തൊടുപുഴ: മണ്ണിന്റെ മനുഷ്യരുടെ അവകാശങ്ങള്‍ക്കു വേണ്ടി പതിറ്റാണ്ടുകളോളം പോരാടിയെന്ന് കുടിയേറ്റക്കാർ വാഴ്ത്തുന്ന ഇടുക്കി ബിഷപ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ ബിഷപ് എമരിറ്റസ് പദവിയിലേക്ക്. കാനോന്‍ നിയമപ്രകാരം 75 വയസ് കഴിഞ്ഞ ബിഷപ്പുമാര്‍ വിരമിക്കണമെന്നതിനാലാണ് ആനിക്കുഴിക്കാട്ടിൽ പദവി ഒഴിയുന്നത്. സെപ്റ്റംബര്‍ 23-ന് 75 വയസ് തികഞ്ഞ മാര്‍ ആനിക്കുഴിക്കാട്ടില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കു വിരമിക്കല്‍ അപേക്ഷ കൈമാറിക്കഴിഞ്ഞു. പുതിയ ബിഷപ്പിനെ നിയമിക്കുന്നതുവരെ മാര്‍ ആനിക്കുഴിക്കാട്ടില്‍ കാവല്‍ ബിഷപ്പായി പദവിയില്‍ തുടരും.
വിവാദങ്ങളുടെ കളിത്തോഴനായാണ് മാധ്യമങ്ങളില്‍ മാര്‍ ആനിക്കുഴിക്കാട്ടില്‍ നിറഞ്ഞു നില്‍ക്കുന്നതെങ്കിലും ഹൈറേഞ്ച് നിവാസികളെ സംബന്ധിച്ചിടത്തോളം അദ്ദേഹം മണ്ണിന്റെ മക്കള്‍ വാദത്തിന്റെ പിതാവാണ്. കുടിയേറ്റ കര്‍ഷകരുടെ താല്‍പര്യങ്ങള്‍ക്കൊപ്പമാണ് അദ്ദേഹം നിലനിന്നത്. തന്റെ വാക്കുകളും ഇടയലേഖനങ്ങളും വിവാദങ്ങള്‍ക്കു തിരികൊളുത്തുമ്പോഴും പറഞ്ഞതു മാറ്റിപ്പയാനോ എടുത്ത നിലപാടുകള്‍ തിരുത്താനോ അദ്ദേഹം തയാറായില്ല. ഇത് അദ്ദേഹത്തെ ഒരേ സമയം ആരാധകരെയും വിമർശകരെയും സൃഷ്ടിച്ചു. വിവാദങ്ങളുടെ സഹയാത്രികനായതിനാൽ മാധ്യമങ്ങളും ആനിക്കുഴിക്കാട്ടിലിനായി കാതോർത്തു. കേരള രാഷ്ട്രീയത്തിൽ വലിയ ചലനങ്ങളുണ്ടാക്കിയ വിവാദങ്ങളുടെയും വാക്കുകൾ പുറപ്പെട്ടത് ആനിക്കുഴിക്കാട്ടിലിൽ നിന്നായിരുന്നു. പ്രത്യേകിച്ചും കഴിഞ്ഞ കുറച്ചുകാലമായി.
2013-ലെ കസ്തൂരി രംഗന്‍ കാലത്തായിരുന്നു ഇടുക്കിയിലെ സിറ്റിങ് എംപിയും കോണ്‍ഗ്രസ് നേതാവുമായ പിടി തോമസുമായി ബിഷപ്പ് ആനിക്കുഴിക്കാട്ടിൽ കൊമ്പുകോര്‍ത്തത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ കര്‍ഷക വിരുദ്ധമായ ഒന്നുമില്ലെന്ന പിടി തോമസിന്റെ നിലപാടാണ് മാര്‍ ആനിക്കുഴിക്കാട്ടിലിനെ ചൊടിപ്പിച്ചത്. 2014-ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പു വന്നപ്പോള്‍ പിടിയെ മാറ്റണമെന്നു സഭയും ബിഷപ്പും നിലപാടെടുത്തു. ബിഷപ്പിനു പറ്റുമെങ്കില്‍ തന്നെ തോല്‍പ്പിച്ചു കാണിക്കാന്‍ പിടി തോമസ് വെല്ലുവിളിച്ചെങ്കിലും അത്ര ധൈര്യം കോൺഗ്രസും യു ഡി എഫും കാട്ടിയതുമില്ല. പിടി തോമസിനെ മാറ്റി യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡീന്‍ കുര്യാക്കോസിനെയാണ് ഇടുക്കി പിടിക്കാന്‍ കോണ്‍ഗ്രസ് അന്ന് നിയോഗിച്ചത്. എന്നാല്‍ സഭയുടെ ആശിര്‍വാദത്തോടെ ഇടതുപക്ഷത്തിന്രെ പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച ജോയ്‌സ് ജോര്‍ജാണ് ഫലം വന്നപ്പോള്‍ വിജയിച്ചത്. പ്രചാരണത്തിന്റെ ഭാഗമായി വോട്ടു തേടി മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിനെ കാണാന്‍ ബിഷപ്പ് ഹൗസിലെത്തിയ ഡീന്‍ കുര്യാക്കോസിനും ബിഷപ്പിൽ നിന്നും കണക്കിനു കിട്ടി. കോണ്‍ഗ്രസുകാര്‍ വോട്ടു ചോദിക്കാന്‍ മാത്രമാണ് ഇങ്ങോട്ടുവരുന്നതെന്നായിരുന്നു ബിഷപ്പിന്റെ വിമര്‍ശനം. അതായിരുന്ന ആ തിരഞ്ഞെടുപ്പിൽ മണ്ഡലത്തെ വിജയത്തെ നിർണയിച്ച വഴികളിലൊന്ന് വിശ്വസിക്കുന്ന കോൺഗ്രസുകാരും ഇടതുപക്ഷക്കാരും ഇന്നുമുണ്ട് ഈ മണ്ഡലത്തിൽ.
കത്തോലിക്കാ പെണ്‍കുട്ടികളെ ഇതര സമുദായക്കാര്‍ തട്ടിയെടുക്കുകയാണെന്ന മാര്‍ ആനിക്കുഴിക്കാട്ടിലിന്റെ പ്രസ്താവന വന്‍വിവാദമാണ് അഴിച്ചുവിട്ടത്. മറ്റുമതസ്ഥരുമായുള്ള വിവാഹം ശരിയല്ലെന്നും കത്തോലിക്കാ പെണ്‍കുട്ടികളെ ഇതര സമുദായക്കാര്‍ ടാര്‍ജറ്റു ചെയ്യുന്നുവെന്നുമുള്ള പ്രസ്താവനയ്‌ക്കെതിരേ കേസെടുക്കണമെന്നു വരെ അന്ന് ആവശ്യമുയര്‍ന്നിരുന്നു. കഴിഞ്ഞ ഡിസംബറില്‍ പുറത്തിറക്കിയ ഇടയലേഖനത്തിലാണ് അദ്ദേഹം ജനസംഖ്യാ വര്‍ധനയുടെ ആവശ്യകതയെപ്പറ്റി ഊന്നിപ്പറഞ്ഞത്. കൃത്രിമ ജനന നിയന്ത്രണ മാര്‍ഗങ്ങള്‍ തെറ്റാണെന്നു പറഞ്ഞ അദ്ദേഹം ജനസംഖ്യാവര്‍ധന കത്തോലിക്കാ കുടുംബങ്ങളുടെ ബാധ്യതയാണെന്നും ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ഏപ്രിലില്‍ പുറത്തിറക്കിയ ഇടയലേഖനത്തില്‍ അദ്ദേഹം കത്തോലിക്കാ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഡ്രസ് കോഡ് നിശ്ചയിക്കുകയും ചെയ്തു. ദേവാലയത്തിലോ വിശുദ്ധ ഗ്രന്ഥ വായനയ്ക്കായി വചന വേദിയിലോ വരുമ്പോള്‍ പെണ്‍കുട്ടികള്‍ മുട്ടിനു താഴെ ഇറക്കമുള്ള വസ്ത്രം ധരിക്കണമെന്നും ക്രൈസ്തവ സ്ത്രീകള്‍ ദേവാലയത്തില്‍ പോകാനും പ്രാര്‍ഥനകളില്‍ പങ്കെടുക്കാനുമെത്തുമ്പോള്‍ പരമ്പരാഗത രീതിയിലുള്ള വസ്ത്രം മാത്രമേ ധരിക്കാവൂയെന്നും ഇടയലേഖനത്തില്‍ ചൂണ്ടിക്കാട്ടി. മാതാപിതാക്കള്‍ മക്കളുടെ മുന്നില്‍ വച്ച് കത്തോലിക്കാ സഭയേയോ പുരോഹിതരേയോ കന്യാസ്ത്രീകളെയോ വിമര്‍ശിക്കാന്‍ പാടില്ല. ഇത്തരത്തില്‍ വിമര്‍ശിക്കുന്നതു ദൈവവിളി കുട്ടികള്‍ക്കു കിട്ടാതിരിക്കാനിടയാക്കും. വൈദികരുടെയും സന്യസ്തരെയും വിമര്‍ശിക്കുന്നതിനു പകരം അവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കണം. മുതിര്‍ന്നവരോടും സഭയുടെയും സമൂഹത്തിന്റെയും ശുശ്രൂഷാ മേഖലയിലുള്ളവരോടും വിധേയത്വവും ആദരവുമുള്ള രീതിയില്‍ മാത്രം പെരുമാറാന്‍ മാതാപിതാക്കള്‍ മക്കള്‍ക്കു നിര്‍ദേശം നല്‍കണമെന്നും ആ ഇടയലേഖനത്തില്‍ പറഞ്ഞു.
വിവാദങ്ങളുടെ നായകനായി മാറിയപ്പോഴും ഒരിക്കല്‍പ്പോലും അദ്ദേഹം തന്റെ വാക്കുകള്‍ മാറ്റിപ്പറഞ്ഞില്ല. മാര്‍ ആനിക്കുഴിക്കാട്ടിലിന്റെ വാക്കുകള്‍ വിശ്വാസികള്‍ വിലകൊടുത്തിരുന്നത് അദ്ദേഹത്തിന്റെ മണ്ണിന്റെ മക്കള്‍ വാദവും കര്‍ഷകരോടുളള താല്‍പര്യവുമാണ് കാരണമായത്. വിവാദങ്ങളുണ്ടാകുന്പോഴും വിശ്വാസികൾ അദ്ദേഹത്തിനൊപ്പം നിലകൊണ്ടതും അദ്ദേഹത്തിന്രെ ഈ നിലപാട് കൊണ്ടായിരിക്കാം.