scorecardresearch

തലശേരി ഇരട്ടക്കൊലപാതകത്തിന് പിന്നില്‍ ഗൂഢാലോചന? പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ഒളിവില്‍ പോയിരുന്ന മുഖ്യപ്രതി പാറായി ബാബുവിനെ ഇന്നലെ പൊലീസ് പിടികൂടിയിരുന്നു

തലശേരി ഇരട്ടക്കൊലപാതകത്തിന് പിന്നില്‍ ഗൂഢാലോചന? പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കണ്ണൂര്‍. തലശേരിയില്‍ ലഹരി വില്‍പ്പന ചോദ്യം ചെയ്ത രണ്ടു പേരെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കാന്‍ അന്വേഷണസംഘം. കൊലയ്ക്ക് പിന്നില്‍ കൂടുതല്‍ പേരുടെ ഇടപെടല്‍ ഉണ്ടോയെന്നും അന്വേഷിക്കും. ഇതുവരെ കേസില്‍ അറസ്റ്റിലായ ഏഴ് പേരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.

ഒളിവില്‍ പോയിരുന്ന മുഖ്യപ്രതി പാറായി ബാബുവിനെ ഇന്നലെ പൊലീസ് പിടികൂടിയിരുന്നു. അറസ്റ്റിലായ ഏഴ് പേരില്‍ അഞ്ച് പേര്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്നും രണ്ട് പേരാണ് സഹായം ചെയ്തതെന്നും കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ അജിത് ബാബു അറിയിച്ചിരുന്നു. നിട്ടൂര്‍ സ്വദേശികളായ ഖാലിദ്, ഷമീര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

സംഭവത്തിനു ശേഷം ഒളിവില്‍ പോയ പാറായി ബാബുവിനെ ഇരിട്ടിയില്‍നിന്നാണു പിടികൂടിയത്. ഇയാള്‍ക്ക് രക്ഷപ്പെടാന്‍ സഹായം നല്‍കിയ തലശ്ശേരി സ്വദേശികളായ മൂന്ന് പേര്‍ കസ്റ്റഡിയിലായിരുന്നു. ജാക്‌സണ്‍, ഫര്‍ഹാന്‍, നവീന്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. പ്രതികള്‍ എത്തിയ ഓട്ടോറിക്ഷ പിണറായിയിലെ സന്ദീപ് എന്നയാളുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

ബുധനാഴ്ച വൈകിട്ട് നാല് മണിയോടെ സിറ്റി സെന്ററിന് സമീപമായിരുന്നു സംഭവം. ലഹരി വില്‍പ്പന ചോദ്യം ചെയ്തത് തര്‍ക്കത്തിലേക്ക് നയിക്കുകയായിരുന്നു. നിട്ടൂര്‍ സ്വദേശികളായ ഖാലിദ്, ഷമീര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ബാബുവും ജാക്സണുമാണ് കുത്തിയതെന്ന് ഖാലിദ് തന്റെ മരണമൊഴിയില്‍ പറഞ്ഞിട്ടുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

സിപിഎമ്മിന്റെ നെട്ടൂര്‍ ബ്രാഞ്ച് അംഗമാണ് ഷമീര്‍. ഖാലിദ് തലശേരി സഹകരണ ആശുപത്രിയിലും ഷമീർ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും വച്ചാണ് മരിച്ചത്. ഷമീറിന്റെ സുഹൃത്തായ ഷാനിബിനും സംഘർഷത്തില്‍ കുത്തേറ്റെങ്കിലും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. ഷമീര്‍ നല്‍കിയ മൊഴിയിലും ബാബുവിന്റേും ജാക്സണിന്റേയും പേരുകളാണുള്ളത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Conspiracy behind thalasseri murder police investigation progresses