മലപ്പുറം: കവളപ്പാറ ദുരന്തത്തിൽ മാതാപിതാക്കളെ നഷ്ടമായ സഹോദരങ്ങളായ എടക്കരയിലെ കാവ്യയ്ക്കും കാർത്തികയ്ക്കും വേണ്ടി നിർമിച്ച വീടിന്റെ താക്കോൽ രാഹുൽ ഗാന്ധി എംപി കൈമാറി. രാഹുല്‍ ഗാന്ധി വാഗ്ദാനം ചെയ്ത വീട് എട്ട് ലക്ഷം രൂപ ചെലവിലാണു നിർമിച്ചത്.
ഇന്ന് മലപ്പുറം കലക്ടറേറ്റിൽ നടന്ന കോവിഡ് അവലോകന യോഗത്തിനുശേഷം നടന്ന ചടങ്ങിലാണ് രാഹുൽ ഗാന്ധി കാവ്യയ്ക്കും കാർത്തികയ്ക്കും വീടിന്റെ താക്കോൽ കൈമാറിയത്.
ജില്ലയിലെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കാവശ്യമായ സഹായം ലഭ്യമാക്കുമെന്ന് രാഹുൽ ഗാന്ധി അവലോകന യോഗത്തിൽ പറഞ്ഞു. ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ചികിത്സാ കാര്യങ്ങളിലും രാഹുൽ ഗാന്ധി തൃപ്തി രേഖപ്പെടുത്തി. ജില്ലയിലെ കോവിഡ് വ്യാപനതോത്, ചികിത്സാ സൗകര്യങ്ങൾ, പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയവ യോഗം ചർച്ച ചെയ്തു.
മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്നു രാവിലെയാണ് രാഹുൽ ഗാന്ധി എത്തിയത്. പതിനൊന്നരയോടെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ രാഹുല്‍ഗാന്ധി, റോഡ് മാര്‍ഗം മലപ്പുറത്തേക്കു പോയി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും യുഡിഎഫ് കൺവീനർ എംഎംഹസനും മറ്റ് കോൺഗ്രസ് നേതാക്കളും ചേർന്നാണ് വിമാനത്താവളത്തിൽ രാഹുലിനെ സ്വീകരിച്ചത്. രാത്രി സർക്കാർ ഗസ്റ്റ് ഹൗസിലായിരിക്കും രാഹുൽ തങ്ങുക.
എട്ട് മാസത്തിനു ശേഷമാണ് സ്വന്തം മണ്ഡലമായ വയനാട്ടിലേക്ക് രാഹുൽ എത്തുന്നത്. ജനുവരിയിലാണ് രാഹുൽ അവസാനമായി വയനാട്ടിലെത്തിയത്. പിന്നീട് കോവിഡ് പ്രതിസന്ധിയുടെ സമയത്ത് വയനാട്ടിലെത്താൻ ആഗ്രഹിച്ചെങ്കിലും സാഹചര്യങ്ങൾ അനുകൂലമല്ലാത്തതുകൊണ്ട് എത്താനായില്ല.
Read More: കോവിഡ് വ്യാപനം കുറയുന്നു; പ്രതീക്ഷയ്ക്കും ജാഗ്രതയ്ക്കും കാരണങ്ങൾ നൽകി വിദഗ്ധർ
വയനാട്ടിൽ തന്റെ ഫണ്ട് ഉപയോഗിച്ച് നിർമിച്ച സ്കൂൾ കെട്ടിടത്തിന്റെ ഓൺലൈൻ ഉദ്ഘാടനത്തിന് അനുമതി നിഷേധിച്ച വിവാദങ്ങൾക്കിടെയാണ് രാഹുൽ കേരളത്തിലെത്തുന്നത്. 20ന് വയനാട് കലക്ടറേറ്റിലെ കോവിഡ് അവലോകന യോഗത്തിൽ പങ്കെടുത്തശേഷം ഗസ്റ്റ് ഹൗസിലേക്ക് മടങ്ങും. 21ന് മാനന്തവാടിയിലെ ജില്ലാ ആശുപത്രി സന്ദർശിച്ച ശേഷം കണ്ണൂർ വിമാനത്താവളത്തിൽനിന്ന് പ്രത്യേക വിമാനത്തിൽ ഡൽഹിയിലേക്ക് മടങ്ങും.