തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ കോവിഡ് ബാധ വർധിക്കുന്ന സാഹചര്യത്തിൽ കണ്ടെയ്ൻമെന്റ് സോണിൽ പൊലീസിന് പൂർണ ചുമതല നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ടെയ്ന്‍മെന്‍റ് സോണ്‍ കണ്ടെത്തി മാര്‍ക്ക് ചെയ്യാന്‍ കലക്ടറെയും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയെയും സഹായിക്കാൻ പൊലീസിനെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി അറിയിച്ചു. ഇക്കാര്യത്തില്‍ ജില്ലാ പൊലീസ് മേധാവിമാര്‍  കലക്ടര്‍മാര്‍ക്ക് ആവശ്യമായ സഹായം നല്‍കും. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് സാഖറെ ഇതിന്‍റെ മേല്‍നോട്ടം വഹിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.

കണ്ടെയ്ന്‍മെന്‍റ് സോണിലെ നിയന്ത്രണങ്ങള്‍ ഫലപ്രദമായി നടപ്പാക്കാന്‍ പൊലീസ് നടപടി കര്‍ശനമാക്കും. ക്വാറന്‍റൈന്‍ ലംഘിച്ച് പുറത്തിറങ്ങുക, ശാരീരിക അകലം പാലിക്കാതിരിക്കുക, സമ്പര്‍ക്കവിലക്ക് ലംഘിക്കുക തുടങ്ങിയ സംഭവങ്ങളും ആവര്‍ത്തിക്കപ്പെടുന്നു. ഇത് രോഗവ്യാപനത്തോത് വര്‍ധിപ്പിക്കുന്നുവെന്നതില്‍ സംശയമില്ല. ഈ സാഹചര്യത്തിൽ ഇത്തരം കാര്യങ്ങളുടെ നിയന്ത്രണത്തിനുള്ള പൂർണ നിയന്ത്രണം പൊലീസിനായിരിക്കും.

അതേസമയം കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ നിശ്ചയിക്കുന്ന രീതിയിലും മാറ്റം. ഏതെങ്കിലുമൊരു പ്രദേശങ്ങളെ അപ്പാടെയായിരിക്കില്ല കണ്ടെയ്ന്‍മെന്‍റ് സോണായി പ്രഖ്യാപിക്കുക. പകരം പ്രൈമറി, സെക്കന്‍ററി കോണ്‍ടാക്ടിലുള്ളവരുടെ വാസസ്ഥലങ്ങള്‍ കണ്ടെത്തി മാപ്പ് തയാറാക്കും. ഇങ്ങനെയുള്ളവര്‍ എവിടെയൊക്കെയാണോ ഉള്ളത് ആ പ്രദേശങ്ങളെ പ്രത്യേകം വേര്‍തിരിച്ച് കണ്ടെയ്മെന്‍റ് സോണാക്കും.

ഇതുവരെ വാർഡ്, ഡിവിഷൻ അടിസ്ഥാനത്തിലായിരുന്നു കണ്ടെയിൻമെന്റ് സോണുകൾ നിശ്ചയിച്ചിരുന്നത്. കണ്ടെയ്ന്‍മെന്‍റ് സോണുകളിലുള്ളവര്‍ക്ക് പുറത്തേക്കോ മറ്റുള്ളവര്‍ക്ക് അകത്തേക്കോ പോകാന്‍ അനുവാദമുണ്ടാകില്ല. അവിടങ്ങളില്‍ അവശ്യ സാധനങ്ങള്‍ വീടുകളില്‍ എത്തിക്കാന്‍ സംവിധാനമുണ്ടാക്കും. കടകളിലൂടെ ഇങ്ങനെ വിതരണം ചെയ്യുന്ന രീതിയാണ് നടപ്പാക്കുക. അതിന് സാധ്യമാകുന്നില്ലെങ്കില്‍ പൊലീസോ വളണ്ടിയര്‍മാരോ സാധനങ്ങള്‍ വീട്ടിലെത്തിക്കും. കണ്ടെയ്ന്‍മെന്‍റ് സോണ്‍ പ്രഖ്യാപനം ഇത്ര ദിവസത്തേക്ക് എന്ന നിലയിലല്ല ഇനിയുണ്ടാവുക. ആ പ്രദേശത്തെ പ്രൈമറി, സെക്കൻഡറി കോണ്‍ടാക്ടുകള്‍ക്ക് രോഗബാധ ഉണ്ടാവുന്നില്ലെന്ന് ഉറപ്പാക്കുന്നതു വരെയാണ് കണ്ടെയ്ന്‍മെന്‍റ് തുടരുക.

കണ്ടെയ്ന്‍മെന്‍റ് സോണിലും പുറത്തും അകലം പാലിക്കല്‍ ഉള്‍പ്പെടെയുള്ള പ്രോട്ടോകോള്‍ നടപ്പാക്കുന്നത് കര്‍ശനമാക്കാന്‍ 24 മണിക്കൂറും പൊലീസ് ശ്രദ്ധയുണ്ടാകും. ആശുപത്രികള്‍, പച്ചക്കറി, മത്സ്യ മാര്‍ക്കറ്റ്, വിവാഹ വീടുകള്‍, മരണവീടുകള്‍, വന്‍കിട കച്ചവട സ്ഥാപനങ്ങള്‍ എന്നിവയില്‍ പൊലീസ് പ്രത്യേക ശ്രദ്ധ പുലര്‍ത്തും.

ക്വാറന്‍റൈനില്‍ കഴിയേണ്ടവര്‍ അവിടെത്തന്നെ കഴിയുമെന്ന് ഉറപ്പുവരുത്തണം. സമ്പര്‍ക്കവിലക്ക് ലംഘിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ടവര്‍ പൊലീസിനെ അറിയിക്കണം. മാര്‍ക്കറ്റുകളിലും മറ്റു പൊതുസ്ഥലങ്ങളിലും ആളുകള്‍ നിശ്ചിത ശാരീരിക അകലം പാലിക്കുന്നുവെന്ന് പൊലീസ് ഉറപ്പുവരുത്തും.

ആളുകളുടെ പ്രൈമറി, സെക്കൻഡറി കോണ്‍ടാക്ടുകള്‍ കണ്ടെത്താനും അങ്ങനെ കണ്ടെത്തുന്നവരെ ആശുപത്രിയിലേക്കോ ക്വാറന്‍റൈന്‍ സെന്‍ററിലേക്കോ മാറ്റാനും പൊലീസ് നേരിട്ട് ഇടപെടും. കോണ്‍ടാക്ട് ട്രേസിങ് നടത്തുന്നതിനും പൊലീസിന്‍റെ സേവനം പൂര്‍ണതോതില്‍ വിനിയോഗിക്കാനാണ് തീരുമാനം. ഇതിനായി ഓരോ പൊലീസ് സ്റ്റേഷനിലും എസ്ഐയുടെ നേതൃത്വത്തില്‍ ഒരു ടീമിനെ നിയോഗിക്കും. പോസിറ്റീവായ ആളുകളുടെ സമ്പര്‍ക്കപ്പട്ടിക നിലവില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരാണ് തയാറാക്കുന്നത്. ഇപ്പോഴത്തെ വ്യാപന സാഹചര്യം പരിഗണിച്ച് ആ ചുമതല പൊലീസിന് നല്‍കുകയാണ്. 24 മണിക്കൂറിനകം പ്രൈമറി, സെക്കൻറി കോണ്‍ടാക്ടുകള്‍ കണ്ടെത്തുകയാണ് വേണ്ടത്.

ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും നല്‍കാനുള്ള സംസ്ഥാനതല പൊലീസ് നോഡല്‍ ഓഫീസറായി എറണാകുളം സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് സാഖറെയെ നിശ്ചയിച്ചു. ഇതിനുപുറമെ ജില്ലാതലത്തിൽ ഈ കാര്യങ്ങളാകെ കൃത്യമായി നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ ജില്ലകളിലെ ഇന്‍സിഡന്‍റ് കമാൻഡര്‍മാരില്‍ ഒരാളായി ജില്ലാ പൊലീസ് മേധാവിയെക്കൂടി ചുമതലപ്പെടുത്തും. നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും ഫലപ്രദമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ എല്ലാ ദിവസവും ജില്ലാ കലക്ടര്‍മാരും ജില്ലാ പൊലീസ് മേധാവിമാരും ഡിഎംഒമാരും യോഗം ചേരും.

വിവിധ ജില്ലകളുടെ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥർ

  • ഡി.ഐ.ജി പി. പ്രകാശ് – തിരുവനന്തപുരം സിറ്റി
  • ഇന്ത്യാ റിസര്‍വ് ബറ്റാലിയന്‍ കമാന്‍റന്‍റ് നവനീത് ശര്‍മ്മ- തിരുവനന്തപുരം റൂറല്‍
  • ഐ.ജി ഹര്‍ഷിത അത്തലൂരി- കൊല്ലം സിറ്റി
  • ഡി.ഐ.ജി സഞ്ജയ് കുമാര്‍ ഗുരുദിന്‍ – പത്തനംതിട്ട, കൊല്ലം റൂറല്‍
  • ഡി.ഐ.ജി കാളിരാജ് മഹേഷ് കുമാര്‍- ആലപ്പുഴ
  • ഡി.ഐ.ജി അനൂപ് കുരുവിള ജോണ്‍- എറണാകുളം റൂറല്‍
  • ഡി.ഐ.ജി നീരജ് കുമാര്‍ ഗുപ്ത- തൃശൂര്‍ സിറ്റി, റൂറല്‍
  • ഡി.ഐ.ജി എസ്. സുരേന്ദ്രന്‍-മലപ്പുറം
  • ഐ.ജി അശോക് യാദവ്- കോഴിക്കോട് സിറ്റി, റൂറല്‍
  • ഡി.ഐ.ജി കെ. സേതുരാമന്‍-കാസര്‍കോട്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.