തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി വി.ഡി.സതീശനെ ഹൈക്കമാൻഡ് തീരുമാനിച്ചു. ഹൈക്കമാൻഡ് പ്രതിനിധിയായ മല്ലികാർജുൻ ഖാർഗെയാണ് തീരുമാനം നേതാക്കളെ അറിയിച്ചത്. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പളളി രാമചന്ദ്രൻ എന്നിവരെയാണ് തീരുമാനം അറിയിച്ചത്. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഹൈക്കമാൻഡ് തീരുമാനം മാറ്റത്തിന് വേണ്ടിയെന്നും പാർട്ടിയിലെ പൊതുവികാരം മാറ്റത്തിന് അനുകൂലമെന്നും ഖാർഗെ നേതാക്കളെ അറിയിച്ചു. ഹൈക്കമാൻഡ് തീരുമാനം മുല്ലപ്പളളി രാമചന്ദ്രൻ സ്വാഗതം ചെയ്തു. പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്ത വി.ഡി.സതീശനെ വി.എം.സുധീരൻ അഭിനന്ദിച്ചു. പാർട്ടി താൽപര്യത്തിന് മുൻതൂക്കം ലഭിച്ചെന്നും ഗുണപരമായ സമൂല മാറ്റത്തിന് തുടക്കമാകട്ടെയെന്നും സുധീരൻ പറഞ്ഞു.
Read More: രണ്ടാം തരംഗം: കര്‍വ് എന്നു താഴോട്ടു വരും? ചിത്രം തെളിയാന്‍ ഒരാഴ്ച കൂടി കഴിയുമെന്ന് വിദഗ്ധര്‍
യുവനേതാക്കളായ വി.ടി.ബൽറാം, ഷാഫി പറമ്പിൽ എന്നിവർ സതീശന് അഭിനന്ദനങ്ങൾ നേർന്നു.
പറവൂർ മണ്ഡലത്തിൽനിന്നുളള നിയമസഭാംഗമാണ് സതീശൻ. 21,301 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇത്തവണ ജയിച്ചത്. തുടർച്ചയായി അഞ്ചാം തവണയാണ് പറവൂരിൽനിന്നും ജയിക്കുന്നത്. നിയമത്തിൽ ബിരുദാനന്തര ബിരുദമുണ്ട്. യുവ എംഎല്‍എമാരുടെ ശക്തമായ പിന്തുണയെ തുടര്‍ന്നാണ് വി.ഡി.സതീശനെ പ്രതിപക്ഷ നേതാവാക്കാന്‍ ഹൈക്കമാന്റ് തീരുമാനിച്ചതന്നാണ് സൂചന.
എറണാകുളം ജില്ലയിൽനിന്ന് പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്കെത്തുന്ന രണ്ടാമത്തെ വ്യക്തിയാണ് സതീശൻ. നിയമസഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി, എസ്റ്റിമേറ്റ് കമ്മിറ്റികളുടെ ചെയർമാൻ സ്ഥാനം വഹിച്ചിട്ടുണ്ട്. എഐസിസി സെക്രട്ടറിയായും കെപിസിസി ഉപാധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.