തിരുവനന്തപുരം: മഗ്‌സസെ അവാർഡ് സ്വീകരിക്കുന്നതില്‍നിന്ന് മുൻ ആരോഗ്യമന്ത്രിയും കേന്ദ്ര കമ്മിറ്റിയംഗവുമായ കെ.കെ.ശൈലജയെ തടഞ്ഞ് സിപിഎം. ഫിലിപ്പീൻസ് മുൻ പ്രസിഡന്‍റ് രമൺ മഗ്‌സസെയുടെ പേരിലുള്ള പുരസ്കാരത്തിനാണ് കെ.കെ.ശൈലജയെ പരിഗണിച്ചത്. കോവിഡ്, നിപ്പ പ്രതിരോധ പ്രവർത്തനങ്ങൾ കണക്കിലെടുത്താണു ശൈലജയെ 2022ലെ മഗ്‌സസെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്.
കമ്യൂണിസ്റ്റ് വിപ്ലവകാരികളെ കൊന്നുതള്ളിയ ആളാണ് മുൻ ഫിലിപ്പീൻസ് പ്രസിഡന്റായിരുന്ന റമൺ മാഗ്സസെയെന്നും അങ്ങനെയൊരാളിന്റെ പേരിലുള്ള പുരസ്കാരം സ്വീകരിക്കേണ്ടെന്നു നിലപാടാണ് സിപിഎം കേന്ദ്ര നേതൃത്വം സ്വീകരിച്ചത്. തുടർന്ന്, അവാർഡ് സ്വീകരിക്കാൻ ആകില്ലെന്ന് ശൈലജ സംഘാടക സമിതിയെ അറിയിച്ചു. രാഷ്ട്രീയ നേതാക്കൾക്ക് നൽകുന്ന അവാർഡല്ല ഇതെന്നായിരുന്നു സിപിഎം നേതൃത്വം പ്രതികരിച്ചത്.
പാര്‍ട്ടി തീരുമാനത്തെ തുടര്‍ന്നാണ് മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ മഗ്സെസെ അവാര്‍ഡ് നിരസിച്ചതെന്ന് സീതാറാം യെച്ചൂരി. കൊവിഡ് പ്രതിരോധം സര്‍ക്കാരിന്‍റെ കൂട്ടായ പ്രവര്‍ത്തന ഫലമാണ്. ശൈലജയെ പുരസ്ക്കാരത്തിന് പരിഗണിച്ചത് വ്യക്തിയെന്ന നിലയിലാണ്. മഗ്‍സസെ കമ്മ്യൂണിസ്റ്റ് വിരുദ്ധനെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
ഏഷ്യയിലെ പരമോന്നത ബഹുമതിയാണ് റമൺ മഗ്സസെ അവാർഡ്. 1957ൽ റോക്ക് ഫെല്ലർ ബ്രദേഴ്‌സ് ഫണ്ട് ഗ്രാന്റാണ് ഏഷ്യയിലെ നൊബേൽ പ്രൈസ് എന്നറിയപ്പെടുന്ന ഈ പുരസ്‌കാരം ആരംഭിച്ചത്.