അഞ്ചുവർഷം കൊണ്ട് 5000 കോടി അധികം ലഭിച്ചു, ഇന്ധന നികുതി കുറയ്ക്കണം: വിഡി സതീശൻ

നികുതി കുറയ്ക്കില്ലെന്ന വാശി സർക്കാർ അവസാനിപ്പിക്കണം അല്ലെങ്കിൽ ജനകീയ സമരവുമായി മുന്നോട്ട് പോകുമെന്ന് വി.ഡി.സതീശൻ പറഞ്ഞു

തിരുവനന്തപുരം: ഇന്ധന നികുതി കുറയ്ക്കാത്തതിൽ സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. വില കുറയ്ക്കാത്ത സർക്കാർ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

ഇന്ധനവിൽപ്പനയിലൂടെ അഞ്ചുവർഷത്തിനിടെ 5000 കോടി രൂപയുടെ അധിക വരുമാനം ലഭിച്ച കേരളം നികുതി കുറച്ച് ജനങ്ങളെ സഹായിക്കണമെന്നു പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ നാമമാത്രമായാണ് നികുതി കുറച്ചതെങ്കിലും അതിനനുസൃതമായി മറ്റു സംസ്ഥാനങ്ങൾ ചെയ്തതുപോലെ കേരളവും ചെയ്യണമെന്നു അദ്ദേഹം പറഞ്ഞു.

ഇന്ധനനികുതി കുറയ്ക്കണമെന്നാവശ്യപ്പെട്ട് കെ.ബാബു എംഎൽഎ നൽകിയ അടിയന്തര പ്രമേയ നോട്ടിസിൽ ഇടപെട്ട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. നോട്ടിസ് സ്പീക്കർ തള്ളിയതോടെ പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു.

അതേസമയം, സംസ്ഥാനങ്ങൾക്കു നാമമാത്രമായ പങ്ക് നൽകി നികുതി കൂട്ടിയ കേന്ദ്ര സർക്കാരാണ് നികുതി കുറയ്‌ക്കേണ്ട നിലപാട് ധനമന്ത്രി കെ.എൻ.ബാലഗോപാൽ ആവർത്തിച്ചു. ആറു വർഷമായി സർക്കാർ നികുതി കൂട്ടിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

ഉമ്മൻ‌ ചാണ്ടി സർക്കാർ 13 തവണ നികുതി കൂട്ടിയതായി മന്ത്രി പറഞ്ഞു. ഇന്ധന വില നിയന്ത്രണം കമ്പനികൾക്ക് വിട്ടു നൽകിയത് യുപിഎ സർക്കാരിന്റെ ഭരണകാലത്താണ്. ഇന്ധന നികുതിയിൽ പ്രതിഷേധിച്ച് ഇന്ന് സഭയിലേക്ക് സൈക്കിളിൽ എത്തിയ പ്രതിപക്ഷത്തെ മന്ത്രി പരിഹസിച്ചു. പാർലമെന്റിലേക്ക് സൈക്കിളിൽ പോകാൻ 19 പേരുണ്ടല്ലോ, എന്താണ് പോകാത്തതെന്നായിരുന്നു മന്ത്രിയുടെ ചോദ്യം.

അതേസമയം, ഏറ്റവും കൂടുതൽ നികുതി പിടിക്കുന്ന കേരളം, നികുതി കുറക്കാൻ തയ്യാറാകാതെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് സഭ ബഹിഷ്കരിച്ച ശേഷം പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു. നികുതി കുറയ്ക്കാതെ അധിക വരുമാനമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നികുതി കുറയ്ക്കില്ലെന്ന വാശി സർക്കാർ അവസാനിപ്പിക്കണം അല്ലെങ്കിൽ ജനകീയ സമരവുമായി മുന്നോട്ട് പോകുമെന്ന് വി.ഡി.സതീശൻ പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Congress to protest against kerala govt on petrol diesel tax

Next Story
വിവാഹവുമായി ബന്ധപ്പെട്ട് വ്യക്തിഹത്യ നടത്തിയവർക്കെതിരെ കാവ്യ മാധവൻ പരാതി നൽകിkavya madhavan, kavya dileep
The moderation of comments is automated and not cleared manually by malayalam.indianexpress.com