തിരുവനന്തപുരം: പ്രളയം ദുരിതം വിതച്ച കേരളം സന്ദർശിക്കാനും കോണ്‍ഗ്രസിന്റെ ദുരിതാശ്വസ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യാനും കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഈ മാസം 28ന് കേരളത്തിലെത്തും. കെപിസിസി പ്രസിഡന്റ് എംഎം ഹസൻ വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ദുരിതത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് കോണ്‍ഗ്രസ് നിർമ്മിച്ചു നൽകാൻ ഉദ്ദേശിക്കുന്ന വീടുകളുടെ ഫണ്ട് സമാഹരണ യഞ്ജത്തിന്റെ ഉദ്ഘാടന ചടങ്ങിലാകും രാഹുൽ ആദ്യം പങ്കെടുക്കുക.
ആലപ്പുഴയിലെ ചടങ്ങിന് ശേഷം ഹെലികോപ്റ്റർ മാർഗം കൊച്ചിയിലെത്തുന്ന രാഹുൽ ഗാന്ധി എറണാകുളം ജില്ലയിലെ പ്രധാനപ്പെട്ട ദുരിതാശ്വാസ ക്യാമ്പുകളിൽ സന്ദർശനം നടത്തും. ആലുവയിലെയും പറവൂരിലെയും ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുന്ന രാഹുൽ അന്നേ ദിനം കൊച്ചിയിൽ തങ്ങുമെന്നും ഹസൻ അറിയിച്ചു.
പിറ്റേദിവസം രാവിലെ എറണാകുളം ഡി സി സി വിതരണം ചെയ്യാൻ ശേഖരിച്ച വസ്തുക്കളുമായുള്ള യാത്ര രാഹുൽ ഫ്ലാഗ് ഓഫ് ചെയ്യും. രാവിലെ തന്നെ കോഴിക്കോട്ടെക്ക് തിരിക്കുന്ന രാഹുൽ അവിടെ നിന്ന് വയനാട്ടിലേക്ക് പോകും. വയനാട്ടിലെ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷമാകും രാഹുൽ ഡൽഹിക്ക് മടങ്ങുക. കോണ്‍ഗ്രസ് നിർമ്മിച്ചുനൽകാൻ ഉദ്ദേശിക്കുന്ന വീടുകളുടെ ഫണ്ട് സമാഹരണം രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും ഹസൻ അറിയിച്ചു. ഇന്ത്യയിലെ ഏറ്റവും നാണമില്ലാത്ത വര്‍ഗമാണ് മലയാളികളെന്ന് പറഞ്ഞതായി ആരോപിക്കപ്പെടുന്ന അർണാബ് ഗോസാമിയെ പിന്തുണച്ച രാജീവ് ചന്ദ്രശേഖരൻ മലയാളിയാണന്നെതിൽ തനിക്ക് ലജ്ജ തോന്നുന്നെന്നും ഹസൻ കൂട്ടിച്ചേർത്തു.