കൊച്ചി: ഫെയ്‌സ്‌ബുക്ക് പോസ്റ്റിലൂടെ ഒളിയമ്പെയ്ത് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. നരേന്ദ്ര മോദിയെ സ്തുതിച്ചതുമായി ബന്ധപ്പെട്ട് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ശശി തരൂരിനെതിരെ രംഗത്തെത്തിയിരുന്നു. ഇത് നിരവധി വാദപ്രതിവാദങ്ങള്‍ക്ക് വഴിവച്ചു. അതിനിടയിലാണ് പുതിയ ഫെയ്‌സ്‌ബുക്ക് പോസ്റ്റുമായി തരൂര്‍ രംഗത്തെത്തിയിരിക്കുന്നത്.

ജോര്‍ജ് ബെര്‍ണാഡ് ഷായുടെ വരികള്‍ പോസ്റ്റ് ചെയ്താണ് ശശി തരൂര്‍ ഇപ്പോള്‍ ചര്‍ച്ചകള്‍ക്ക് ചൂടുപിടിപ്പിച്ചിരിക്കുന്നത്. “പന്നികളോട് ഗുസ്തി പിടിക്കരുത്. ദേഹത്ത് ചളി പറ്റും. പക്ഷേ, പന്നികള്‍ക്ക് അത് ഇഷ്ടമാണ്.” ഈ വരികളാണ് ശശി തരൂര്‍ ഫെയ്‌സ്‌ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

മോദി സ്തുതി നടത്തിയ വിഷയത്തില്‍ നേരത്തെ കെപിസിസി തരൂരിനോട് വിശദീകരണം ചോദിച്ചിരുന്നു. വിശദീകരണം നല്‍കിയതിനു പിന്നാലെ വിഷയം അടഞ്ഞ അധ്യായമാണെന്നും കൂടുതല്‍ ചര്‍ച്ചകള്‍ ഇനിയില്ലെന്നും കെപിസിസിയും ശശി തരൂരും വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇന്ന് വീണ്ടും തരൂരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ എംപി രംഗത്തെത്തി.

“തിരുവനന്തപുരം ഒരു കോണ്‍ഗ്രസ് മണ്ഡലമാണ്. നരേന്ദ്ര മോദിക്കെതിരായ ജനവികാരമാണ് തിരുവനന്തപുരത്തെ കോണ്‍ഗ്രസ് വിജയത്തിനു കാരണം. ഓക്‌സ്‌ഫോഡ് ഇംഗ്ലീഷ് അറിയാത്ത കോണ്‍ഗ്രസ് നേതാവ് ചാള്‍സ് മൂന്നുതവണ തിരുവനന്തപുരത്തു നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്”-കെ.മുരളീധരന്‍ എംപി പറഞ്ഞു.

Read Also: ഓക്‌സ്‌ഫോഡ് ഇംഗ്ലീഷ് അറിയാത്തവരും ജയിച്ചിട്ടുണ്ട്; തരൂരിനെതിരെ മുരളീധരന്‍

മോദി സ്‌തുതിയെ എതിർക്കുന്ന നിലപാടിൽ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു. ശശി തരൂർ കെപിസിസിക്ക് നൽകിയ വിശദീകരണം കണ്ടിട്ടില്ല. പാർട്ടിയിൽ നിന്ന് പുറത്ത് പോയപ്പോഴും താന്‍ ബിജെപി സഹായം തേടിയിട്ടില്ല. 10 വർഷം പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ്ങിനെ ഒരു ബിജെപിക്കാരനും പുകഴ്ത്തിയിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു. കെ.മുരളീധരന്റെ പുതിയ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ശശി തരൂരിന്റെ ഈ ഫെയ്‌സ്‌ബുക്ക് പോസ്റ്റ്.

കോൺഗ്രസിൽ നിന്നു കൊണ്ട് മോദി സ്തുതി വേണ്ടെന്ന് മുരളീധരൻ നേരത്തെ പറഞ്ഞിരുന്നു. ഇനി മോദിയെ സ്തുതിക്കണം എന്നുള്ളവർക്ക് ബിജെപിയിലേക്ക് പോകാമെന്നും ഇടയ്ക്ക് മോദി സ്തുതി നടത്തിയാൽ മാത്രമേ വിമർശനം ഏൽക്കൂവെന്നാണ് ചിലരുടെ വിചാരമെന്നും മുരളീധരൻ ആഞ്ഞടിച്ചു. ശക്തമായ മോദി വിരുദ്ധത പറഞ്ഞിട്ട് തന്നെയാണ് കേരളത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചു കയറിയതെന്ന് ആരും മറക്കണ്ടേന്നും കെ.മുരളീധരന്‍ പറഞ്ഞു.

കേസ് ഭയന്നിട്ടാണോ ശശി തരൂർ മോദിയെ സ്തുതിക്കുന്നതെന്നും, എങ്കിൽ കേസ് കോടതിയിലാണ് നടക്കേണ്ടതെന്നും മുരളീധരൻ പറഞ്ഞു. പാര്‍ട്ടി ജനപ്രതിനിധികളാണെങ്കില്‍ പാര്‍ട്ടി നയം അനുസരിക്കണം. അല്ലാത്തവര്‍ ബിജെപിയിലേക്ക് പോവണം. താനൊക്കെ പണ്ട് പാര്‍ട്ടിക്ക് പുറത്ത് പോയി മടുത്തിട്ട് തിരിച്ച് വന്നവരാണ്. തന്നെ ആരും പഠിപ്പിക്കാന്‍ വരേണ്ടെന്നാണ് ശശി തരൂര്‍ പറഞ്ഞത്. പക്ഷെ ജനങ്ങള്‍ പഠിപ്പിച്ചോളുമെന്നും മുരളി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.