ജോസഫ് സി മാത്യു ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.

Kerala Police, കേരള പൊലീസ്, Kerala Police database, കേരള പൊലീസ് ഡേറ്റ ബേസ്, ULCCS, യുഎൽസിസിഎസ്, Uralungal Labour Contract Co-op Society, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, DGP, ഡിജിപി, DGP Loknath Behra, ഡിജിപി ലോക്‌നാഥ് ബെഹ്‌റ, Cyber security, സെെബർ സുരക്ഷ, IE Malayalam, ഐഇ മലയാളം

കേരള പൊലീസിന്റെ മുഴുവന്‍ വിവരങ്ങളും എളുപ്പം പരിശോധിക്കാന്‍ കഴിയുന്ന തരത്തിലുള്ള അനുമതിയാണ് ആഭ്യന്തര വകുപ്പ് ഊരാളുങ്കലിനു നല്‍കിയിരിക്കുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സൈബര്‍ സുരക്ഷാ മുന്‍കരുതല്‍ മറികടന്ന് ഡേറ്റ ബേസില്‍ പ്രവേശിക്കാനുളള അനുവാദമുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ മുതല്‍ കുറ്റവാളികള്‍ വരെയുളളവരുടെ മുഴുവന്‍ വിശദാംശങ്ങളും ഊരാളുങ്കലിനു ലഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഊരാളുങ്കല്‍ സൊസൈറ്റി നിര്‍മിച്ച ആപ് ഉപയോഗിച്ച് എറണാകുളം ജില്ലയില്‍ ആയിരം പേരുടെ പാസ്പോര്‍ട്ട് പരിശോധന നടത്തിയതായാണു വിവരം. പദ്ധതി സംസ്ഥാനതലത്തില്‍ വ്യാപിപ്പിക്കാനാണു ശ്രമം. സാമ്പിള്‍ ഡേറ്റ ഉപയോഗിച്ചാണു സ്വകാര്യ കമ്പനികള്‍ സോഫ്റ്റ്വെയറുകള്‍ നിര്‍മിക്കുകയെന്നിരിക്കെയാണ് ഊരാളുങ്കലിനായി വഴിവിട്ട നീക്കമെന്നാണു ആരോപണം.

ഒക്ടോബര്‍ 29നാണു ഡിജിപി ലോക്നാഥ് ബെഹ്റയുടെ വിവാദ ഉത്തരവ് പുറത്തിറങ്ങിയത്. ഒക്ടോബര്‍ 25നാണ് ഊരാളുങ്കല്‍ സൊസൈറ്റി അപേക്ഷ നല്‍കിയത്. പാസ്പോര്‍ട്ട് പരിശോധനയ്ക്കുള്ള ആപ് നിര്‍മിക്കുന്നതു സംബന്ധിച്ച് കൊച്ചിയിലെ സാധ്യതാ പഠനത്തിനു 35 ലക്ഷം നല്‍കാനായിരുന്നു ഡിജിപിയുടെ ഉത്തരവ്. 20 ലക്ഷം രൂപ ഉടന്‍ നല്‍കാന്‍ കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്കു ഡിജിപി നിര്‍ദേശം നല്‍കിയിരുന്നു.

പൊലീസ് ഡേറ്റ മുഴുവനായി യുഎല്‍ടിഎസിനു തുറന്നുകിട്ടുമെന്ന പ്രചാരണം തെറ്റാണെന്നു രവീന്ദ്രന്‍ കസ്തൂരി പറഞ്ഞു. ആപ്പ് നിര്‍മാണത്തിനായി ടെസ്റ്റ് ഡേറ്റ മാത്രമാണു പൊലീസ് നല്‍കിയതെന്നും  അദ്ദേഹം പറഞ്ഞു.

”പൊലീസ് തന്ന ടെസ്റ്റ് ഡേറ്റ ഉപയോഗിച്ചാണു യുഎല്‍ടിസ് ആപ്പ് നിര്‍മിച്ചത്. ആപ്പ് പോലീസിന്റെ സിസ്റ്റത്തില്‍ ഡിപ്ലോയ് ചെയ്യാനുള്ള അനുമതി മാത്രമാണു ലഭിച്ചത്. ഡിപ്ലോയ് ചെയ്തുകഴിഞ്ഞ് പോലീസാണു തുടര്‍കാര്യങ്ങള്‍ ചെയ്യുന്നത്. പോലീസിനു മാത്രമേ ഡേറ്റ ഉപയോഗിക്കാന്‍ കഴിയൂ. അല്ലാതെ ഡേറ്റ ഒരിക്കലും ഞങ്ങള്‍ക്കു കിട്ടില്ല. മറിച്ചുള്ള ആരോപണങ്ങളില്‍ വസ്തുതയില്ല. സാങ്കേതികതയെക്കുറിച്ച് അറിവുള്ളവര്‍ ഇക്കാര്യം ഉന്നയിക്കില്ല,” രവീന്ദ്രന്‍ കസ്തൂരി പറഞ്ഞു.

ആപ്പ് നിര്‍മാണത്തിനു മറ്റു ചില കമ്പനികളും പോലീസിനെ സമീപിച്ചിരുന്നു. എന്നാല്‍ യുല്‍ടിഎസ് നിര്‍മിച്ച ആപ്പ് മാതൃകയാണ് ഏറ്റവും മികച്ചതായി അവര്‍ക്കു തോന്നിയത്. പൂര്‍ണമായി ബ്ലോക്ക് ചെയിന്‍ മാതൃകയിലുള്ള ആപ്പ് പാസ്‌പോര്‍ട്ട് അപേക്ഷയിലെ വിവരങ്ങള്‍ പരിശോധിക്കുന്നതില്‍ ഏറ്റവും സമഗ്രമാണ്.

നിയമവിരുദ്ധ പാസ്‌പോര്‍ട്ടുകള്‍ പൂര്‍ണമായി തടയാന്‍ സാധിക്കുമെന്നതാണു യുല്‍ടിഎസ് ആപ്പിന്റെ പ്രത്യേകത. ആപ്പ് ഉപയോഗിച്ച് എറണാകുളം ജില്ലയില്‍ നടത്തിയ പാസ്‌പോര്‍ട്ട് അപേക്ഷാ പരിശോധനാ പരീക്ഷണം വിജയമാണെന്നും രവീന്ദ്രന്‍ കസ്തൂരി പറഞ്ഞു. എന്നാല്‍ ആപ്പിന്റെ വില സംബന്ധിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയാറായില്ല.

അതേസമയം, ഭരണത്തണലില്‍ നടത്തുന്ന കൊള്ളയാണ് ആപ്പ് നിര്‍മിക്കാന്‍ ടെന്‍ഡര്‍ വിളിക്കാതെ ഊരാളുങ്കലിനു കരാര്‍ നല്‍കിയ നടപടിയെന്നു ജോസഫ് സി മാത്യു പറഞ്ഞു. പോലീസ് ശേഖരിച്ചുവച്ച വിവരങ്ങള്‍ സ്വകാര്യ കമ്പനിക്കു കൊടുക്കാന്‍ ഏത് നിയമമാണ് അനുവദിക്കുന്നത്? സോഫ്റ്റ്‌വേര്‍ നിര്‍മിക്കാന്‍ യഥാര്‍ഥ ഡേറ്റയുടെ ആവശ്യം എന്താണ്?

പാസ്‌പോര്‍ട്ട് അപേക്ഷയില്‍ പോലീസ് വെരിഫിക്കേഷനു ബ്ലോക്ക് ചെയിനിന്റെ ആവശ്യം മനസിലാവുന്നില്ല. ചില രാജ്യങ്ങളില്‍ പാസ്‌പോര്‍ട്ട് യഥാര്‍ഥമാണോ അല്ലയോ എന്ന് പരിശോധിക്കാന്‍ ബ്ലോക്ക് ചെയിന്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ പാസ്‌പോര്‍ട്ട് അപേക്ഷാ പോലീസ് വെരിഫിക്കേഷനു ബ്ലോക്ക് ചെയിന്‍ ഉപയോഗിക്കുന്നില്ലെന്നും ജോസഫ് സി മാത്യു പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Controversy over allowing app developer to access kerala police data base