കൊച്ചി: വിവാദ പ്രസംഗത്തിൽ മന്ത്രി എം.എം.മണിക്കെതിരായ ഹർജികൾ ഹൈക്കോടതി തള്ളി. വാക്കുകൾ ഉപയോഗിക്കുന്നത് ഓരോരുത്തരുടെയും താൽപര്യമാണെന്നും ആരുടേയും സ്വഭാവം മാറ്റാൻ കോടതിക്കാകില്ലെന്നും വ്യക്തമാക്കിയാണ് കോടതി ഹരജികൾ തള്ളിയത്. മന്ത്രിയുടെ പ്രസ്താവനയെ അംഗീകരിക്കുന്നത് കൊണ്ടല്ല കേസുകള്‍ തള്ളിയതെന്നും കോടതി വ്യക്തമാക്കി.

ഏപ്രില്‍ 22ന് അടിമാലി ഇരുപതേക്കറിലെ പരിപാടിയിൽ നടത്തിയ പ്രസംഗമാണ് വിവാദത്തിനാധാരം. മുന്‍പ് പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ നടത്തിയ സമരത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലായിരുന്നു പ്രസംഗം എന്നായിരുന്നു ആരോപണം. ഒന്നാം മൂന്നാർ ഭൂമി ഒഴിപ്പിക്കൽ കാലത്ത് ദൗത്യസംഘത്തലവൻ കെ. സുരേഷ് കുമാറും മാധ്യമപ്രവർത്തകരും സർക്കാർ ഗസ്റ്റ് ഹൗസിൽ മദ്യപാനത്തിലായിരുന്നുവെന്നും എം.എം. മണി ആരോപിച്ചിരുന്നു. എന്നാല്‍ തന്റെ പ്രസംഗം പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരെ ആയിരുന്നില്ലെന്നും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ആയിരുന്നെന്നും മണി പിന്നീട് വിശദീകരിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ