കൊച്ചി: വിവാദ ഭരണപരിഷ്കാരങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ സമാന നടപടികളുമായി വീണ്ടും ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്. ദ്വീപിലെ എയര്‍ ആംബുലന്‍സ് സംവിധാനത്തിന് അഡ്മിനിസ്ട്രേഷന് നിയന്ത്രണം ഏര്‍പ്പെടുത്തി. വിദഗ്ധ ചികിത്സയ്ക്ക് എയര്‍ ആംബുലന്‍സില്‍ രോഗികളെ മാറ്റുന്ന കാര്യത്തില്‍ നാലംഗ സമിതിയുടെ അനുമതി വേണം.
രോഗികളെ കൊച്ചി, അഗത്തി, കവരത്തി എന്നിവിടങ്ങിലേക്ക് എയര്‍ ലിഫ്റ്റ് ചെയ്യുന്ന കാര്യത്തില്‍ തീരുമാനമെടക്കാന്‍ മെഡിക്കല്‍ ഡയറക്ടര്‍ ഉള്‍പ്പെടുന്ന നാലംഗ സമിതിയെയാണ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ നിയോഗിച്ചിരിക്കുന്നത്. രോഗികളെ മാറ്റുന്നതിനു ബന്ധപ്പെട്ട ദ്വീപിലെ മെഡിക്കൽ ഓഫിസർ ഓൺലൈനിൽ സമർപ്പിക്കുന്ന രേഖകള്‍ പരിശോധിച്ചായിരിക്കും സമിതി തീരുമാനമെടുക്കു. ഇതുസംബന്ധിച്ച ഉത്തരവ് തിങ്കളാഴ്ചയാണു പുറപ്പെടുവിച്ചത്. സമിതിയുടെ അനുമതി ഇല്ലെങ്കില്‍ കപ്പല്‍ മുഖേനെ മാത്രമേ രോഗികളെ മാറ്റാന്‍ കഴിയൂ. മുന്‍കാലങ്ങളില്‍ രോഗികളെ ഹെലികോപ്റ്ററില്‍ എയര്‍ലിഫ്റ്റ് ചെയ്യാന്‍ അതതു ദ്വീപുകളിലെ മെഡിക്കല്‍ ഓഫീസര്‍ക്ക് അനുമതി നല്‍കാമായിരുന്നു.
അതിനിടെ, കാര്യക്ഷമതയില്ലാത്ത സര്‍ക്കാര്‍ ജീവനക്കാരുടെ പട്ടിക തയാറാക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് അഡ്മിനിസ്ട്രേഷന് നിര്‍ദേശം നല്‍കിയതിനെതിരെയും പ്രതിഷേധം ഉയരുകയാണ്. ലക്ഷദ്വീപുകാരായ സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കമായാണ് തദ്ദേശീയ ജനത ഈ നടപടിയെ കാണുന്നത്. മീന്‍പിടിത്തം കഴിഞ്ഞാല്‍ ദ്വീപ് ജനത പ്രധാനമായും ആശ്രയിച്ചിരുന്നത് വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ താല്‍ക്കാലിക ജോലികളായിരുന്നു.
Also Read: ശാന്തമായ ലക്ഷദ്വീപിനെ അശാന്തമാക്കുന്നത് എന്ത്?
പൊതു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ വകുപ്പ് തല സമിതികളാണു നിയമനം നടത്തിയിരുന്നത്. ദ്വീപ് സ്വദേശികളായ വിദഗ്ധര്‍ കൂടി ഉള്‍പ്പെടുന്ന വകുപ്പ് സമിതികളെ നേരത്തെ പിരിച്ചുവിട്ടിരുന്നു. പകരം അഞ്ചംഗ ലക്ഷദ്വീപ് സ്റ്റാഫ് സെലക്ഷന് ബോര്‍ഡിന് (എല്എസ്എസ്ബി) അഡ്മിനിസ്ട്രേറ്റര്‍ രൂപം നല്‍കിയിരുന്നു. ഈ മാസം അഞ്ചിന് ഇതുസംബന്ധിച്ച അഡ്മിനിസ്ട്രേഷന് ഉത്തരവ് പുറത്തുവന്നിരുന്നു.
ലക്ഷദ്വീപിലെ ബംഗാരം ടൂറിസം റിസോര്‍ട്ടിന്റെ നടത്തിപ്പും കൊച്ചിയിലെ ലക്ഷദ്വീപ് കൊച്ചി ഗസ്റ്റ്ഹൗസും സ്വകാര്യ ഏജന്‍സികള്‍ക്ക് കൈമാറാനും അഡ്മിനിസ്ട്രേഷന് നീക്കം തുടങ്ങിയിട്ടുണ്ട്. ബംഗാരം ടൂറിസം റിസോര്‍ട്ട് അഞ്ചു വര്‍ഷത്തേക്കും കൊച്ചി ഗസ്റ്റ്ഹൗസ് മൂന്നു വര്‍ഷത്തേക്കുമാണു കൈമാറുന്നത്. ഇത് യഥാക്രമം അഞ്ച്, രണ്ട് വര്‍ഷത്തേക്കു കൂടി നീട്ടാവുന്നതാണെന്നും മേയ് നാലിനു പുറപ്പെടുവിച്ച ടെന്‍ഡര്‍ നോട്ടിസില്‍ പറയുന്നു. 28 ആണ് ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള അവസാന തിയതി. നേരത്തെ ടൂറിസം വകുപ്പില്‍ കൂട്ടപ്പിരിച്ചുവിടല്‍ നടത്തിയത് സ്വകാര്യവത്്കരണ നടപടികളുടെ ഭാഗമായാണെന്ന ആരോപണം ഉയര്‍ന്നിരുന്നു.
വിനോദസഞ്ചാരത്തിനു പേരുകേട്ട ബംഗാരം ദ്വീപിലെ റിസോര്‍ട്ടില്‍ 30 മുറികളാണുള്ളത്. റെസ്റ്റോറന്റ്, സ്കൂബ ഡൈവിങ്, വാട്ടര്‍ സ്പോര്‍ട്സ് സൗകര്യങ്ങളുണ്ട്. ലക്ഷദീപിലെ ജനവാസമില്ലാത്ത ദ്വീപുകളിലൊന്നാണ് ബംഗാരത്തിന് എട്ടുകിലോമീറ്റര്‍ നീളവും നാലുകിലോമീറ്റര്‍ വീതിയുമാണുള്ളത്.
കൊച്ചി ഗാന്ധിനഗറിലെ ഗസ്റ്റ് ഹൗില് 58 ഡോര്‍മിറ്ററികളും 42 മുറികളുമാണുള്ളത്. ഇതില്‍ നാലെണ്ണം എസി സൗകര്യമുള്ളതാണ്. റെസ്റ്റോറന്റ്, ദ്വീപിലേക്കുള്ള കപ്പല്‍ ടിക്കറ്റ് ബുക്കിങ് കൗണ്ടര്‍ എന്നിവയുമുണ്ട്. ദ്വീപുകാര്‍ കൊച്ചിയിലെത്തുമ്പോള്‍ ഗസ്റ്റ്ഹൗസിലാണ് താമസിക്കാറുള്ളത്്. പുതിയ അഡ്മിനിസ്ട്രേറ്റര്‍ വരുന്നതിനു മുന്‍പ് കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായിരുന്നപ്പോള്‍ ക്വാറന്റൈന് കേന്ദ്രമായും ഗസ്റ്റ് ഹൗസ് ഉപയോഗപ്പെടുത്തിയിരുന്നു. ഇവിടെ ഒരാഴ്ച ക്വാറന്റൈനില്‍ കഴിഞ്ഞ് ആര്‍ടിപിസിആര്‍ നെഗറ്റീവ് റിപ്പോര്ട്ടുള്ളവര്ക്കുമാത്രാണ് ദ്വീപിലേക്കുള്ള കപ്പലുകളില്‍ നേരത്തെ പ്രവേശനം ലഭിച്ചിരുന്നത്. ഡിസംബര്‍ 28നു മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തിയതോടെ ക്വാറന്റൈന് നിബന്ധന ഇല്ലാതായിരുന്നു.
Also Read: പാസയും ടി പി സി ആറും: ലക്ഷദ്വീപിൽ ലക്ഷ്യമിടുന്നത് എന്ത്?
പുതിയ അഡ്മിനിസ്ട്രേറ്ററുടെ പരിഷ്കാരങ്ങള്‍ക്കെതിരെ രാഷ്ട്രപതിക്ക് ഭീമഹര്‍ജി നല്‍കാനും നിയമനടപടികള്‍ സ്വീകരിക്കാനുമുള്ള ഒരുക്കത്തിലാണ് ദ്വീപ് ജനത. അഡ്മിനിസ്ട്രേറ്ററെ തിരികെ വിളിക്കുക, പരിഷ്കാരങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് രാഷ്ട്രപതിക്ക് ഭീമഹര്‍ജി നല്‍കുന്നതിന് ഒപ്പു ശേഖരണം പുരോഗമിക്കുകയാണ്.
അതിനിടെ, ബിജെപിക്കാരനായ അഡ്മിനിസ്ട്രേറ്ററുടെ നടപടിയില്‍ പ്രതിഷേധിച്ച് പാര്‍ട്ടി ലക്ഷദ്വീപ് ഘടകത്തില്‍ കൂട്ടരാജി. യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി പി.പി. മുഹമ്മദ് ഹാഷിം, ബിജെപി മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി. മുത്തുക്കോയ, മുന്‍ ട്രഷറര്‍ ബി. ഷുക്കൂര്‍ തുടങ്ങി എട്ടു പേര് രാജിവച്ചു. രാജിക്കത്ത് ലക്ഷദ്വീപിന്റെ സംഘടനാ ചുമതലയുള്ള പാര്‍ട്ടി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുല്ലക്കുട്ടിക്കു കൈമാറി. അഡ്മിനിസ്ട്രേറ്ററുടെ പരിഷ്കാരങ്ങള്‍ക്കെതിരെ ദ്വീപ് ബിജെപി ജനറല്‍ സെക്രട്ടറി മുഹമ്മദ് കാസിം കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു. ജനവിരുദ്ധ നയങ്ങള്‍ പുനപ്പരിശോധിക്കണമെന്നവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചതായി അദ്ദേഹം പറഞ്ഞു.