scorecardresearch

പാലപ്പൂവൻ ആള് ചില്ലറക്കാരനല്ല, ആയുഷി ആമയെ കണ്ടെത്തിയ കഥ

വംശനാശ ഭീഷണി നേരിടുന്ന ആമഇനമായ ഭീമൻ ആമയെയും അതിന്റെ മുട്ടിയിടൽ ആവാസ വ്യവസ്ഥയെയും കേരളത്തിലെകാസർഗോഡ് കണ്ടെത്തി. ഇന്ത്യയിൽ ആദ്യമായാണ് ഭീമനാമയുടെ മുട്ടയിടൽ കേന്ദ്രം കണ്ടെത്തുന്നത്

Bheeman Aama, Giant Softshell Turtle, Cantor's Giant Softshell Turtle, Ayushi Jain, Pala Poovan, ഭീമൻ ആമ, പയസ്വനി പുഴ, ചന്ദ്രഗിരി പുഴ, endangered turtle species, endangered species, Wildlife Institute of India, KFRI, ie Malayalam, ഐ ഇ മലയാളം

ആമയും മുയലും ഓട്ടമത്സരം നടത്തിയ കെട്ടുകഥ പോലയായിരുന്നില്ല ആമയെത്തെടിയുള്ള ആയുഷി ജെയിൻ എന്ന ഇരുപത്തിനാലുകാരിയുടെ യാത്ര. ഭീമൻ ആമയെത്തേടി ഉത്തർപ്രദേശുകാരി ആയുഷി ജെയിൻ എന്ന ഗവേഷക നടത്തിയ യാത്ര കേരളത്തെ ഒരിക്കൽ കൂടി ലോകത്തെ ജൈവ ഭൂപടത്തിൽ അടയാളപ്പെടുത്തി. കഴിഞ്ഞ ആഴ്ച മുട്ട വിരിഞ്ഞ ആമക്കുഞ്ഞുങ്ങൾ പുഴയിലേക്ക് നീന്തിയിറങ്ങുമ്പോൾ യുവ ഗവേഷകയുടെ അന്വേഷണം  ഫലപ്രാപ്തിയുടെ തീരത്തേക്ക് നീന്തിയടുക്കുകായിരുന്നു. അന്വേഷണവും കണ്ടെത്തലും മാത്രമല്ല, അതിലുപരി ഒരു പ്രദേശത്തെ ബോധവൽക്കരിക്കുകയും കുറേയാളുകളെ വംശനാശം നേരിടുന്ന ആ ജീവി വർഗത്തിന്റെ സംരക്ഷകരമായി മാറ്റുകയും ചെയ്യാൻ ആ ഗവേഷകയ്ക്ക് സാധിച്ചു.

കാസർഗോഡുകാർ പാലപ്പൂവൻ എന്ന വിളിക്കുന്ന ഈ ആമ ഏഷ്യൻ ജയന്റ് സോഫ്റ്റ്ഷെൽ ടർട്ടിൽ അഥവാ കാന്റോർസ് ജയന്റ് സോഫ്റ്റ് ഷെൽ ടർട്ടിൽ (മലയാളത്തിൽ  ഭീമൻ ആമ) എന്നുമാണ് അറിയപ്പെടുന്നത്. കാസർഗോഡുകാരുടെ പാലപ്പൂവൻ ആള് ചില്ലറക്കാരനല്ല. 1972 ലെ ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമത്തിലെ ഒന്നാം ഷെഡ്യൂൾ പ്രകാരം സംരക്ഷണപ്പട്ടികയിലുള്ളതാണ് ഈ ആമ. ഇത് ഐ‌യു‌സി‌എൻ റെഡ് ലിസ്റ്റിലെ വംശനാശഭീഷണി നേരിടുന്ന വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ള ഇനം കൂടെയാണ്. ഈ ആമയുടെ പ്രജനന കേന്ദ്രമാണ് കേരളത്തിൽ ആയുഷി കണ്ടെത്തിയത്. കേരളത്തിൽ കണ്ടെത്തിയെന്ന് മാത്രമല്ല, അതിന് സംരക്ഷിക്കുന്നതിന് പ്രാദേശിക തലത്തിൽ സംരക്ഷണ വലയം സൃഷ്ടിക്കുന്നതിനും ഈ യുവ ഗവേഷകയ്ക്ക് സാധിച്ചു. ലോകത്ത് കംബോഡിയക്ക് ശേഷം കേരളത്തിലാണ് ഈ ആമ മുട്ടയിടുന്ന സ്ഥലം കണ്ടെത്തിയത്. ഇന്ത്യയിൽ ആദ്യമായാണ് ഈ ആമ വർഗം മുട്ടിയടുന്ന സ്ഥലം കണ്ടെത്തിയതെന്ന സവിശേഷതയും ഉണ്ട്.

ആയുഷിയുടെ ആമ അന്വേഷണങ്ങൾ

ആമയോടൊത്ത് ആയുഷി നടക്കാൻ തുടങ്ങിയിട്ട് വർഷം അഞ്ചാകുന്നു. 2016ലാണ് ആമകളിൽ ആയുഷി ആകൃഷ്ടയാകുന്നത്. ഉരഗങ്ങളെയും ഉഭയജീവികളെയും പറ്റി പഠിക്കുന്ന ജന്തുശാസ്ത്രശാഖയായ ഹെർപറ്റോളജി കോഴ്‌സ് പഠിക്കുന്നതിനായി ആയുഷി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐ‌എസ്‌സി) ബെംഗളൂരുവിൽ ചേർന്നു. അവിടത്തെ പഠന കാലമാണ് ആമലോകത്തേക്ക് ആയുഷിക്ക് പുതിയയൊരു വഴി തുറക്കുന്നത്. പഠനത്തിന് ശേഷം ഇന്ത്യയിലുടനീളം ആമകളെ കുറിച്ച്  പഠിക്കുന്നതിനുള്ള പദ്ധതിയിട്ടു. ലക്‌നൗവിലെ ടർട്ടിൽ സർവൈവൽ അലയൻസിൽ പരിശീലനം നടത്തിയ ആയുഷിയുടെ ആമയന്വേഷണം വിശാലമായ അർത്ഥത്തിൽ തുടങ്ങുന്നത് ഇവിടെയാണ്‌.

പോണ്ടിച്ചേരി സർവകലാശാലയിൽ നിന്നും ഇക്കോളജി ആൻഡ് എൻവയോൺമെന്റൽ സയൻസസിൽ ബിരുദാനന്തര ബിരുദം നേടി. 2018ൽ സുവോളജിക്കൽ സൊസൈറ്റി ഓഫ് ലണ്ടന് കീഴിൽ ആഗോളതലത്തിൽ തന്നെ വംശനാശഭീഷണി നേരിടുന്ന (എഡ്ജ്)വയെ കുറിച്ച് പഠിക്കുന്ന സംവിധാനത്തിൽ  ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ടു. ബെംഗളുരൂ ഐ‌ഐ‌എസ്‌സിയിൽ ആയുഷിയുടെ മെന്റ‌ർ ആയിരുന്ന ദീപക് വീരപ്പനാണ് ഭീമൻ ആമയുടെ സംരക്ഷണത്തെക്കുറിച്ച് പഠിക്കാൻ പദ്ധതി സമർപ്പിക്കാനുള്ള നിർദ്ദേശം മുന്നോട്ട് വച്ചത്. ആ നിർദ്ദേശം സ്വീകരിച്ച ആയുഷി മുന്നോട്ട് വച്ച ഗവേഷണ രൂപരേഖയ്ക്ക് അനുമതിയും ഫെല്ലോഷിപ്പും ലഭിച്ചു. അങ്ങനെയാണ് ഈ അപൂർവയിനത്തിനായുള്ള ആയുഷിയുടെ ഗവേഷണം ആരംഭിക്കുന്നത്.

ഭീമൻ ആമയത്തേടിയുള്ള യാത്ര എത്തിയത് കേരളത്തിലാണ്. പത്ത് വർഷം മുമ്പ് 2010ൽ. വളപട്ടണം, കുറ്റ്യാടി പുഴകളിൽ ഈ ആമയെ കണ്ടെത്തിയതായി ഡോ. ജാഫർ പാലോട്ട് റിപ്പോർട്ട് ചെയ്തിരുന്നു. 2019ൽ വർക്കലയിലും ഭീമൻ ആമയെ കണ്ടതായുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അന്വേഷണങ്ങളുടെ ഭാഗമായി കാസർഗോഡ് ജില്ലയിലെ ബോവിക്കാനത്തിന് സമീപമാണ് ആയുഷി എത്തിച്ചേർന്നത്. പയസ്വനി പുഴ ചന്ദ്രഗിരി പുഴയായി മാറുന്ന പ്രദേശങ്ങളായിരുന്നു ആയുഷി അന്വേഷണത്തിനായി തിരഞ്ഞെടുത്തത്.

2019ലാണ് ആയുഷി കാസർഗോഡ് എത്തുന്നത്. അവിടെ താമസം തുടങ്ങി ഇരുന്നൂറിലേറെ ആളുകളുമായി സംസാരിച്ചു. അവരുടെ ഒരു ഗ്രൂപ്പ് ഉണ്ടാക്കി. ഇതിനിടയിലാണ് ആമയെ കുറിച്ചുള്ള പ്രാഥമിക വിവരങ്ങൾ ആയുഷിയെ തേടിയെത്തുന്നത്.

കഴിഞ്ഞ 45 വർഷത്തിനിടയിൽ ഇന്ത്യയിൽ ഈ ആമയെ കുറിച്ച് അധികം രേഖകളില്ല. ശാസ്ത്രീയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ രാജ്യത്ത് 10 വ്യക്തിഗത സംഭവങ്ങൾ മാത്രമാണ് ഈ ആമയെ കണ്ടതുമായി ഇതിന് മുമ്പ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ മലയാളിയായ ജാഫർ പാലോട് എന്ന സുവോളജിസ്റ്റാണ് ഭീമൻ ആമയെ കണ്ടതായി ഏറ്റവും അവസാനം റിപ്പോർട്ട് ചെയ്തത്.

ചെമ്മനാട് പഞ്ചായത്ത് അതിർത്തി കടന്ന കാസർഗോഡ് നഗരപ്രദേശത്തേക്ക് ചന്ദ്രഗിരി പുഴയെന്നും അതുവരെ പയസ്വനി പുഴയെന്നും അറിയപ്പെടുന്ന പുഴയായിരുന്നു ആയുഷിയുടെ അന്വേഷണ തട്ടകം. ശുദ്ധജലത്തിൽ വളരുന്ന ഭീമൻ ആമയുടെ ലക്ഷണങ്ങൾ പറയുമ്പോൾ പയസ്വനി പുഴയുടെ തീരത്തുള്ള പലർക്കും ആ ആമയെ കണ്ടറിയാം. പാലപ്പൂവൻ ആണോ എന്ന സംശയമൊക്കെ ചിലർ പങ്ക് വച്ചു. അതോടെ ഗവേഷകയുടെ ബുദ്ധികൂർമ്മത്തിനായി അവിടെ തന്നെ തിരഞ്ഞു തുടങ്ങി.  പയസ്വനി/ ചന്ദ്രഗിരി പുഴയിൽ ആ ആമയുണ്ടെന്ന നിഗമനത്തിലേക്ക് തന്നെ ആയുഷി എത്തി.

2019 മെയ് മാസത്തിൽ ചന്ദ്രഗിരി പുഴുയിലെ പാണ്ടിക്കണ്ട് ഭാഗത്തുള്ള ചെക്ക് ഡാമിന് സമീപത്ത് മീൻ ചത്തു പൊങ്ങുന്നതായി കണ്ട് കേരള വനഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് ( കെ എഫ് ആർ ഐ) ഇതേ കുറിച്ച് പഠിക്കാൻ തുടങ്ങി. ആയുഷി അവരോടൊപ്പം ചേർന്നു. ആ പഠനത്തിനിടിൽ ആമയുടെ ഒരു മിന്നായ കാഴ്ച അവരുടെ കണ്ണിൽപെട്ടു. ആമയുടെ മൂഖഭാഗം വെള്ളത്തിൽ പൊങ്ങി അതേ വേഗത്തിൽ തന്നെ മുങ്ങുകയും ചെയ്തു. അവിടെ കണ്ട അസാധാരണ വലിപ്പമുള്ള ആമയുടെ ചിത്രങ്ങളും പ്രാദേശിക പത്രപ്രവർത്തകനായ ബാലകൃഷ്ണൻ 2015 ൽ എടുത്ത ചിത്രങ്ങളും ആയുഷി ഒത്തു നോക്കി. അതില്‍ തീർച്ചയായും താൻ അന്വേഷിക്കുന്ന ആമകളുണ്ടാകുമെന്ന് ആയുഷി ഊഹിച്ചു.

ഭീമൻ  ആമ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെയാണ്. ഒരു മീറ്ററിൽ കൂടുതൽ (3 അടിയിൽ കൂടുതൽ) നീളത്തിൽ വളരാനും 100 കിലോഗ്രാമിൽ കൂടുതൽ ഭാരം വരെ ഇവയ്ക്ക് ഉണ്ടാകുമെന്ന് ആയുഷി ജെയിൻ പറയുന്നു.

പിന്നെ ഒരേ സമയം പഠനവും സംരക്ഷണ പ്രവർത്തനലക്ഷ്യവുമായി മുന്നോട്ട് നീങ്ങി. സുവോളജിക്കൽ സൊസൈറ്റി ഓഫ് ലണ്ടൻ, നാഷണൽ ജിയോഗ്രാഫിക് സൊസൈറ്റി, മുഹമ്മദ് ബിൻ സായിദ് സ്പീഷീസ് കൺസർവേഷൻ ഫണ്ട്, എഡ്ജ്, വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നിവയുടെ പിന്തുണയോടെ ഇവയുടെ സംരക്ഷണത്തിനായി പദ്ധതി നടപ്പാക്കി.  മീൻ പിടുത്തിനിടയിലും മറ്റും അബദ്ധവശാൽ കുടുങ്ങുന്ന ആമകളെ രക്ഷപ്പെടുത്താനും പുനരധിവസിപ്പിക്കാനും സുരക്ഷിതമായി പുഴയിലേക്ക് തിരികെ വിടുന്നതിനുമായി പദ്ധതി തയ്യാറാക്കി ആളെ പരിശിലീപ്പിച്ചു. ആമയെ കുറിച്ച് വിവരം നൽകുന്ന പ്രധാന വിവരദായകരുടെയും പരിശീലനം ലഭിച്ച നാട്ടുകാരുടെയും ഒരു കമ്മ്യൂണിറ്റി ശൃംഖല സൃഷ്ടിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കി.

നദിയുടെ ഇരുകരകളിലുമുള്ളവർക്ക്, ഇവിടുത്തെ മീൻപിടുത്തക്കാർക്കും കർഷകർക്കുമൊക്കെ ഈ ആമയെകുറിച്ച് അറിയാമെങ്കിലും അതിനെ സാധാരണഗതിയിൽ പഴയതു പോലെ കാണാൻ ലഭിക്കുന്നില്ലെന്ന് ആദ്യ സർവേയിൽ വ്യക്തമായി. ആളുകളെ ഇതേ കുറിച്ച് ബോധവൽക്കരിക്കാൻ ആയുഷിയുടെ നേതൃത്വത്തിൽ ആമയെ കുറിച്ചുള്ള ലഘുലേഖ, സ്റ്റിക്കർ, ബ്രോഷർ എന്നിവ പുറത്തിറക്കി. ആയുഷിയുടെ കൂടെ സഹായിയായി എത്തി, ഇന്റേണിയായി ജോലി ചെയ്ത് ശ്രീരാഗ് കൃഷ്ണൻ ലഘുലേഖയും ബ്രോഷറുമെല്ലാം മലയാളത്തിലാക്കി അച്ചടിച്ച് ആളുകൾക്കിടയിൽ വിതരണം ചെയ്തു. വനം വകുപ്പ് ഉൾപ്പടെ ഇതിന് ആയുഷിയെ സഹായിച്ചു.

അബ്ദുല്ല കുഞ്ഞിയും ആമയുടെ കാൽപ്പാടുകളും

ആ പ്രവർത്തനങ്ങൾക്കടിയിലാണ് ബോവിക്കാനം ബാവിക്കര മൊട്ടൽ സ്വദേശിയും കർഷകനുമായ അബ്ദുല്ല കുഞ്ഞി എന്ന അമ്പത്തിമൂന്നുകാരൻ ആയുഷിയുടെ ശ്രദ്ധയിൽപ്പെടുന്നത്. അദ്ദേഹത്തിന് ആമയെ കുറിച്ചുള്ള അറിവ് ആയുഷിയെ അദ്ദേഹത്തെ കൂടെ ഗവേഷണത്തിനൊപ്പം കൂട്ടുന്നതിന് പ്രേരിപ്പിച്ചു. കാര്യങ്ങളൊക്കെ മനസിലായപ്പോൾ താനും ആമയെ കുറിച്ചുള്ള അന്വേഷണത്തിൽ കൂടി എന്ന് അബ്ദുല്ലകുഞ്ഞിയും പറയുന്നു.

പയസ്വനി പുഴയുടെ തീരത്ത് ഈ ആമ പണ്ടേയുണ്ട്. ചില സമയങ്ങളിൽ ചൂണ്ടിയലൊക്കെ ഇവ കുരുങ്ങിയിട്ടുള്ള സംഭവങ്ങൾ കേട്ടിട്ടുണ്ട്. ഇവിടുത്തെ മണൽ തിട്ടയിൽ ഇത് മുട്ടയിടാൻ വരുമെന്ന് അറിയാമായിരുന്നു. ഡിസംബർ ജനുവരി മാസങ്ങളിലാണ് ആമ മുട്ടയിടാൻ എത്തുന്നത്, അതിനാൽ ഇതേ കുറിച്ച് ശ്രദ്ധിച്ച് നടക്കാൻ തുടങ്ങി, അങ്ങനെ ഒരു വർഷത്തിലേറെ കഴിഞ്ഞപ്പോഴാണ് ബാവിക്കര ഡാമിന് സമീപം മണൽത്തിട്ടിയിൽ ആമ കയറിയ കാൽപ്പാട് കണ്ടത്. അപ്പോൾ തന്നെ ആയുഷിയെ താൻ അത് അറിയിച്ചുവെന്ന് അബ്ദുല്ലകുഞ്ഞി പറയുന്നു. പാലപ്പൂവൻ അഥവാ ഭീമൻ ആമയുടെ കാൽപ്പാടുകൾ, വാൽപ്പാടകളും തന്നെ അത് എന്ന് ആയുഷി തിരിച്ചറിഞ്ഞു. പിന്നെ ആമയെ കണ്ടു, മുട്ടകൾ കണ്ടു. പക്ഷേ, അപ്പോഴേക്കും ആ മുട്ടുകൾ വെള്ളത്തിനടിയാലാകാൻ തുടങ്ങി. അങ്ങനെ വനം വകുപ്പിനെ അറിയിച്ചു. അവർ വന്നു.

വനം വകുപ്പ് ഉദ്യോഗസ്ഥരുടെ  നിർദേശത്തിൽ ആ ആമമുട്ടകൾ അബ്ദുല്ലകുഞ്ഞി തന്റെ വീട്ടിലേക്ക് മാറ്റി. പയസ്വനി പുഴയുടെ തീരത്ത് കുട്ടിയാനത്ത് നിന്ന് 97 മുട്ടകളാണ് പല തവണയായി കണ്ടെത്തിയത്. ഇതിൽ നല്ലൊരു പങ്ക് മുട്ടകൾ ഡാമിലെ വെള്ളം പൊങ്ങിയതിനാൽ നശിച്ചു പോയി. ഒന്നര മീറ്റർ, രണ്ട് മീറ്റർ പൊക്കത്തിലാണ് മണൽത്തിട്ടയിൽ ഭീമനാമ മുട്ടയിടുന്നത്. എന്നാൽ ഇവിടെ നിർമ്മിച്ച ചെക്ക് ഡാമുകളിലെ വെള്ളം ഉയർന്ന് ഇതിനേക്കാൾ കൂടുതലാകുമ്പോൾ ഈ മുട്ടകൾ വെള്ളത്തിനടയിലാകും. അങ്ങനെയാണ് മുട്ട മാറ്റാൻ വനം വകുപ്പ് നിർദേശിച്ചത്. കോഴിമുട്ടയോളം വലിപ്പമുള്ളവയാണ്  ഈ ആമമുട്ട.

വീട്ടിൽ കൊണ്ടു പോയ മുട്ടകൾ, വട്ടിയിൽ മണൽ നിറച്ച് അതിൽ വിരിയുന്നതിനായി സംരക്ഷിച്ചു. പ്രത്യേകമായി ഇതിനായി മൺകൂനകൾ ഉണ്ടാക്കി. ചൂട് ലഭ്യമാക്കാനായി ഇതിനായി പ്രത്യേകം ബൾബുകൾ ഇട്ടു. മുട്ടയിൽ ഉറമ്പു കയറാതിരിക്കാനായി പ്രത്യേകം പാത്രത്തിൽ വെള്ളം നിറച്ച് അതിന് മുകളിൽ കല്ല് വച്ച് അതിന് മുകളിലാണ് വട്ടിയിൽ മണൽ നിറച്ച് മുട്ട സൂക്ഷിച്ചത്. പുഴയോരത്ത് മണ്ണിൽ മുട്ടയിട്ട സമയത്ത് ചെറിയ ഡാമുകളിൽ വെള്ളം നിറയുമ്പോൾ മുട്ട വെള്ളത്തിനടിയിലാകും അതു കൊണ്ടാണ് മുട്ടമാറ്റിയതെങ്കിലും അത് കാരണം കുറേ മുട്ടകൾ നശിച്ചിരുന്നു. അതിന് പുറമേ മിന്നലേറ്റുതും മുട്ടകൾ നശിച്ചു പോയതിന് കാരണാമാകാം എന്ന് അബ്ദുല്ലകുഞ്ഞി. ബാക്കി മുട്ടകളിൽ ആറെണ്ണം വിരിഞ്ഞു, മൂന്ന് മാസം സമയം കൊണ്ടാണ് മുട്ട വിരിഞ്ഞത്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും ആയുഷിയുടെയും നേതൃത്വത്തിൽ അബ്ദുല്ലക്കുഞ്ഞി അവയെ പുഴയിലേക്ക് കൊണ്ട് വിട്ടു.

മണൽ ഖനനം, അശാസ്ത്രീയമായ അണക്കെട്ട് നിർമ്മാണം, ആമയെ വേട്ടയാടൽ, ഇവയുടെ  മുട്ട ഉപഭോഗം തുടങ്ങിയ വിവിധതരത്തിലുള്ള മനുഷ്യരുടെ ഇടപെടലുകൾ ഈ ജീവിവർഗത്തിന്റെ നിലനിൽപ്പിനെ ഭീഷണിയാണെന്ന് ആയുഷിയും അബ്ദുല്ലകുഞ്ഞിയും പറയുന്നു. ചൂണ്ടയിൽ കുരുങ്ങി കൊല്ലപ്പെട്ടതിനേക്കാൾ കൂടുതൽ ആമകൾ പുഴയിലുണ്ടാക്കിയിട്ടുള്ള രണ്ട് ഡാമുകൾ കാരണം മരിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ നിഗമനം.

പണ്ടും ഈ ആമയെ പറ്റി തങ്ങൾ കണ്ടിട്ടുണ്ട്. ഇത്രയധികം പ്രത്യേകതകളുള്ളതാണെന്ന് അറിയില്ലായിരുന്നു. ആളുകൾ ആമയുടെ പുറത്ത് ചവിട്ടുമ്പോൾ അത് അനങ്ങുകയും ആളുകൾ പാറ അനങ്ങുന്നു എന്ന് ഭയന്നിട്ടുള്ള സംഭവങ്ങളുമൊക്കെ കേട്ടിട്ടുള്ളതും അബ്ദുല്ലക്കുഞ്ഞി ഓർമ്മിച്ചെടുത്തു. ആമയുടെ മേൽതോട് കട്ടിയുള്ളതും അതിന് ചുറ്റുവട്ടം വളരെ മൃദുവുമാണ്. പലപ്പോഴും ഡാമുകളിലെ ചീർപ്പുകളിൽപ്പെട്ടാണ് ഇവയ്ക്ക് പരുക്കേൽക്കുന്നത്. അത് ഈ മൃദുവായ ഭാഗത്താവും മുറിവേൽക്കുക. അത് അധികം വൈകാതെ ചത്തുപോവുകയും ചെയ്യുമെന്ന് അദ്ദേഹം പറയുന്നു.

കേരളത്തിലെ തന്റെ പദ്ധതിയുടെ അടുത്ത ഘട്ടമെന്ന നിലയിൽ, പ്രാദേശിക സമൂഹങ്ങൾക്കായി ബോധവൽക്കരണ ക്യാമ്പുകൾ നടത്താനും ഒടുവിൽ ഭീമൻ ആമയുടെ ദീർഘകാല സംരക്ഷണത്തിനായി അലേർട്ട് നെറ്റ്‌വർക്ക് രൂപീകരിക്കാനാവും എന്ന് ആയുഷി കരുതുന്നു. ഇവയുടെ മുട്ടയിടുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് പരിഹരിക്കുന്നതിനുള്ള പദ്ധതി അടുത്ത ഘട്ടത്തിൽ നടപ്പാക്കുമെന്ന പ്രതീക്ഷിയിലാണ് ആയുഷിയും മറ്റുള്ള സംരക്ഷണ പ്രവർത്തകരും.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Conservation of cantors giant softshell turtle bheeman aama kasargod ayushi jain