/indian-express-malayalam/media/media_files/uploads/2022/06/Pinarayi-Vijayan-1-1.jpg)
പകര്‍ച്ചപ്പനി പ്രതിരോധത്തിന് കൂട്ടായി രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ പകര്‍ച്ചപ്പനി പ്രതിരോധത്തിന് കൂട്ടായി രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡെങ്കിപ്പനിക്കെതിരേയും എലിപ്പനിക്കെതിരേയും അതീവ ജാഗ്രത വേണമെന്നും മുഖമന്ത്രി പ്രസ്താവനയില്‍ അറിയിച്ചു. ഡെങ്കിപ്പനി വ്യാപനം തടയാന്‍ കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി നടത്തണം. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുന്നതായി തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
ഡങ്കിപനി പ്രതിഷേധത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യത്തില്‍ വ്യക്തിപരമായ ശ്രദ്ധ ചെലുത്തണം. വീട്ടിനകത്തും പുറത്തും വെള്ളം കെട്ടി നിര്‍ത്തരുത്. ചെടിച്ചട്ടികളിലും ഫ്രിഡ്ജിന്റെ ട്രെയിലും മറ്റും വെള്ളം കെട്ടിനില്‍ക്കാന്‍ ഇടവരുത്തരുത്. തോട്ടം മേഖല, നിര്‍മ്മാണ സ്ഥലങ്ങള്‍, ആക്രിക്കടകള്‍, അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങള്‍ എന്നിവ പ്രത്യേകം ശ്രദ്ധിക്കണം.
വരുന്ന ആഴ്ചകളില്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങള്‍ ഡ്രൈ ഡേ ആയി ആചരിക്കണം. വെള്ളിയാഴ്ച സ്‌കൂളുകള്‍, ശനിയാഴ്ച ഓഫീസുകള്‍, ഞായറാഴ്ച വീടുകള്‍ എന്നിങ്ങനെയാണ് ഡ്രൈ ഡേ ആചരിക്കേണ്ടത്. വിടും പരിസരങ്ങളും സ്ഥാപനങ്ങളും വൃത്തിയായി സൂക്ഷിക്കണം. വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും സംഘടനകളുടേയും പിന്തുണയുമുണ്ടാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
വളരെപ്പെട്ടെന്ന് ഗുരുതരമാകുന്ന രോഗമാണ് എലിപ്പനി. അതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം. മണ്ണ്, ചെളി, മലിനജലം എന്നിവയുമായി ഇടപെടുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശ പ്രകാരം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. എല്ലാ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും ഡോക്സിസൈക്ലിന്‍ സൗജന്യമായി ലഭ്യമാമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പകര്‍ച്ചപ്പനി പ്രതിരോധം: ആരോഗ്യമന്ത്രി ഡോക്ടര്‍മാരുടെ സംഘടനകളുടെ യോഗം വിളിച്ചു
പകര്‍ച്ചപ്പനി പ്രതിരോധത്തിന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഡോക്ടര്‍മാരുടെ സംഘടനകളുടെ യോഗം വിളിച്ചു ചേര്‍ത്തു. യോഗത്തില്‍ സംഘടനകള്‍ പൂര്‍ണ സഹകരണം ഉറപ്പ് നല്‍കി. പകര്‍ച്ചപ്പനി പ്രതിരോധത്തിന് കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അതിനായി എല്ലാവരുടേയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നു. സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികള്‍ ചികിത്സാ പ്രോട്ടോകോള്‍ കൃത്യമായി പാലിക്കണം. ഫിസിഷ്യന്‍, പീഡിയാട്രീഷ്യന്‍ തുടങ്ങീ സര്‍ക്കാര്‍, സ്വകാര്യ ഡോക്ടര്‍മാര്‍ക്ക് ആരോഗ്യ വകുപ്പ് പരിശീലനം നല്‍കി വരുന്നു. ഏത് സ്ഥാപനങ്ങളിലേക്ക് റഫര്‍ ചെയ്യണം എന്ന് നിര്‍ദേശവും നല്‍കുന്നുണ്ട്.
ആരോഗ്യ വകുപ്പിന്റെ പ്രതിരോധ കാമ്പയിനില്‍ സ്വകാര്യ ആശുപത്രികളും പങ്കാളികളാകണം. ആശുപത്രികള്‍ രോഗ കേന്ദ്രങ്ങളായി മാറാതിരിക്കാന്‍ എല്ലാവരും ഒരുപോലെ പ്രവര്‍ത്തിക്കണം. പകര്‍ച്ചപ്പനിബാധിതരെ ചികിത്സിക്കാന്‍ കുറച്ച് കിടക്കകളെങ്കിലും പ്രത്യേകമായി മാറ്റിവയ്ക്കണം.
നേരത്തെ രോഗം കണ്ടെത്തി ചികിത്സിക്കാന്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം. തുടര്‍പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടത്തും. സംഘടനകളിലെ അംഗങ്ങളെ സജ്ജമാക്കുന്നതിനും ശരിയായ വിവരങ്ങള്‍ പൊതുജനങ്ങളില്‍ എത്തിക്കുന്നതിനുമുള്ള ബോധവത്ക്കരണത്തില്‍ പങ്കാളികളാകണം. ചികിത്സാ പ്രോട്ടോകോള്‍ നല്‍കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.