തിരുവനന്തപുരം: കോവിഡ് സമ്പര്‍ക്കവ്യാപനം കൂടുന്ന സാഹചര്യത്തില്‍ കെഎസ്ആർടിസി ഹ്രസ്വദൂര സര്‍വീസുകളുടെ കാര്യത്തിലും പുനഃരാലോചന വേണ്ടിവരുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്. വരും ദിവസങ്ങളിലെ സ്ഥിതി പരിഗണിച്ചായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയെന്നും മന്ത്രി ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.
ദീര്‍ഘദൂര സര്‍വീസുകള്‍ പുനരാരഭിക്കുന്നത് നീട്ടിവച്ചതായി മന്ത്രി ഇന്നലെ വൈകീട്ട് അറിയിച്ചിരുന്നു
കെഎസ്ആർടിസിയുടെ ഹ്രസ്വദൂര സര്‍വീസുകളും ദീര്‍ഘ ദൂര ബസ് സര്‍വീസുകള്‍ക്ക് സമാനമായ അവസ്ഥയാണ് നേരിടുന്നത്. ദീര്‍ഘ ദൂര ബസ് സര്‍വീസ് നടത്താനുള്ള തീരുമാനം കോവിഡ് സമ്പര്‍ക്ക രോഗ വ്യാപനവും കണ്ടെയ്ൻമെന്റ് സോണുകളുടെ ആധിക്യവും കാരണം സര്‍ക്കാര്‍ പിന്‍വലിച്ചു. ഇപ്പോഴത്തെ കണക്ക് അനുസരിച്ച് സംസ്ഥാനത്ത് 498 കണ്ടൈന്‍മെന്റ് സോണുകളാണുള്ളത്.
യാത്ര റൂട്ടിലെ പലയിടങ്ങളും സ്ഥലങ്ങളെല്ലാം കണ്ടെയ്ൻമെന്റ് സോണുകളില്‍ ആയതിനാല്‍ ബസുകള്‍ക്ക് നിര്‍ത്തി ആളെ കയറ്റാനും ഇറക്കാനും പറ്റാത്ത അവസ്ഥ ഉള്ളതിനാല്‍ കോവിഡ് വിദഗ്ദ്ധ സമിതിയുടെ നിര്‍ദ്ദേശപ്രകാരമാണ് സര്‍വീസ് റദ്ദാക്കാന്‍ തീരുമാനിച്ചത്. ഹ്രസ്വദൂര സര്‍വീസുകളും നേരിടുന്നത് ഇതേ അവസ്ഥയാണെന്ന് മന്ത്രി പറഞ്ഞു.
Read Also: കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ ഉടനില്ല; തീരുമാനം തിരുത്തി
സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടിയതും കണ്ടെയ്ൻമെന്റ് സോണുകളുടെ എണ്ണം വര്‍ധിച്ചതും കൊണ്ടാണ് ദീര്‍ഘ ദൂര സര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള തീരുമാനം റദ്ദാക്കേണ്ടി വന്നതെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന് പറഞ്ഞു. “കൂടിയെന്നത് മാത്രമല്ല നമ്മുടെ എല്ലാ ജില്ലകളിലും പരന്ന് കിടക്കുകയാണ്. ഏതെങ്കിലും ഒരു പ്രത്യേക മേഖലയിലല്ല,” അദ്ദേഹം പറഞ്ഞു.
“രണ്ടാമത്, കണ്ടെയ്ൻമെന്റ് സോണുകളുടെ എണ്ണം 498 ആയി. അതും ഏതാണ്ട് പല മേഖലകളിലായി പരന്ന് കിടക്കുന്നു. കൂടാതെ, എല്ലാ ജില്ലാ ആസ്ഥാനങ്ങളിലേയും പ്രധാനപ്പെട്ട സ്ഥലങ്ങളും കണ്ടെയ്ൻമെന്റ് സോണുകളാണ്. അതിനാല്‍ എവിടേയും ബസ് നിര്‍ത്താനോ ആളെക്കയറ്റാനോ സാധിക്കുകയില്ലെന്ന് കോവിഡ് രോഗ വിദഗ്ദ്ധ സമിതി കണ്ടെത്തി. ആ സാഹചര്യത്തില്‍ സര്‍വീസ് നടത്തുന്നത് കൊണ്ട് ആര്‍ക്കും ഒരു പ്രയോജനവും ഉണ്ടാകില്ല.”
Read Also: 34-ാം ശ്രമത്തില്‍ പത്താം ക്ലാസ് പാസായി 51 വയസ്സുകാരന്, കീറാമുട്ടിയായി നിന്നത് ഇംഗ്ലീഷ്
“കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് സമ്പര്‍ക്ക വ്യാപനം കുറയ്ക്കുന്നതിന് ആളുകള്‍ വീട്ടിലിരിക്കണം. ഇപ്പോള്‍ പ്രോട്ടോക്കോള്‍ ഒന്നു കൂടി കര്‍ശനമാക്കേണ്ട സാഹചര്യം സംജാതമായിട്ടുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണ് ദീര്‍ഘ ദൂര സര്‍വീസുകള്‍ യാത്ര നടത്തേണ്ടതില്ലെന്ന തീരുമാനം വിദഗ്ദ്ധ സമിതി എടുത്തത്,” മന്ത്രി പറഞ്ഞു.
ദീര്‍ഘദൂര സര്‍വീസുകളെ പോലെ ഹ്രസ്വദൂര സര്‍വീസുകളും നിര്‍ത്തേണ്ടി വരുമോയെന്ന് ആരാഞ്ഞപ്പോള്‍, ഹ്രസ്വദൂര സര്‍വീസുകളെ കുറിച്ചും ആലോചിക്കേണ്ടി വരുമെന്ന് മന്ത്രി മറുപടിയായി പറഞ്ഞു.
“തിരുവനന്തപുരത്ത് ഒരു പ്രദേശം മുഴുവന്‍ ലോക്ക്ഡൗണ്‍ ആയി. നമുക്ക് അത് പോലെ ചില പ്രദേശങ്ങള്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ സോണാക്കി മാറ്റേണ്ടി വരും. ബസ് ഓടിച്ചാല്‍ ആ തീരുമാനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്ന തീരുമാനമാണത്. വരും ദിവസങ്ങളിലെ സാഹചര്യം നോക്കിയിട്ട് തീരുമാനിക്കും,” മന്ത്രി പറഞ്ഞു.
“ഡിപ്പോകള്‍ പൂട്ടിയിടേണ്ട അവസ്ഥ വരുന്നുണ്ട്. ജീവനക്കാരില്‍ ഒരാള്‍ക്ക് രോഗം വന്നാല്‍ എല്ലാവരും നിരീക്ഷണത്തില്‍ പോകേണ്ട അവസ്ഥയുണ്ട്. 32 ഓളം ഡിപ്പോകള്‍ പൂട്ടേണ്ടി വന്നിട്ടുണ്ട്. പ്രധാന ഡിപ്പോകളിലൊന്നും പോകാതെ ബസ് ഓടിയിട്ട് കാര്യമില്ലല്ലോ,” കോവിഡ് പ്രതിരോധം ശക്തമാക്കേണ്ട സാഹചര്യമാണെന്നും മന്ത്രി പറഞ്ഞു.