വാശിയേറിയ കരുനീക്കങ്ങൾക്കൊടുവിൽ കേരളത്തിലെ പ്രതിപക്ഷ നേതാവിനെ മാറ്റി. കഴിഞ്ഞ അഞ്ച് വർഷം പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയെ മാറ്റി വി ഡി സതീശനെ പ്രതിപക്ഷനേതാവാക്കാൻ തീരുമാനിക്കുമ്പോൾ കോൺഗ്രസിനുള്ളിൽ ഒരുപാട് മാറ്റങ്ങൾ നടന്നു കഴിഞ്ഞു. തലമുതിർന്ന നേതാക്കളുടെ പിടിവാശിയും അവരുടെ ഗ്രൂപ്പ് സമവാക്യങ്ങളുടെ അവകാശവാദങ്ങളും തള്ളിക്കളഞ്ഞാണ് ഹൈക്കമാൻഡ് തീരുമാനം എടുത്തത്. എം എൽ എമാരിലും മന്ത്രിമാരിലും സംഭവിച്ചതുപോലെ തലമുറ മാറ്റമാണ് പ്രതിപക്ഷ നേതാവിന്റെ കാര്യത്തിലും സംഭവിക്കുന്നത്. കേരളത്തിലെ നിയമസഭയിൽ ഇരുഭാഗത്തും ഒരു പോലെ തലമുറമാറ്റം പുതിയ പ്രതീക്ഷകളാണ് നൽകുന്നത്.
കേരളത്തിലെ തിരഞ്ഞെടുപ്പിൽ ഏറ്റ കനത്ത തോൽവിക്ക് പിന്നാലെ അഴിച്ചുപണിക്കൊരുങ്ങിയ കോൺഗ്രസിൽ ആദ്യം ഉരുണ്ട തല പ്രതിപക്ഷ നേതാവിന്റേതാണ്. രമേശ് ചെന്നിത്തലയ്ക്ക് പകരം വി ഡി സതീശൻ എത്തുമ്പോൾ കേരളത്തിലെ കോൺഗ്രസിലെ ഒരു ഗ്രൂപ്പ് യുഗത്തിന് കൂടി വഴിമാറ്റം സംഭവിക്കുകയാണ് ഈ തീരുമാനത്തിലൂടെ. പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്നതിലെ താക്കോൽ കൈവശപ്പെടുത്തിയ ഹൈക്കമാൻഡ് ഇനി ലക്ഷ്യമിടുന്നത് കെ പി സിസിയിലെ അഴിച്ചുപണിയായിരിക്കും.
അന്പത്തിയേഴുകാരനായ വി ഡി സതീശൻ പ്രതിപക്ഷ നേതാവാകുമ്പോൾ കഴിഞ്ഞ ഒന്നര ദശകത്തോളമായുള്ള കോൺഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങളിലാണ് മാറ്റം വരുന്നത്. കരുണാകരൻ – ആന്റണി ഗ്രൂപ്പ് കാലം മുതൽ ശക്തനായിരുന്ന ഉമ്മൻ ചാണ്ടിയുടെയും കരുണാകരന് ഒപ്പം നിൽക്കുകയും പിന്നീട് തിരുത്തൽവാദവുമായി അദ്ദേഹത്തിനെതിരാവുകയും ചെയ്ത് രമേശ് ചെന്നിത്തലയും പിന്നീട് ഗ്രൂപ്പ് നേതാക്കളായി. അവരുടെ യോജിച്ച പോരാട്ടത്തിന് മുകളിലൂടെയാണ് ഐ ഗ്രൂപ്പിൽ നിന്നും പുതിയ പ്രതിപക്ഷനേതാവിന്റെ പേര് ഹൈക്കമാൻഡ് ഉയർത്തിയത്.
കേരളത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥികളായി മത്സരിച്ച് ജയിച്ച 21 എം എൽ എ മാരെയും ലോക്‌സഭയിലെ എംപി മാരെയും മറ്റ് മുതിർന്ന നേതാക്കളുമായി നേരത്തെ ഹൈക്കമാൻഡ് നിരീക്ഷകർ സംസാരിച്ചിരുന്നു. ഹൈക്കമാൻഡിൽ നിന്നും എത്തിയ മല്ലികാർജുന ഖാർഗെയും വൈത്തിലിംഗവും നൽകിയ റിപ്പോർട്ടും ഹൈക്കമാൻഡിന്റെ താൽപ്പര്യവും ഒത്തുപോകുന്നതായിരുന്നു.
കേരളത്തിലെ ജനപ്രതിനിധികളോട് ഹൈക്കമാൻഡ് പ്രതിനിധികൾ സംസാരിക്കാനെത്തുന്നതിന് മുമ്പ് തന്നെ ഹൈക്കമാൻഡ് തീരുമാനം വിഡി സതീശന് അനുകൂലമാണെന്നൊരു വിവരം എം എൽ എ മാരുടെയും മറ്റും ചെവികളിലേക്ക് എത്തിയിരുന്നു. ഹൈക്കമാൻഡിൽ സ്വാധീനമുള്ള മുൻ എം പിയുടെ ചരട് വലികളാണ് രമേശ് ചെന്നിത്തലയ്ക്ക് പ്രതിപക്ഷ സ്ഥാനം നഷ്ടമാകാൻ കാരണമെന്ന ഐ ഗ്രൂപ്പിലെയും എ ഗ്രൂപ്പിലെയും ഒരു വിഭാഗം സംശയിക്കുന്നു.
ഹൈക്കമാൻഡ് പ്രതിനിധികൾ ഒറ്റയ്ക്കൊറ്റയ്ക്കാണ് എം എൽ എമാരെ കണ്ടത്. ആ കൂടിക്കാഴ്ചകളുടെ അടിസ്ഥാനത്തിലാണ് വി ഡി സതീശനെ അനുകൂലമായി തീരുമാനം എടുത്തുത്. ഈ കൂടിക്കാഴ്ചകളിൽ ഗ്രൂപ്പുകൾക്കതീതമായി 11 പേർ വി ഡി സതീശനെ പിന്തുണച്ചു. ആറ് പേർ രമേശ് ചെന്നിത്തലയെയും പിന്തുണച്ചു. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ രണ്ട് പേർ രമേശ് ചെന്നിത്തലയുടെ പ്രവർത്തനത്തെ അനുകൂലിച്ചുവെങ്കിലും ഹൈക്കമാൻഡ് എന്ത് തീരുമാനം എടുത്താലും അതിനൊപ്പം നിലകൊള്ളും എന്ന് വ്യക്തമാക്കി. മുതിർന്ന രണ്ട് എം എൽ എ മാർ ഈ രണ്ട് പേരെയും പിന്തുണച്ചില്ല. അവർ പ്രതിപക്ഷ നേതാവാകാൻ തങ്ങൾക്കുള്ള സാധ്യതകളെ കുറിച്ചാണ് സംസാരിച്ചതെന്നുമാണ് ഹൈക്കമാൻഡുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ നൽകുന്ന സൂചന.
അതായത്, എ, ഐ ഗ്രൂപ്പുകളുടെ നേതൃത്വങ്ങളിലുള്ളവരുടെ കരുനീക്കങ്ങളെ മറികടന്നാണ് പുതിയ നേതൃത്വം രൂപം കൊള്ളുന്നത്. ഈ ഗ്രൂപ്പ് സമവാക്യങ്ങളെ മറികടന്ന് പുതിയ ഒന്ന്. അദൃശ്യമായി രൂപം കൊണ്ട പുതിയ ഗ്രൂപ്പ് സമവാക്യമാകാം ഇത് എന്ന് സംശയിക്കുന്നവരുമുണ്ട്. ഹൈക്കമാൻഡിൽ സ്വാധീനം ചെലുത്താനും അതേസമയം കേരളത്തിൽ കരുനീക്കാനും കഴിയുന്ന ഒരു പുതിയ ഗ്രൂപ്പ് സമവാക്യമാണ് കോൺഗ്രസിൽ ഉരുത്തിരിയുന്നത്. നേരത്തെ കരുണാകരൻ, ആന്റണി നേതാക്കളുടെ കാലത്തോടെ അവസാനിച്ചുവെന്ന് കരുതിയ നിലയിലുള്ള ഒന്നാണ് അത്. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവർക്കുള്ളതുപോലെയല്ല. കേരളത്തിൽ തങ്ങളുടെ താൽപര്യത്തിന് അനുസരിച്ച് കരുക്കൾ നീക്കാനും അതിനൊപ്പം ഹൈക്കമാൻഡിനെ നിർത്താനും കരുണാകരനും ആന്റണിക്കും സാധിച്ചിട്ടുണ്ട്. അതേനിലയിലാണ് ഇപ്പോഴത്തെയും കരുനീക്കങ്ങൾ നടന്നത്.
ഉമ്മൻ ചാണ്ടിയിൽ നിന്നും വി ഡി സതീശനിലേക്ക്
തങ്ങളുടെ ഗ്രൂപ്പിലെ ഒമ്പത് എം എൽ എ മാരുടെ പിന്തുണ രമേശ് ചെന്നിത്തലയ്ക്ക് നൽകാൻ എ ഗ്രൂപ്പ് തീരുമാനിച്ചിരുന്നുവെങ്കിലും അത് പൂർണമായി നടപ്പക്കാൻ ആ ഗ്രൂപ്പിന് സാധിച്ചില്ല. ഐ ഗ്രൂപ്പിലെ പിന്തുണ പൂർണ്ണമായി ഉറപ്പാക്കാനും രമേശ് ചെന്നിത്തലയ്ക്ക് സാധിച്ചില്ല. വളരെ നേരത്തെ തന്നെ ഇതിനായി ഡൽഹി കേന്ദ്രീകരിച്ച് നടത്തിയ ശ്രമങ്ങളിൽ രമേശ് ചെന്നിത്തലയുടെ സ്ഥാനം നഷ്ടമാകുകയാണ്. 2016 ലെ തിരഞ്ഞെടുപ്പിൽ തോറ്റപ്പോൾ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ഉമ്മൻ ചാണ്ടി നിയമസഭാകക്ഷി നേതൃസ്ഥാനത്ത് നിന്നും മാറിനിന്നിരുന്നു. എന്നാൽ, ഇത്തവണ അങ്ങനെ ഒരു തീരുമാനം രമേശ് ചെന്നിത്തല സ്വീകരിച്ചിരിരുന്നില്ല. അദ്ദേഹം തന്നെ പ്രതിപക്ഷനേതാവ് സ്ഥാനത്ത് തുടർന്നേക്കും എന്നായിരുന്നു ആദ്യ സൂചനയെങ്കിലും പിന്നീട് കാര്യങ്ങൾ മാറിമറിയുകയായിരുന്നു.
പ്രതിപക്ഷ നേതാവ് എന്ന നിലയിൽ രമേശ് ചെന്നിത്തല ഉയർത്തിക്കൊണ്ട നിരവധി ആരോപണങ്ങൾ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ആദ്യ സർക്കാരിനെ പലതവണ വെട്ടിലാക്കിയിരുന്നു. ബ്രൂവറി വിവാദം മുതൽ അവസാനം ആഴക്കടൽ മത്സ്യബന്ധന വിവാദം വരെയുള്ള വിഷയങ്ങളിൽ സർക്കാർ പ്രതികൂട്ടിലാവുകയും ചെയ്തു. പലപ്പോഴും സർക്കാർ നടപടി തിരുത്തേണ്ടി വന്നു. ഉത്തരവുകൾ പിൻവലിക്കേണ്ടി വന്നു. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ആ അർത്ഥത്തിൽ വലിയ പങ്ക് വഹിച്ചുവെങ്കിലും പാർട്ടിയെയും മുന്നണിയേയും മുന്നോട്ട് നയിച്ച് അധികാരത്തിലെത്താൻ അദ്ദേഹത്തിന്റെ നേതൃത്വത്തിന് ആയില്ല.
കോൺഗ്രസ് ഹൈക്കമാൻഡിനും രാഹുൽ ഗാന്ധിക്കും കേരളത്തിലെ കോൺഗ്രസ് പ്രവർത്തന ശൈലിയെ കുറിച്ചുള്ള അഭിപ്രായം മാറുന്നുവെന്ന സൂചന കൂടെയാണ് ഇത് നൽകുന്നത്. എ ഐ സി സി സെക്രട്ടറി, കെ പിസിസി വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചപ്പോഴുള്ള വി ഡി സതീശന്റെ സംഘടനാ പാടവും രാഹുൽഗാന്ധിക്കും ഹൈക്കമാൻഡിനും ബോധ്യപ്പെട്ടിട്ടുള്ളതാണ്. 2006-11 കാലത്ത് വി എസ് സർക്കാരിൽ ധനമന്ത്രിയായിരുന്ന തോമസ് ഐസക്കുമായി ഏറ്റുമുട്ടിയാണ് വി ഡി സതീശൻ ശ്രദ്ധനേടുന്നത്. ലോട്ടറി വിവാദത്തിൽ ഐസക്കും സതീശനും തമ്മിലുണ്ടായ തർക്കം ഏറെ ജനശ്രദ്ധ നേടിയിരുന്നു. മാത്രമല്ല, അന്ന് സതീശൻ ഉയർത്തി വിഷയങ്ങൾ പലതും ഏറെ ശ്രദ്ധേ നേടി. 2011ൽ യു ഡി എഫ് കയ്യാലപ്പുറത്തെ തേങ്ങ പോലെ ഭരണത്തിലേക്ക് എത്തുന്നതിന് സതീശൻ ഉയർത്തിക്കൊണ്ടുവന്ന വിഷയങ്ങൾ വലിയ പങ്ക് വഹിച്ചു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തും അതിന് മുമ്പും പരിസ്ഥിതി പ്രവർത്തനങ്ങളിൽ സതീശൻ നിർവഹിച്ച പങ്കും ശ്രദ്ധേയമായിരുന്നു.
അഭയം നൽകാൻ അധികാരമില്ലാത്ത ഹൈക്കമാൻഡ്
കേരളത്തിൽ കഴിഞ്ഞ അഞ്ച് വർഷം പ്രതിപക്ഷ നേതാവ് മുന്നോട്ട് കൊണ്ടുവന്ന അഴിമതി വിഷയങ്ങൾ ഗൗരവമുള്ളതായിരിന്നുവെങ്കിലും അദ്ദേഹത്തിന് പുതിയകാലത്തോട് സംവദിക്കാനുള്ള ആശയപരമായ പരിമിതകൾ ഉണ്ടെന്നാണ് കോൺഗ്രസിലെ തന്നെ ഒരു വിഭാഗത്തിനുള്ള വിമർശനം. അതേ പരിമിതിയാണ് കോൺഗ്രസിലെ ഏറ്റവും വലിയ തന്ത്രശാലിയെന്ന് അറിയപ്പെടുന്ന ഉമ്മൻചാണ്ടിയും കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളിയും ഒക്കെ നേരിടുന്നതെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു.
30 വർഷം മുമ്പുള്ള കാലത്താണ് അവർ നിൽക്കുന്നത്, പുതിയ തലമുറ ദിവസം തോറും അപ്ഡേറ്റ് ചെയ്യുന്നു. അവർക്കൊപ്പം ഓടാൻ ഇവർ ഉപയോഗിക്കുന്ന തന്ത്രങ്ങൾ കൊണ്ട് പറ്റില്ല. കാലഹരണപ്പെട്ട തന്ത്രങ്ങൾ കൊണ്ട് പുതിയ തലമുറയെ കൂടെ നിർത്താൻ കഴിയില്ല. അതാണ് 2011, 2016, 2021 എന്നീ മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കേരളത്തിൽ കണ്ടത്. ഈ ചുവരെഴുത്ത് വായിക്കുന്നതിൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയുമൊക്കെ പരാജയപ്പെട്ടു എന്നതാണ് വാസ്തവം എന്ന് അവർ വിമർശിക്കുന്നു. ഇത് മറികടക്കാനുള്ള തന്ത്രങ്ങളാണ് കോൺഗ്രസും പ്രതിപക്ഷനേതാവിനും മുന്നിലുള്ള വെല്ലുവിളി.
2011 ലെ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് എൻ എസ് എസ് ആവശ്യപ്രകാരം താക്കോൽ സ്ഥാനത്ത് എത്തിയതായിരുന്നു രമേശ് ചെന്നിത്തല. ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനെ മാറ്റി കെ. പി സിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തലയെ ആ സ്ഥാനത്തേക്ക് കൊണ്ടുവന്നു. 2016 ലെ തിരഞ്ഞെടുപ്പിൽ യു ഡി എഫ് തോറ്റപ്പോൾ പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തല. 2021 ൽ വീണ്ടും തോൽവി ഏറ്റുവാങ്ങിയ യു ഡി എഫിന്റെ പ്രതിപക്ഷനേതാവ് സ്ഥാനത്ത് നിന്നും രമേശ് ചെന്നിത്തലയെ മാറ്റുകയാണ്.
മുൻകാലങ്ങളിൽ കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് കേരളത്തിൽ സ്ഥാനം പോയാൽ കേന്ദ്രത്തിൽ എന്തെങ്കിലും സ്ഥാനം നൽകാനുള്ള സാധ്യത കോൺഗ്രസിന് ഉണ്ടായിരുന്നു. കെ.കരുണാകരനെയും എ. കെ ആന്റണിയെയും മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റുമ്പോൾ അവരെ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാൻ അവർക്ക് കഴിയുമായിരുന്നു. ഇപ്പോൾ അതുമില്ലാത്ത സാഹചര്യമാണ് കോൺഗ്രസിലെ ഈ നേതാക്കൾ മുന്നിലുള്ളത്. കെ കരുണാകരനെ മുഖ്യമന്ത്രിസ്ഥാനത്ത് നിന്നും മാറ്റുമ്പോഴും എ. കെ ആന്റണിയെ മാറ്റുമ്പോഴും കേന്ദ്രം ഭരിച്ചിരുന്നത് കോൺഗ്രസാണ്. ഇന്ന് ആ സ്ഥിതിയല്ല. അതിനാൽ തന്നെ കേരളത്തിൽ അധികാര സ്ഥാനത്ത് നിന്നും ഒഴിവാക്കപ്പെട്ട നേതാക്കൾക്ക് അഭയം നൽകാൻ ഹൈക്കമാൻഡിന് മുന്നിൽ വഴിയുമില്ല. കേരളത്തിൽ പുതിയ നേതൃത്വത്തിന് കീഴിലായിരിക്കും ഇവർക്ക് പ്രവർത്തിക്കേണ്ടി വരിക.
പ്രതിപക്ഷ നേതാവിനെ മാത്രമല്ല കെ പി സി സി പ്രസിഡന്റിനെയും മാറ്റണമെന്ന അഭിപ്രായം പാർട്ടിക്കുള്ളിൽ ഉയർന്നിട്ടുണ്ട്. രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവായി നിലനിർത്താനും കെ സി ജോസഫിനെ കെ പി സി സി പ്രസിഡന്റാക്കാനുമുള്ള നീക്കം എ വിഭാഗത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായതിനെ കൂടെ തകർത്താണ് സതീശനെ പ്രതിപക്ഷനേതാവാക്കിയ നീക്കം. വരുംദിവസങ്ങളിൽ കൂടുതൽ നടപടികളുമായി കോൺഗ്രസിൽ കാതലായ മാറ്റം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസിലെ യുവതലമുറ.