തിരുവനന്തപുരം: ശബരിമല സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കെതിരെ വിമാനത്താവളത്തില്‍ നടക്കുന്ന പ്രതിഷേധത്തെ അനുകൂലിച്ച് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന്‍. വിശ്വാസികളുടെ പ്രതിഷേധത്തെ അവഗണിക്കാനാകില്ലെന്നും സര്‍ക്കാര്‍ തൃപ്തിയെ തിരികെ അയയ്ക്കണമെന്നും സുധാകരന്‍ പറഞ്ഞു.

തന്റേത് വ്യക്തിപരമായ നിലപാടാണെന്നും സുധാകരന്‍ വ്യക്തമാക്കി. ആക്ടിവിസ്റ്റുകളെ ദര്‍ശനത്തിന് അനുവദിക്കരുതെന്നും ഈ നിലപാട് ഇന്നത്തെ രാഷ്ട്രീയകാര്യസമിതിയില്‍ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിശ്വാസികളുടെ വികാരം ബിജെപി മുതലെടുക്കുന്നുവെന്ന് കെ.സുധാകരന്‍ വ്യക്തമാക്കി. അതേസമയം, താന്‍ യുവതികളെ തടയും എന്ന് പറഞ്ഞിട്ടില്ലെന്നും വിശ്വാസം സംരക്ഷിക്കാന്‍ ഏതറ്റം വരെ പോകും എന്നായിരുന്നു പറഞ്ഞതെന്നും കെ.സുധാകരന്‍ വ്യക്തമാക്കി.

അതേസമയം, തൃപ്തി ദേശായിയെ അനുനയിപ്പിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ പരാജയപ്പെട്ടതായാണ് സൂചനകള്‍. പ്രതിഷേധം കണക്കിലെടുത്ത് മടങ്ങിപ്പോകണമെന്ന് ആലുവ തഹസില്‍ദാര്‍ തൃപ്തിയോട് ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് തൃപ്തി.

തൃപ്തിക്കെതിരായ പ്രതിഷേധം നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന ആശങ്ക ഉണ്ടെന്ന് സിയാല്‍ എംഡി അറിയിച്ചു. പൊലീസുമായി നടത്തിയ ചര്‍ച്ചയിലാണ് സിയാല്‍ ആശങ്ക അറിയിച്ചത്.

ഇന്ന് രാവിലെ നാല് മണിയോടുകൂടിയാണ് ഇന്റിഗോ വിമാനത്തില്‍ തൃപ്തി ദേശായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. ഇതേസമയം തന്നെ പ്രതിഷേധക്കാര്‍ വിമാനത്താവളത്തിന് പുറത്ത് സംഘടിച്ചിരുന്നു. കഴിഞ്ഞ ഒന്പത് മണിക്കൂറായി തൃപ്തി ദേശായി നെടുമ്പാശ്ശേരി വിമാനത്താവളത്തിനകത്ത് തന്നെയാണ്. ശബരിമല ദര്‍ശനത്തിനായി എത്തിയ മറ്റ് ആറ് സ്ത്രീകളും ഇവരോടൊപ്പമുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ