തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ ബഹുജന പ്രക്ഷോഭവുമായി കോണ്‍ഗ്രസ്. കെപിസിസി ആസ്ഥാനത്ത് ചേര്‍ന്ന ഭാരവാഹികളുടെയും നിര്‍വാഹക സമിതി അംഗങ്ങളുടെയും യോഗത്തിലാണ് തീരുമാനം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണപരാജയങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടുക എന്ന ലക്ഷ്യമാണ് പ്രക്ഷോഭത്തിന് പിന്നില്‍.
മേയ് നാലിന് ഭരണ തകര്‍ച്ചയ്‌ക്കെതിരെ, കേരളത്തെ കാക്കാന്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തി ഒരുലക്ഷം പ്രവര്‍ത്തകരെ അണിനിരത്തി സെക്രട്ടേറിയറ്റ് വളയല്‍ സംഘടിപ്പിക്കാനാണ് കെപിസിസിയുടെ തീരുമാനം. രാവിലെ ഏഴ് മുതല്‍ വെെകുന്നേരം അഞ്ച് മണിവരെയാണ് സെക്രട്ടേറിയറ്റ് വളയല്‍ പ്രതിഷേധം സംഘടിപ്പിക്കുന്നത്.
വിലക്കയറ്റത്തിനെതിരെയും മയക്കുമരുന്ന് മാഫിയക്കെതിരെയും, സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹത്തിനും സ്വജനപക്ഷപാതത്തിനും പിന്‍വാതില്‍ നിയമനങ്ങള്‍ക്കും ക്രമസമാധാന തകര്‍ച്ചയും സെല്‍ഭരണത്തിനും എതിരായുള്ള ജനരോഷം സെക്രട്ടറിയേറ്റ് വളയല്‍ പ്രതിഷേധത്തില്‍ പ്രതിഫലിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.
കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ടി സിദ്ധിഖ് എംഎല്‍എ ചെയര്‍മാനായും കെപിസിസി ജനറല്‍ സെക്രട്ടറി മര്യാപുരം ശ്രീകുമാര്‍ കണ്‍വീനറാക്കിയും സംസ്ഥാന പ്രക്ഷോഭ കമ്മിറ്റിക്ക് കെപിസിസി രൂപം നല്‍കിയിട്ടുണ്ട്. വിവിധ ജില്ലകളെ ഉള്‍പ്പെടുത്തി രൂപികരിച്ച മേഖലാ കമ്മിറ്റികളുടെ കോഡിനേറ്റര്‍മാരായി കെപിസിസി ജനറല്‍ സെക്രട്ടറിമാര്‍ക്ക് ചുമതല നല്‍കി.
കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളുടേത് പിഎം നിയാസിനേയും മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളുടേത് ആര്യാടന്‍ ഷൗക്കത്തിനേയും എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളുടേത് അബ്ദുള്‍ മുത്തലിബിനും ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളുടേത് കെ പി ശ്രീകുമാറിനുമാണ് ചുമതല.