കൊച്ചി: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് അച്ഛന്‍ നഷ്ടപ്പെട്ട മകന്റെ തുറന്ന കത്ത്. ഓണാഘോഷത്തിന്റെ തിരക്കിലാണെങ്കിലും വായിക്കണമെന്ന അപേക്ഷയോടെയാണ് കത്ത്. ചെറുപുഴയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച കരാറുകാരൻ ജോസഫ്‌ മുതുപാറക്കുന്നേലിന്റെ മകൻ ഡെൻസ്‌ ജോസഫാണ്‌ മുല്ലപ്പള്ളിക്ക്‌ കത്തയച്ചത്‌.

പ്രാദേശിക കോൺഗ്രസ് നേതാക്കൾക്ക് ജോസഫിന്റെ മരണത്തിൽ പങ്കുണ്ടെന്ന് ആരോപിക്കുന്നതാണ് വിദ്യാർത്ഥിയായ ഡെൻസ് എന്ന അപ്പുക്കുട്ടന്റെ കത്ത്. ലീഡർ കെ.കരുണാകരൻ സ്മാരക ട്രസ്റ്റ് കെട്ടിടത്തിന്റെ കരാറുകാരനായിരുന്നു ജോയ് എന്ന ജോസഫ്.

“പപ്പ നല്ല കോണ്‍ഗ്രസുകാരനായിരുന്നു. എന്നിട്ടും എന്തിനാണ് സാറേ അവര്‍ എന്റെ പപ്പയെ ഇല്ലാതാക്കിയത്? ഞങ്ങള്‍ക്ക് ഇപ്പം ആരും ഇല്ലാതായി” കത്തില്‍ പറയുന്നു. “അവനവന്റെ അധ്വാനത്തിന്റെ വിയർപ്പിന്റെ അംശമില്ലാത്ത ഒരു രൂപപോലും സ്വീകരിക്കരുതെന്ന്‌ വിശ്വസിക്കുന്ന സത്യക്രിസ്‌ത്യാനികളാണ്‌ നമ്മളെന്ന്‌ എന്നും കുരിശുവരയ്‌ക്കുമ്പോൾ പപ്പ പറയുമായിരുന്നു” എന്നും കത്തിൽ ഡെൻസ്‌ കുറിക്കുന്നു.

“സ്വന്തം പാര്‍ട്ടിയായതുകൊണ്ടാണ് പപ്പ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന ലീഡര്‍ കെ.കരുണാകരന്റെ സ്മാരക ട്രസ്റ്റിന്റെ കെട്ടിട നിര്‍മ്മാണത്തിന്റെ കരാര്‍ ഏറ്റെടുത്തത്. കരാര്‍ തുകക്ക് വേണ്ടി കണക്ക് പറഞ്ഞ് വഴക്കിടാനൊന്നും പപ്പ പോകില്ല. എന്നിട്ടും പപ്പയെ ചതിക്കുകയായിരുന്നു. ഇല്ലാതാക്കുകയായിരുന്നു” കത്തില്‍ പറയുന്നു.

വേദനിക്കുന്ന മനുഷ്യര്‍ക്ക് മുന്‍പില്‍ പൊഴിയുന്ന അങ്ങയുടെ കണ്ണീര്‍ സത്യമാണെങ്കില്‍ അങ്ങയുടെ പാര്‍ട്ടി നേതാക്കള്‍ കാരണം അനാഥമാക്കപ്പെട്ട അമ്മയുടെയും സഹോദരങ്ങളുടെയും തന്റെയും കണ്ണീര്‍ കാണണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന് എഴുതിയ കത്തില്‍ പറയുന്നു. പപ്പയുടെ മരണത്തിന് കാരണക്കാരായവരെ നിയമത്തിനു മുന്നില്‍ എത്തിക്കാന്‍ സഹായിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

 

ജോസഫിന്റെ മരണത്തിലേക്ക് നയിച്ച സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ നേരത്തെ മൂന്നംഗ സമിതിക്ക് രൂപം നല്‍കിയതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചിരുന്നു. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ നാരായണന്‍, കെ.പി.അനില്‍കുമാര്‍, കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി.സിദ്ധിഖ് എന്നിവരാണ് ഈ സമിതിയിലെ അംഗങ്ങള്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.