കൊച്ചി: ഉള്ളിവില നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി തള്ളി. ഹർജിയിൽ ഇടപെടാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി കോടതി തള്ളിയത്. കോടതി പ്രതികൂല നിലപാടെടുത്തതോടെ എറണാകുളം ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന മനു റോയ് ഹർജി പിൻവലിക്കുകയായിരുന്നു.

ഉള്ളി കേന്ദ്രം ഇറക്കുമതി ചെയ്യുന്നുണ്ടെന്നും വില വർധന വിപണിയിലെ വ്യതിയാനവുമായി ബന്ധപ്പെട്ടതാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഉത്പാദനം കുറയുമ്പോൾ വില കൂടുകയും തിരിച്ചും സംഭവിക്കുന്നത് സ്വാഭാവികമാണന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച്
ചൂണ്ടിക്കാട്ടി. ഉള്ളി ഉത്പാദിപ്പിക്കുന്ന തമിഴ്‌നാട്ടിൽ 180 രൂപയാണ് വില. കേരളത്തിൽ 140 രൂപയ്ക്ക് കിട്ടുന്നുണ്ടല്ലോയെന്നും കോടതി അഭിപ്രായപ്പെട്ടു.

Read Also: സോണിയ ഗാന്ധിയുടെ ജന്മദിനാഘോഷം: ഉള്ളി വിതരണം ചെയ്‌ത് കോണ്‍ഗ്രസ്, വീഡിയോ

ഉള്ളി ഒഴിവാക്കാനാവാത്ത ഭക്ഷണ സാധനമാണെന്നും വില കുത്തനെ ഉയർന്നതോടെ കുടുംബ ബജറ്റ് തകിടം മറിഞ്ഞെന്നും സാധാരണക്കാർ ദുരിതത്തിലായെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. 6 മാസം മുൻപ് 12-18 രൂപ വിലയുണ്ടായിരുന്ന വലിയ ഉള്ളിക്ക് ഇപ്പോൾ 140 രൂപയാണ്. ചെറിയ ഉള്ളിക്ക് 160 രൂപയും വെളുത്തുള്ളിക്ക് 200 രൂപയായും വില ഉയർന്നെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

വില നിയന്ത്രിക്കാൻ ബാധ്യതയുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും വില നിയന്ത്രിക്കാൻ സർക്കാരുകൾക്ക് നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.