തൊടുപുഴ: കൂറ്റന്‍ പാറകള്‍ അടര്‍ന്നു വീഴുന്നതു തുടര്‍ക്കഥയായ മൂന്നാറിലെ പളളിവാസല്‍ മേഖലയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് വന്‍ ദുരന്തങ്ങള്‍ക്കു കാരണമായാക്കാമെന്ന് ഹൈക്കോടതി നിയോഗിച്ച അഡ്വക്കേറ്റ് കമ്മീഷണറുടെ റിപ്പോര്‍ട്ട്.
പളളിവാസല്‍ മേഖലയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ എന്‍ ഒ സി ലഭ്യമാക്കാനുള്ള നടപടി വേണമെന്നാവശ്യപ്പെട്ടു കോടതിയെ സമീപിച്ച ഈ മേഖലയില്‍ നിന്നുള്ള മൂന്നു പേരുടെ ആവശ്യപ്രകാരമാണ് ഹൈക്കോടതി അഭിഭാഷക കമ്മിഷനെ നിയോഗിച്ചത്. ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷണര്‍ അഡ്വക്കേറ്റ് കെ കെ രാജീവ് കോടതിക്കു നല്‍കിയ റിപ്പോര്‍ട്ടിലാണ് പള്ളിവാസല്‍ മേഖലയുടെ പ്രാധാന്യത്തെക്കുറിച്ചു വിശദമായ പരാമര്‍ശങ്ങളുള്ളത്.
പളളിവാസല്‍ മേഖല അതീവ സുരക്ഷാ മേഖലയായി ഒറ്റപ്പെട്ട നിലയില്‍ സംരക്ഷിത പ്രദേശമായി സൂക്ഷിക്കേണ്ട പ്രദേശമാണെന്നു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കെഎസ്ഇബിയുടെ പളളിവാസല്‍ എക്സ്റ്റന്‍ഷന്‍ പദ്ധതിയുടൈ ടണല്‍ പൈപ്പുകള്‍ കടന്നു പോകുന്ന പ്രദേശത്തിനു മുകളിലായാണ് അപേക്ഷകര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുമതി തേടിയിട്ടുള്ളത്. ഈ പ്രദേശത്ത് പൈലിംഗും മൈനിംഗും ഉള്‍പ്പടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ടണല്‍പൈപ്പുകള്‍ക്കു തകരാറുണ്ടാക്കുമെന്നും ഇത് വന്‍ ദുരന്തത്തിനു കാരണമാക്കുമെന്നും റിപ്പോര്‍ട്ടു മുന്നറിയിപ്പു നല്‍കുന്നു.
വീടു നിര്‍മാണത്തിനായാണ് അപേക്ഷകര്‍ എന്‍ഒസി ആവശ്യപ്പെടുന്നതെങ്കിലും വിനോദ സഞ്ചാര മേഖലയായി വളരുന്ന പളളിവാസല്‍ മേഖലയില്‍ വീടു നിര്‍മാണത്തിനേക്കാളുപരിയായി ടൂറിസം സാധ്യതയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യമിടുന്നതെന്നു കരുതേണ്ടിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. തുടര്‍ച്ചയായി പാറകള്‍ അടര്‍ന്നുവീഴുന്ന പ്രദേശമായ പളളിവാസലിനെക്കുറിച്ചു കൂടുതല്‍ വിവരം ലഭിക്കാന്‍ ജിയോളോജിക്കൽ സര്‍വേ ഓഫ് ഇന്ത്യ പോലുള്ള വിദഗ്ധ സംഘത്തെക്കൊണ്ടു പഠനം നടത്തുന്നതു നന്നായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
മൂന്നാറിലെ പളളിവാസല്‍ വില്ലേജില്‍ സ്ഥിതിചെയ്യുന്ന അപകട ഭീഷണിയുളള റിസോര്‍ട്ടുകളുടെ പട്ടിക തയ്യാറാക്കാൻ കഴിഞ്ഞ ദിവസം ജില്ലാ ഭരണകൂടം തീരുമാനമെടുത്തിരുന്നു. ഉരുള്‍പൊട്ടല്‍ സാധ്യത ഏറെയുണ്ടെന്നു കണ്ടെത്തിയ പളളിവാസല്‍ മേഖലയിലെ റിസോര്‍ട്ടുകളുടെ പട്ടിക തയാറാക്കാനാണ് ജില്ലാ കളക്ടര്‍ ജി ആര്‍ ഗോകുല്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്കു നല്‍കിയ നിർദ്ദേശം. ഒക്ടോബര്‍ അഞ്ചിന് കളക്ടറുടെ നേതൃത്വത്തില്‍ ദുരന്ത ജില്ലാ ദുരന്ത നിവാരണ സമിതിയുടെ പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ സമിതിയില്‍ നിന്നുള്ള വിദഗ്‌ധരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. യോഗത്തില്‍ മേഖലയിലെ മണ്ണിടിച്ചില്‍ ഭീഷണിയിലായ കെട്ടിടങ്ങളെക്കുറിച്ചും സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും ചര്‍ച്ച ചെയ്യും. തുടര്‍ന്നു വിദഗ്ധ സംഘം മേഖലയില്‍ പരിശോധന നടത്തുമെന്നാണ് അറിയുന്നത്.