കോഴിക്കോട്: സംസ്ഥാനത്തെ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിടാനായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോടെത്തും.

രാവിലെ തൃശൂരിലെത്തുന്ന രാഹുല്‍, തൃപ്രയാറില്‍ നടക്കുന്ന ഫിഷര്‍മാന്‍ പാര്‍ലമെന്റില്‍ പങ്കെടുക്കും. തുടര്‍ന്ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ ഗാന്ധി കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കും. പിന്നീട് പെരിയയിലെത്തി കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും വീടുകളും എഐസിസി അധ്യക്ഷന്‍ സന്ദര്‍ശിക്കും. തുടര്‍ന്ന് നാലരയോടെ കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിക്കുന്ന ജനമാഹാറാലിയില്‍ പങ്കെടുക്കും.

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതിനാല്‍ ലീഗ് സ്ഥാനാര്‍ത്ഥികളായ കുഞ്ഞാലിക്കുട്ടിയേയും ഇ ടി മുഹമ്മദ് ബഷീറിനെയും ജനമഹാറാലിയുടെ വേദിയില്‍ അണിനിരത്തിയാകും രാഹുല്‍ ഗാന്ധി മലബാറില്‍ വോട്ടഭ്യര്‍ത്ഥന നടത്തുക. രാഹുലിനോടൊപ്പം കോഴിക്കോട് സാധ്യത കല്‍പ്പിക്കുന്ന എംകെ രാഘവനും ജനമഹാറാലിയുടെ വേദി പങ്കിടും.

സ്ഥാനാര്‍ത്ഥിപട്ടിക സംബന്ധിച്ച് മുതിര്‍ന്ന നേതാക്കളുമായി രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തിയേക്കും. കോണ്‍ഗ്രസിന്റെയും മറ്റ് കക്ഷികളുടെയും സ്ഥാനാര്‍ത്ഥികള്‍ക്കായി വോട്ടഭ്യര്‍ത്ഥിക്കാന്‍ രാഹുല്‍ ഗാന്ധി വീണ്ടും കേരളത്തിലെത്തുമെന്ന പ്രതീക്ഷയിലാണ് നേതാക്കള്‍. രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് രാഹുൽ ഗാന്ധി കേരളത്തിൽ എത്തിയിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.