തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണത്തിനായി സിബിഐ സംഘം തിരുവനന്തപുരത്ത് എത്തി. കേസിലെ ഉന്നതതല ഗൂഢാലോചന അന്വേഷിക്കുന്നതിനായി ഡൽഹിയിൽ നിന്നുള്ള സിബിഐ സംഘമാണ് തിരുവനന്തപുരത്ത് എത്തിയത്.
ഐഎസ്ആർഒ ചാരക്കേസിൽ ശാസ്ത്രജ്ഞനായ നമ്പി നാരായണനെ കുടുക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസാണ് സിബിഐ അന്വേഷിക്കുന്നത്. ഗൂഢാലോചനാ കേസിൽ മുന്‍ ഡിഐജി സിബി മാത്യൂസ്, ഐബി മുൻ ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍ബി ശ്രീകുമാര്‍ എന്നിവരടക്കം 18 പേരെ സിബിഐ പ്രതി ചേര്‍ത്തിരുന്നു.
പരാതിക്കാരനായ നമ്പിനാരായണന്റെ മൊഴി സിബിഐ സംഘം നാളെ രേഖപ്പെടുത്തുമെന്നാണ് വിവരം. അന്വേഷണ സംഘം കേസുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ ശേഖരിക്കുകയും സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തേക്കും.
Read More: ഐഎസ്ആർഒ ചാരക്കേസ്: ഗൂഢാലോചന അന്വേഷിക്കാൻ സിബിഐ; സുപ്രീം കോടതി ഉത്തരവിട്ടു
കേസിൽ പ്രതികളുടെ അറസ്റ്റ് അടക്കമുള്ള നടപടികൾ ഉടനുണ്ടായേക്കാമെന്ന സൂചനകൾ അടുത്തിടെ പുറത്തുവന്നിരുന്നു, അതിനിടെയാണ് സിബിഐ സംഘം കേരളത്തിലെത്തുന്നത്.
അതേസമയം കേസിൽ മുന്‍കൂര്‍ ജാമ്യം തേടി ഒന്നാം പ്രതി എസ് വിജയൻ, രണ്ടാം പ്രതി തമ്പി എസ് ദുർഗ്ഗാദത്ത് എന്നിവർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കേസിൽ ഗൂഡാലോചന അടക്കമുള്ള കുറ്റം ചുമത്തി സിബിഐ കേസെടുത്തതിനെ തുടർന്നാണ് ഉദ്യോഗസ്ഥർ കോടതിയെ സമീപിച്ചത്. അന്വേഷണത്തിൻ്റെ പൊലിസ് സ്വീകരിക്കേണ്ട നടപടികൾ മാത്രമാണ് തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായതെന്നും കേസിലെ നാലാം പ്രതിക്ക് ജാമ്യം ലഭിച്ചെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.
94ൽ നടന്ന സംഭവത്തിൽ പലരേയും ചോദ്യം ചെയ്തന്നും മറിയം റഷീദയും ഫൗസിയ ഹസനും അടക്കമുള്ള പ്രതികൾ കോടതിയിൽ തങ്ങൾക്കെതിരെ മൊഴി നൽകിയിട്ടില്ലന്നും തെറ്റായി കേസിൽ പെടുത്തിയിരിക്കുകയാണന്നും ഹർജിയിൽ പറയുന്നു. അന്വേഷണവുമായി സഹകരിക്കുമെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്നും ഹർജിക്കാർ ബോധിപ്പിച്ചു.
മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയതിനെ തുടര്‍ന്ന് സിബി മാത്യൂസിന്റേയും, പി എസ് ജയപ്രകാശിന്റേയും അറസ്റ്റ് താല്‍ക്കാലികമായി കോടതി തടഞ്ഞിരുന്നു.
ഗൂഢാലോചന കേസിൽ അന്വേഷണത്തിന് ഈ വർഷം ഏപ്രിലിൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ജയിന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടായി കണക്കാക്കാമെന്നും കോടതി പറഞ്ഞിരുന്നു. അടുത്ത മൂന്ന് മാസത്തിനകം സിബിഐ അന്വേഷണം നടത്തി റിപ്പോർട്ട് സമര്‍പ്പിക്കണമെന്നും അന്ന് കോടതി ഉത്തരവിട്ടിരുന്നു.