കോഴിക്കോട്: ജില്ലയിൽ രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള സംഘർഷം തുടർക്കഥയായ പശ്ചാത്തലത്തിൽ ജില്ലാ കളക്ടർ സർവ്വകക്ഷി യോഗം വിളിച്ചു. തിങ്കളാഴ്ച വൈകിട്ട് കളക്ടറുടെ ചേംബറിലാണ് യോഗം ചേരുക. രാഷ്ട്രീയപാർട്ടികളുടെ പ്രതിനിധികളെയും ജനപ്രതിനിധികളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കോഴിക്കോട് തുടർച്ചയായ രണ്ടാം ദിനവും ഹർത്താൽ ആചരിക്കുകയാണ്.

കോഴിക്കോട് ജില്ലയിൽ ബിഎംഎസ് ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുകയാണ്. ബസ്സുകൾ ഒന്നും സർവ്വീസുകൾ ഒന്നും നടത്തുന്നില്ല. തുടർച്ചയായ സംഘർഷങ്ങളുടെ സാഹചര്യത്തിൽ ഭീതിയിലാണ് ജനങ്ങൾ. തുടർച്ചയായ രണ്ടാം ദിവസമാണ് കോഴിക്കോട് ഹർത്താൽ നടക്കുന്നത്. ബിഎംഎസ് ജില്ല കമ്മിറ്റി ഓഫീസിന് നേരെ ഉണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്നാണ് ബിഎംഎസിന്‍റെ ആരോപണം. രാവിലെ ആറിന് തുടങ്ങിയ ഹര്‍ത്താല്‍ വൈകിട്ട് ആറ് വരെയാണ്. ഹര്‍ത്താലിന് ബിജെപിയുടെ പിന്തുണയുണ്ട്.

അതിനിടെ ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ സജീവന്‍റെ വീടിനു നേരെ കല്ലേറുണ്ടായി. ജനൽ ചില്ലുകൾ തകർന്നു. കോഴിക്കോട് നഗരത്തിലുള്ള സിപിഐഎം ലോക്കൽ കമ്മറ്റി ഓഫീസും തകർത്തിട്ടുണ്ട്. ജില്ലയിൽ കനത്ത പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചിട്ടുള്ളത്. ഇതിനിടെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ നടന്ന ബോംബാക്രമണത്തെ കുറിച്ച് അന്വേഷിക്കാന്‍ പത്തംഗം സംഘത്തെ നിയമിച്ച് ഡിജിപി ഉത്തരവിറക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ