പാലക്കാട്: പ്രകോപനപരമായ പോസ്റ്റർ ഒട്ടിച്ചതിന്റെ പേരിൽ എസ്‌എഫ്‌ക്കെതിരെ കേസെടുത്ത് പൊലീസ്. കണ്ണൂർ തലശേരി ബ്രണ്ണൻ കോളേജ്, പാലക്കാട് മലമ്പുഴ ഐടിഐ എന്നിവിടങ്ങളിലാണ് പ്രകോപനപരമായ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. മലമ്പുഴ ഐടിഐയിൽ പോസ്റ്റർ പതിച്ചതിന് എസ്‌എഫ്‌ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു.
മലമ്പുഴ ഐടിഐയിലെ പോസ്റ്റർ ഒട്ടിച്ചതിന് എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറി സുജിത്, പ്രസിഡന്റ് ജിതിൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്. എബിവിപിയുടെ പരാതിയിലാണ് ഇവർക്കെതിരെ കേസെടുത്തത്. കലാപമുണ്ടാക്കാൻ പ്രചരിപ്പിച്ച പോസ്റ്ററാണെന്ന് എബിവിപി ആരോപിച്ചു. ദേശീയ പ്രതിജ്ഞയെ വികൃതമാക്കിയെന്നും ആരോപണമുണ്ട്.
തലശേരി ബ്രണ്ണൻ കോളേജിൽ എസ്‌എഫ്‌ഐയുടെ പേരിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടതെങ്കിലും ഇതിനെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുന്നുണ്ട്. എസ്‌എഫ്‌ഐ തന്നെയാണോ എന്ന കാര്യത്തിൽ പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

തലശേരി ബ്രണ്ണൻ കോളേജിൽ ഈ പോസ്റ്റർ പതിച്ചതിന് ധർമടം പൊലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷത്തിന് പ്രേരിപ്പിക്കുന്ന പ്രകോപനപരമായ പോസ്റ്റർ പതിച്ചുവെന്ന് ആരോപിച്ചാണു കേസെടുത്തത്.
പോസ്റ്റർ പൊലീസെത്തി നീക്കം ചെയ്‌തു. പോസ്റ്ററിൽ എസ്‌എഫ്ഐയെന്ന് എഴുതിയിട്ടുണ്ട്. എന്നാൽ, എസ്‌എഫ്‌ഐ പ്രവർത്തകരാണ് ഇതിനു പിന്നിലെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ധർമടം പൊലീസ് പറഞ്ഞു. പോസ്റ്ററുമായി എസ്‌എഫ്ഐക്ക് ബന്ധമില്ലെന്ന് കണ്ണൂർ ജില്ലാ നേതൃത്വം വ്യക്‌തമാക്കി.