തിരുവനന്തപുരം: കേരളത്തില്‍ യുഡിഎഫ് കാലത്തിലെ കരാര്‍ നിയമനത്തിന്റെ മൂന്നിലൊന്ന് മാത്രമാണ് എല്‍ഡിഎഫ് ഭരണത്തില്‍ നടന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്ത് പി എസ് സിയെ മറികടന്ന് കരാര്‍ നിയമങ്ങള്‍ പെരുകുന്നുവെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് മറുപടിയായിട്ടാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

സംസ്ഥാനത്തെ നിയമനങ്ങളിലെ ആശങ്കകള്‍ ചൂണ്ടിക്കാണിച്ച് ആറ് ചോദ്യങ്ങള്‍ ഉന്നയിച്ച് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു. അതിന് നല്‍കിയ മറുപടിയിലാണ് മുഖ്യമന്ത്രി ആരോപണങ്ങള്‍ നിഷേധിച്ചത്.

Read Also:ചാനൽ അഭിമുഖത്തിലെ വെളിപ്പെടുത്തൽ; സരിത്തിന്റെ അഭിഭാഷകന് ബാർ കൗൺസിൽ നോട്ടീസ്

യുഡിഎഫ് ഭരണകാലത്ത് 2011-12-ല്‍ 31,899 പേര്‍ക്കും 2012-13-ല്‍ 25,136 പേര്‍ക്കും കരാര്‍, ദിവസ വേതന ജീവനക്കാര്‍ക്ക് ജോലി ലഭിച്ചപ്പോള്‍ എല്‍ഡിഎഫ് ഭരിക്കുന്ന 2020-21-ല്‍ 11,674 പേര്‍ക്കാണ് ഇത്തരത്തില്‍ ജോലി ലഭിച്ചതെന്ന് മുഖ്യമന്ത്രി ബജറ്റ് രേഖകള്‍ ഉദ്ധരിച്ച് പറയുന്നു. അതിനാല്‍, എല്‍ഡിഎഫ് ഭരണകാലത്ത് പി എസ് സിയെ നോക്കുകുത്തിയായി അനധികൃത നിയമനങ്ങള്‍ നടത്തിയെന്ന് പറയുന്നതിന് യാതൊരു അടിസ്ഥാനവുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

“2016 ല്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം 2020 ഏപ്രില്‍ 30 വരെ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ വഴി 1,33,132 ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം ലഭിച്ചിട്ടുണ്ട്. മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ നാലുവര്‍ഷം പിന്നിട്ടപ്പോള്‍ 2015 ജൂണ്‍ 4 ന് നിയമസഭയില്‍ അന്നത്തെ മുഖ്യമന്ത്രി പ്രഖ്യാപിച്ചതു പ്രകാരം 1,23,104 പേര്‍ക്കാണ് പി.എസ്.സി നിയമനം നല്‍കിയിട്ടുള്ളത്,” മുഖ്യമന്ത്രി മറുപടിയില്‍ പറഞ്ഞു.

ആരോഗ്യ-സാമൂഹ്യനീതി മേഖലയില്‍ നാളിതുവരെ 5985 തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തിയിട്ടുണ്ട്. നീതിന്യായ വ്യവസ്ഥയുടെ ശാക്തീകരണത്തിന്റെ ഭാഗമായി പുതുതായി 1990 തസ്തികകളില്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ വഴി നിയമനം നടത്തിയിട്ടുണ്ട്. പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ 4933 തസ്തികകള്‍ പുതുതായി സൃഷ്ടിച്ചിട്ടുണ്ട്. പൊതുവിദ്യാഭ്യാസ മേഖലയില്‍ സമഗ്രമായ മാറ്റമാണ് ഉണ്ടായിട്ടുള്ളത്. ഈ രംഗത്ത് ഹയര്‍സെക്കണ്ടറി തലത്തില്‍ മാത്രം 3540 തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ട്.

Read Also: നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; കൊല്ലത്തെ 93 മത്സ്യച്ചന്തകള്‍ അടച്ചിടും

അഭ്യസ്തവിദ്യരായ തൊഴില്‍ അന്വേഷകര്‍ക്ക് യോഗ്യതയ്ക്കനുസരിച്ചുള്ള നിയമനം ഉറപ്പാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്‌പെഷ്യല്‍ റൂളുകള്‍ തയ്യാറാക്കാനും നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുമുള്ള പ്രക്രിയ നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍, ഐ.എം.ജി, ഹൗസിംഗ് കമ്മീഷണറേറ്റ്, കേരള സംസ്ഥാന നിര്‍മ്മിതി കേന്ദ്രം, ന്യൂനപക്ഷ ക്ഷേമ ഡയറക്ട്രേറ്റ്, കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍, യുവജനക്ഷേമ ബോര്‍ഡ്, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയില്‍ സ്‌പെഷ്യല്‍ റൂള്‍ രൂപീകരിക്കാനുള്ള നടപടികള്‍ പുരോഗമിച്ചുവരികയാണ്. കമ്പനി, ബോര്‍ഡ്, കോര്‍പ്പറേഷന്‍ തുടങ്ങിയ 52 സ്ഥാപനങ്ങളില്‍ നിയമനം ഇതിനകം പി.എസ്.സിക്ക് വിടുകയും നിയമന ചട്ടം ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. നിയമന ചട്ടം രൂപീകരിക്കാനും പി.എസ്.സിക്ക് വിടാനുമുള്ള നടപടിക്രമങ്ങള്‍ ഇതുവരെ സ്വീകരിച്ചിട്ടില്ലാത്ത സ്ഥാപനങ്ങളുടെ കാര്യത്തില്‍ അത് സമയബന്ധിതമായി നടപ്പാക്കാനുള്ള നടപടികളും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അഭ്യസ്തവിദ്യരായ ചെറുപ്പക്കാരുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചുള്ള തൊഴില്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ സര്‍വ്വീസിലെ ഒഴിവുകളില്‍ പി.എസ്.സി വഴിയുള്ള നിയമനം ഉറപ്പാക്കുന്നതിനു പുറമെ, കേരളത്തെ ഒരു നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റി ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത് ഈ സര്‍ക്കാരിന്റെ ലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.