തൃശൂർ: കോണ്‍ഗ്രസ് വിമതന്‍ എം.കെ. വര്‍ഗീസ് തൃശൂര്‍ കോര്‍പറേഷന്‍ മേയറാകും. ഇടതുമുന്നണി നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്. ആദ്യത്തെ രണ്ടു വര്‍ഷം മേയര്‍ പദവി നല്‍കാമെന്ന് ഇടത് മുന്നണി നേതാക്കള്‍ എം.കെ. വര്‍ഗീസിന് ഉറപ്പുനല്‍കി. മന്ത്രി എ.സി. മൊയ്തീന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത ചർച്ചയിലാണ് തീരുമാനമായതെന്നാണ് റിപ്പോർട്ട്.

എല്‍ഡിഎഫ് ജില്ലാ കമ്മിറ്റിക്ക് ശേഷമായിരിക്കും ധാരണ സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം. വൈകിട്ട് ആറ് മണിക്ക് എല്‍ഡിഎഫ് നേതാക്കൾ മാധ്യമങ്ങളെ കാണും.

പിന്തുണച്ചാല്‍ അഞ്ച് വര്‍ഷവും തന്നെ മേയര്‍ ആക്കണമെന്നായിരുന്നു വര്‍ഗീസ് ആദ്യം ആവശ്യപ്പെട്ടത്. പിന്നീട് രണ്ട് വര്‍ഷമെന്ന ധാരണയിലെത്തിയെങ്കിലും ആദ്യത്തെ മൂന്ന് വര്‍ഷം തന്നെ മേയര്‍ ആക്കണമെന്നാണ് വര്‍ഗീസ് മുന്നോട്ട് വെച്ച ആവശ്യം.

55 അംഗങ്ങളുള്ള തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ 54 ഇടത്താണ് വോട്ടെടുപ്പ് നടന്നത്. സ്വതന്ത്രരടക്കം 24 സീറ്റുകളാണ് ഇടതുമുന്നണിക്ക് ലഭിച്ചത്. യു.ഡി.എഫിന് 23 സീറ്റാണ് ലഭിച്ചത്. ബിജെപിക്ക് ആറ് സീറ്റാണ് ലഭിച്ചത്. ഇതോടെയാണ് വിമതനായി ജയിച്ച എം.കെ വര്‍ഗീസിന്റെ പിന്തുണ നിര്‍ണ്ണായകമായി മാറിയത്.

അതിനിടെ ഭരണം പിടിക്കാന്‍ അഞ്ചു വര്‍ഷം മേയര്‍ പദവി വാഗ്ദാനം ചെയ്ത് വിമതനെ ഒപ്പം കൂട്ടാന്‍ യുഡിഎഫ് നീക്കം നടത്തിയിരുന്നു. എന്നാല്‍ ഇരു മുന്നണികള്‍ക്കും പിന്തുണ തുറന്നു പ്രഖ്യാപിക്കാതെ തന്നെ എല്‍ഡിഎഫിന് പ്രഥമ പരിഗണന നല്‍കുമെന്ന് എംകെ വര്‍ഗീസ് നേരത്തെ അറിയിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.