കണ്ണൂർ: മന്ത്രി കടന്നപ്പളളി രാമചന്ദ്രനെ കണ്ണൂരിൽ കോൺഗ്രസ് പ്രവർത്തകർ  കൈയ്യേറ്റം ചെയ്തു. നാലംഗ സംഘമാണ് രാവിലെ നടക്കാനിറങ്ങിയ മന്ത്രിയെ പൊതുസ്ഥലത്ത് വച്ച് അധിക്ഷേപിച്ചത്. മന്ത്രിക്ക് മർദ്ദനമേറ്റെന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

അതേസമയം മന്ത്രിയെ കൈയ്യേറ്റം ചെയ്യാൻ ശ്രമം ഉണ്ടായെന്ന് കണ്ണൂർ ഡിവൈഎസ്‌പി ഐഇ മലയാളത്തോട് പറഞ്ഞു. “അദ്ദേഹം രാവിലെ നടക്കാനിറങ്ങിയതാണെന്നാണ് ഞങ്ങൾക്ക് ലഭിച്ച വിവരം. എകെജി നഗറിൽ വച്ചാണ് ആക്രമണം ഉണ്ടായത്. കോൺഗ്രസ് പ്രവർത്തകരാണ് ഇവരെന്ന് സംശയിക്കുന്നു. അവർ നാല് പേരുണ്ടായിരുന്നു. മന്ത്രിയുടെ ഒപ്പം ഗൺമാൻ മാത്രമേ ഉണ്ടായിരുന്നുളളൂ”, ഡിവൈഎസ്‌പി പറഞ്ഞു.

ഷുഹൈബിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചതെന്നാണ് സംശയിക്കുന്നതെന്ന് ഡിവൈഎസ്പി പറഞ്ഞു. പ്രതികളാരൊക്കെയെന്ന് വ്യക്തമായിട്ടില്ല.

Read More: നിയമസഭാ സമ്മേളനം നാളെ മുതല്‍ ഏപ്രിൽ നാല് വരെ

എന്നാൽ രാവിലെ ഇന്ത്യൻ കോഫി ഹൗസിൽ പ്രഭാതഭക്ഷണം കഴിക്കാൻ പോയതായിരുന്നു മന്ത്രി. നാലിലധികം വരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇവിടെവച്ചാണ് മന്ത്രിയെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. ഈ സമയത്ത് ഗൺമാൻ മാത്രമാണ് മന്ത്രിക്കൊപ്പം ഉണ്ടായത്.

മന്ത്രിക്ക് മർദ്ദനമേറ്റതായി സ്ഥിരീകരണമില്ല. അതേസമയം കൈയ്യേറ്റം ചെയ്തവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മന്ത്രിയുടെ പരാതി ലഭിച്ചതായി പൊലീസ് വ്യക്തമാക്കി. എന്നാൽ പൊതുസ്ഥലത്തുവച്ചാണ് കൈയ്യേറ്റം നടന്നതെന്നത് ജില്ല പൊലീസ് സംഘത്തെ കൂടുതൽ സമ്മർദ്ദത്തിലാക്കി. പ്രതികളെ വേഗത്തിൽ പിടികൂടുമെന്ന് പറഞ്ഞ പൊലീസ് ഇവരാരൊക്കെയെന്ന് വ്യക്തമായിട്ടില്ലെന്നും പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ