കോഴിക്കോട്: നരേന്ദ്ര മോദിയെ പുകഴ്ത്തിയ എ.പി.അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കിയേക്കും. മോദിയെ പുകഴ്ത്തിയ അബ്ദുള്ളക്കുട്ടിയോട് കെപിസിസി കഴിഞ്ഞ ദിവസം വിശദീകരണം തേടിയിരുന്നു. കണ്ണൂര്‍ ഡിസിസിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. നരേന്ദ്ര മോദിയെ പുകഴ്ത്തിയതിനു പുറമേ കോണ്‍ഗ്രസ് നേതാക്കളെ അവഹേളിച്ചതിലും വിശദീകരണം ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, ഇതുവരെ അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസ് നേതൃത്വത്തിന് മറുപടി നല്‍കാന്‍ തയ്യാറായിട്ടില്ല. മനഃപൂര്‍വമാണ് മറുപടി നല്‍കാത്തതെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് അബ്ദുള്ളക്കുട്ടിക്കെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചത്. അബ്ദുളളക്കുട്ടിയുടെ മോദി സ്തുതിക്കെതിരെ കണ്ണൂര്‍ ഡിസിസി യോഗത്തിലും കെപിസിസി യോഗത്തിലും രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്.

മോദിയെ പുകഴ്ത്തിയതിന് കെപിസിസി പ്രസിഡന്റ് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചതായി അബ്ദുളളക്കുട്ടി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, കോണ്‍ഗ്രസ് ഭരണഘടന പ്രകാരം ഇത്തരം നോട്ടീസ് അയയ്ക്കാന്‍ ഭരണഘടനാപരമായി തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിക്കു മാത്രമേ കഴിയൂ എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഇപ്പോഴത്തേത് സമവായ കമ്മിറ്റിയാണെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി.

Read More: ‘മോദി സ്തുതി’; അബ്ദുള്ളക്കുട്ടിയെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് ഉണ്ണിത്താൻ

അബ്ദുളളക്കുട്ടിയെ പുറത്താക്കണമെന്ന കെപിസിസിയുടെ നിര്‍ദേശത്തിന് കോണ്‍ഗ്രസ് ഹൈക്കമാൻഡ് അനുമതി നല്‍കിയതായാണു സൂചന. ഇക്കാര്യം കേരളത്തിലെ നേതൃത്വത്തെ അറിയിച്ചെന്നും കെപിസിസി ഇതുസംബന്ധിച്ച് ഇന്ന് ഔദ്യോഗിക പ്രഖ്യാപനം നടത്തിയേക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

മോദിയെ പ്രശംസിച്ചുള്ള ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദമായതിനു പിന്നാലെ കെ.സുധാകരനെതിരെയും എ.പി.അബ്ദുള്ളക്കുട്ടി രംഗത്തെത്തിയിരുന്നു. കണ്ണൂര്‍ മണ്ഡലത്തില്‍ തനിക്ക് സീറ്റ് നല്‍കാതിരിക്കാന്‍ സുധാകരന്‍ മൂന്നു തവണ ശ്രമിച്ചെന്ന ആരോപണമാണ് അബ്ദുള്ളക്കുട്ടി ഉന്നയിക്കുന്നത്. സീറ്റ് മോഹിച്ചല്ല സിപിഎം വിട്ട് കോണ്‍ഗ്രസില്‍ എത്തിയതെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി.

2009-ല്‍ സുധാകരന്‍ രാജിവച്ച ഒഴിവില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കെ.സുരേന്ദ്രനെ സ്ഥാനാര്‍ഥിയാക്കാനാണ് സുധാകരന്‍ ശ്രമിച്ചത്. എന്നാല്‍ ഹൈക്കമാന്‍ഡ് തന്നെ സ്ഥാനാര്‍ഥിയാക്കുകയായിരുന്നു. 2011-ല്‍ സീറ്റ് സുരേന്ദ്രനു വിട്ടുകൊടുക്കണമെന്നും പകരം പയ്യന്നൂരിലോ, തളിപ്പറമ്പിലോ മല്‍സരിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. എന്നാല്‍ എല്ലാ സിറ്റിങ് എംഎല്‍എമാരെയും മത്സരിപ്പിക്കാന്‍ തീരുമാനിച്ചതിനാല്‍ അത്തവണയും സീറ്റ് ലഭിച്ചു. 2016- ലെ തിരഞ്ഞെടുപ്പില്‍ സിറ്റിങ് സീറ്റില്‍ നിന്ന് മാറി തലശേരിയില്‍ സ്ഥാനാര്‍ഥിയാകേണ്ടി വന്നത് സുധാകരന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ്. ആ തിരഞ്ഞെടുപ്പില്‍ മണ്ഡലം മാറി മത്സരിക്കേണ്ടി വന്ന ഏക സിറ്റിങ് എംഎല്‍എ താനായിരുന്നെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

കണ്ണൂര്‍ ജില്ലയിലെ മൂന്ന് എംപിമാരും 8 എംഎല്‍എമാരും സിപിഎമ്മിലുണ്ടായിരുന്ന കാലത്താണ് കോണ്‍ഗ്രസില്‍ എത്തിയത്. തന്നെ അധികാര മോഹിയെന്നു വിളിക്കുന്നവര്‍ ഈ ചരിത്രം കൂടി മനസിലാക്കണമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.