കൊച്ചി: ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ലോക അത്ലറ്റിക് ചാന്പ്യൻഷിപ്പ് ടീമിൽ പിയു ചിത്രയെ ഉള്‍പ്പെടുത്താത സംഭവത്തില്‍ കോടതി അത്ലറ്റിക് ഫെഡറേഷനോട് വിശദീകരണം തേടി. അത്ലറ്റിക് താരം പി.യു.ചിത്ര നൽകിയ കോടതി അലക്ഷ്യ നടപടിയിലാണ് നടപടി.
ജൂലൈ 24ന് ശേഷം സ്റ്റീപ്പിൾ ചേസ് താരം സുധ സിംഗ് പട്ടികയില്‍ ഇടംനേടിയത് എങ്ങനെയെന്നും കോടതി ചോദിച്ചു. ഫെഡറേഷന് മേല്‍ സര്‍ക്കാരിന്റെ മേല്‍നോട്ടം ഉണ്ടാകണമെന്നും കോടതി നിര്‍ദേശിച്ചു. ഇക്കാര്യത്തിൽ ചൊവ്വാഴ്ച ഹർജി പരിഗണിക്കുന്പോൾ വിശദമായ മറുപടി നൽകണമെന്നും അത്ലറ്റിക് ഫെഡറേഷനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.
ചിത്രയെ ടീമിലുള്‍പ്പെടുത്തണമെന്ന ശക്തമായ ആവശ്യമുയര്‍ന്നപ്പോള്‍ സാധിക്കില്ലെന്ന കടുത്ത നിലപാടാണ് ദേശീയ അത്ലറ്റിക് ഫെഡറേഷന് സ്വീകരിച്ചത്. എന്നാല്‍ കായിക മന്ത്രാലയത്തിന്റെ ഇടപെടലും ഹൈക്കോടതിയുടെ ഉത്തരവിനെയും തുടര്‍ന്ന് ദേശീയ ഫെഡറേഷന് ലോക അത്ലറ്റിക് ഫെഡറേഷന് കത്തയച്ചെങ്കിലും ഇത് തളളുകയായിരുന്നു.
ദേശീയ അത്ലറ്റിക് ഫെഡറേഷന്റെ ദുരൂഹ നിലപാടാണ് ചിത്രയ്ക്ക് അവസരം നിഷേധിച്ചത്. ചിത്രയെ ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കായിക മന്ത്രി വിജയ് ഗോലയും ഫെഡറേഷനോട് ഇതിനു നിര്‍ദേശിച്ചു. എന്നാല്‍ സമയം അതിക്രമിച്ചതിനാല്‍ ടീമിലെടുക്കാന്‍ ഇനിയൊരു സാധ്യയതയുമില്ലെന്നാണ് ഫെഡറേഷന് അറിയിച്ചത്.