തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യുകയും വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ ആളുകൾ കേരളത്തിലേക്ക് എത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ ക്വാറന്റൈൻ, കണ്ടെയ്ൻമെന്റ് ചട്ടങ്ങളിൽ സർക്കാർ മാറ്റം വരുത്തുന്നു. സംസ്ഥാനത്തേക്ക് എത്തുന്നവർ അതിന് മുമ്പും ശേഷവും സ്വീകരിക്കേണ്ട നടപടി ക്രമത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ഒപ്പം കണ്ടെയ്ൻമെന്റ് സോൺ വിഞ്ജാപനത്തിലും നിർണയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്

പുതുക്കിയ ക്വാറന്റൈൻ മാർഗരേഖ

 • വീട്ടിൽ നിരീക്ഷണത്തിലുള്ളവർക്ക് ഓരോ കാര്യവും റിപ്പോർട്ട് ചെയ്യാൻ പ്രത്യേകം സംവിധാനം. ഫ്രണ്ട്‌ലൈൻ ട്രീറ്റ്മെന്റ് സൗകര്യവും ആരോഗ്യ വകുപ്പ് ഒരുക്കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിലും പോകാവുന്നതാണ്. വിദഗ്ധ സമിതി നിർദേശപ്രകാരം ക്വാറന്റൈൻ മാർഗരേഖയിൽ മാറ്റം വരുത്തുന്നതായി മുഖ്യമന്ത്രി.
 • വിദേശത്തുനിന്ന് എത്തുന്നവർ പ്രാഥമിക പരിശോധനകൾക്ക് ശേഷം സത്യവാങ്മൂലം എഴുതി വാങ്ങി വീടുകളിൽ ക്വാറന്റൈൻ സൗകര്യങ്ങളുള്ളവർക്ക് അവിടേക്ക് പോകാൻ അനുവദിക്കും. സ്വന്തം വാഹനത്തിലോ ടാക്സിയിലോ പോകാം. തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് ഇത് സംബന്ധിച്ച നിർദേശം നൽകും. നിശ്ചിത സമയത്ത് യാത്രക്കാരൻ വീട്ടിലെത്തിയെന്ന് പൊലീസ് ഉറപ്പ് വരുത്തും.
 • വീട്ടിൽ സൗകര്യങ്ങളുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ്. സുരക്ഷിതമായ ക്വാറന്റൈൻ ഉറപ്പാക്കാൻ വീട്ടുകാർക്ക് ആവശ്യമായ ബോധവൽക്കരണം നടത്തും.
 • നിരീക്ഷണത്തിലുള്ളവർ ക്വാറന്റൈൻ ലംഘിച്ചാൽ നിയമനടപടി സ്വീകരിക്കും.
 • വീട്ടിൽ ക്വാറന്റൈൻ സൗകര്യം ഇല്ലാത്തവർക്ക് സർക്കാർ ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് സ്വന്തം വാഹനത്തിലോ ടാക്സിയിലോ പോകാം.
 • പ്രത്യേകമായി ആവശ്യപ്പെടുന്നവർക്ക് പെയ്ഡ് ക്വാറന്റൈൻ സൗകര്യവും ഒരുക്കി കൊടുക്കും.

മറ്റ് സംസ്ഥാനങ്ങളിൽനിന്ന് എത്തുന്നവർക്കുള്ള പുതിയ മാർഗരേഖ

 • സംസ്ഥാനത്തേക്ക് എത്തുന്നതിന് മുമ്പ് സത്യവാങ്മൂലം നൽകണം.
 • സ്വന്തം വീടോ അനുയോജ്യമായ മറ്റൊരു വീടോ ഇതിനായി തിരഞ്ഞെടുക്കാം.
 • വീട്ടിൽ സൗകര്യമില്ലാത്തവർക്ക് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനോ പെയ്ഡ് ക്വാറന്റൈനോ തിരഞ്ഞെടുക്കാം.
 • സംസ്ഥാനത്ത് പ്രവേശിക്കുന്നതിന് അനുമതി നൽകുന്ന വിവരം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനം, പൊലീസ്, കോവിഡ് കെയർ നോഡൽ ഓഫീസർ, ജില്ല ഭരണകൂടം എന്നിവരെ അറിയിക്കണം.

കണ്ടെയ്ൻമെന്റ് സോൺ നിർണയിക്കുന്നതിലും മാറ്റം

 • എല്ലാ ദിവസവും 12 മണിക്ക് മുന്നോടിയായി കണ്ടെയ്ൻമെന്റ് സോൺ വിഞ്ജാപനം ചെയ്യും.
 • പഞ്ചായത്ത് തലത്തിൽ കണ്ടെയ്ൻമെന്റ് സോൺ വാർഡ് തലത്തിലും കോർപ്പറേഷൻ തലത്തിൽ സബ്‌വാർഡ് തലത്തിലുമായിരിക്കും.
 • ചന്ത, കോളനി, സ്ട്രീറ്റ് എന്നിങ്ങനെ പ്രാദേശിക തലത്തിലും കണ്ടെയ്ൻമെന്റ് സോൺ തീരുമാനിക്കാം.
 • പ്രാദേശിക തലത്തിൽ സമ്പർക്കത്തിലൂടെ ഒരാൾക്ക് രോഗം പടർന്നാലും ഒരു വീട്ടിൽ ക്വറന്റീനിൽ കഴിയുന്ന രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചാലും ഒറു വാർഡിൽ പത്ത് പ്രൈമറി കോണ്ടാക്ടിലുള്ളവർ നിരീക്ഷണത്തിലായൽ. ഒരു വാർഡിൽ സെക്കൻഡറി കോണ്ടാക്ടിലുള്ള 25 പേർ നിരീക്ഷണത്തിലായാൽ, രോഗവ്യാപന സാധ്യത വർധിച്ചാലും കണ്ടെയ്ൻമെന്റ് സോണായി മാറും.
 • ഏഴ് ദിവസത്തേക്കായിരിക്കും തുടക്കത്തിൽ നിശ്ചയിക്കുക. നീട്ടുന്ന കാര്യം ജില്ല കലക്ടറുടെ ശുപാർശപ്രകാരമായിരിക്കും.
 • വാർഡുകളിലെ 50 ശതമാനത്തിലധികം കണ്ടെയ്ൻമെന്റ് സോണുകളുള്ള തദ്ദേശസ്വയംഭരണ സ്ഥാപനം റെഡ് കളർ കോഡന്റ് ലോക്കൽ സെൽഫ് ഗവൺമെന്റാകും.
 • വിദേശത്ത് നിന്നും മറ്റ് സംസ്ഥാനത്ത് നിന്നും വീട്ടിൽ ക്വറന്റീനിൽ കഴിയുന്ന ആർക്കെങ്കിലും കോവിഡ് സ്ഥിരീകരിച്ചാൽ ആ വീടും അതിനോട് ചേർന്നുള്ള നിശ്ചിത സ്ഥലവും കണ്ടെയ്ൻമെന്റ് സോണാകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.