കണ്ണൂര്‍: കണ്ണൂരില്‍ മാടിനെ പരസ്യമായി കശാപ്പ് ചെയ്ത സംഭവത്തില്‍ കണ്ണൂർ പാർലമെന്റ് മണ്ഡലം പ്രസിഡന്റ് റിജില്‍ മാക്കുറ്റിക്ക് സസ്‍പെന്‍ഷന്‍. മാക്കുറ്റിക്കൊപ്പം മറ്റ് രണ്ട് പ്രവര്‍ത്തകരേയും സസ്‍പെന്‍ഡ് ചെയ്തിട്ടുണ്ട്. കാളക്കൂട്ടിയെ പരസ്യമായി കശാപ്പ് ചെയ്ത സംഭവത്തെ അപലപിച്ച് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത് വന്നതിന് പിന്നാലെയാണ് കെപിസിസി നടപടി സ്വീകരിച്ചത്. പരസ്യകശാപ്പിനെ അപലപിക്കുന്നതായി കെപിസിസി പ്രസിഡന്റെ എംഎം ഹസന്‍ വ്യക്തമാക്കി.

കേരളത്തില്‍ കഴിഞ്ഞ ദിവസം നടന്നത് കിരാതവും അംഗീകരിക്കാന്‍ കഴിയാത്ത നടപടിയുമാണെന്നുമാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. തനിക്കും കോണ്‍ഗ്രസ് പാര്‍ട്ടിക്കും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തെ ശക്തമായി അപലപിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ യൂത്ത് കോൺഗ്രസുകാര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. കണ്ണൂർ പാർലമെന്റ് മണ്ഡലം പ്രസിഡന്റ് റിജില്‍ മാക്കുറ്റി ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെയാണ് പൊലീസ് കേസെടുത്തത്. പരസ്യമായി മാടിനെ അറുത്തതിനെതിരെ യുവമോര്‍ച്ചയാണ് പരാതി നല്‍കിയത്. കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തിന് ശേഷമുണ്ടായ ആദ്യ കേസാണിത്.

കന്നുകാലികളെ കശാപ്പ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ ഇറക്കിയ വിജ്ഞാപനത്തിന് പിന്നാലെയായിരുന്നു യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം. ശനിയാഴ്ച വൈകിട്ടു നാലരയോടെ കണ്ണൂർ സിറ്റി ജംക്ഷനിലാണ് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാളക്കുട്ടിയെ കശാപ്പു ചെയ്ത് ഇറച്ചി സൗജന്യമായി നാട്ടുകാർക്കു നൽകി പ്രതിഷേധിച്ചത്. യൂത്ത് കോൺഗ്രസിന്റെ ഈ നീക്കത്തിനെതിരെ കോൺഗ്രസിന്റെ നേതാക്കൾ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.