ജലന്ധർ:  ബിഷപ്പിനെതിരായ ആരോപണം ഗൂഢാലോചനയെന്ന് റിപ്പോർട്ട് തയ്യാറായും, പരാതിക്കാരിയുടെ പടം വാർത്താക്കുറിപ്പിനൊപ്പം നൽകിയും പുതിയ വിവാദത്തിന് വഴിയൊരുക്കി മിഷനറീസ് ഓഫ് ജീസസ്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുളള​ കന്യാസ്ത്രീയുടെ പീഡനാരോപണം ഗൂഢാലോചനയുടെ ഭാഗമാണെന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അധികാരപരിധിയിലുളള മിഷനറീസ് ഓഫ് ജീസസ് ആരോപിച്ചു.

സഭയുമായി ഔദ്യോഗികമായി ബന്ധമില്ലാത്ത നാല് വ്യക്തികളുടെ സഹായത്തോടെയാണ് ഗൂഢാലോചന നടത്തിയതെന്നും മിഷനറീസ് ഓഫ് ജീസസിന്റെ പബ്ലിക് റിലേഷൻസ് ഓഫീസർ സിസ്റ്റർ അമല എം.ജെയുടെ പേരിലുളള​ വാർത്താക്കുറിപ്പിലാണ് അന്വേഷണ റിപ്പോർട്ടിലെ ആരോപണങ്ങൾ ഉന്നയിക്കുന്നത്.

ജലന്ധർ രൂപതാ ബിഷപ്പിനും എംജെ കോൺഗ്രിഗേഷനും എതിരെ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് അവർ തന്നെ നിയോഗിച്ച സമിതി അന്വേഷണം നടത്തിയ പ്രാഥമിക റിപ്പോർട്ടിലാണ് ഈ ആരോപണം.

യുക്തിവാദികളുടെ പിന്തുണയും ചിന്തയും ഈ കന്യാസ്ത്രീകളെ സ്വാധീനിച്ചിരുന്നുവെന്ന് എംജെ കോൺഗ്രിഗേഷന് ബോധ്യപ്പെട്ടിട്ടുണ്ട്. സന്യാസ ജീവിതത്തിന്റെ ഏറ്റവും പരമപ്രധാനമായ “വ്രത നവീകരണം” ഈ കന്യാസ്ത്രീകൾ നടത്തിയിട്ടില്ലെന്ന് റിപ്പോർട്ടിൽ ആരോപിക്കുന്നു. 2014 മുതൽ 2016 വരെയുളള കാലയളവിൽ ബിഷപ്പിനാൽ പീഡിപ്പിക്കപ്പെട്ടു എന്നുളള ആരോപണം അടിസ്ഥാനരഹിതവും വലിയ ഗൂഢാലോചനയുമാണെന്നും ആരോപണം തുടരുന്നു.

ഇതിന് കാരണം 2015 മെയ് മാസം 23 ന് ബിഷപ്പ് പങ്കെടുത്ത വീട് വെഞ്ചരിപ്പ് പരിപാടിയിൽ അധികാരികളിൽ നിന്നും അനുവാദം വാങ്ങി പരാതിക്കാരി പങ്കെടുത്തുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ റിപ്പോർട്ടിന്റെ ഭാഗമായി ഇരയായ കന്യാസ്ത്രീയുടെ പടവും ചേർത്തിട്ടുണ്ട്. പരാതിക്കാരിയുടെ മുഖവും ഐഡന്റിറ്റിയും ഇല്ലാതെ നൽകാത്തപക്ഷം കോൺഗ്രിഗേഷൻ അതിന് ഉത്തരവാദിയായിരിക്കില്ല എന്ന മുന്നറിയിപ്പ് അടിക്കുറിപ്പായി നൽകിയാണ് വാർത്താക്കുറിപ്പ് ഇറക്കിയിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.