ന്യൂഡൽഹി: പ്രളയത്തിൽ നിന്ന് വീണ്ടും തിരികെ കയറാൻ മുഖ്യമന്ത്രി പിണറായി വിജയൻ മുന്നോട്ട് വച്ച നവകേരളം പദ്ധതിക്ക് മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി പൂർണ്ണ പിന്തുണ വാഗ്‌ദാനം ചെയ്തു. മലയാളികൾ ഒരു മാസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് ആന്റണി ആവശ്യപ്പെട്ടു.
“രക്ഷാപ്രവർത്തനം നല്ല രീതിയിൽ പൂർത്തീകരിച്ചിട്ടുണ്ട്. ഇനി വേണ്ടത് പുനരധിവാസമാണ്. ദുരിതാശ്വാസ ക്യാംപുകളിൽ വളരെ നല്ല സൗകര്യങ്ങൾ നൽകാൻ സാധിച്ചിട്ടുണ്ട്. വീട്ടിലേതിനേക്കാൾ നല്ല സൗകര്യമായിരുന്നു ദുരിതാശ്വാസ ക്യാംപിലെന്നാണ് പലരും തന്നോട് പറഞ്ഞത്. പക്ഷെ ക്യാംപുകൾ പിരിച്ചുവിട്ടാൽ എങ്ങോട്ട് പോകണമെന്ന് അറിയാത്ത പലരുണ്ട്,” ആന്റണി പറഞ്ഞു.
വീടുകള്‍ പൂര്‍ണമായും തകര്‍ന്നവര്‍, കൃഷി സ്ഥലം നഷ്ടപ്പെട്ടവര്‍,തൊഴില്‍ നഷ്ടപ്പെട്ടവര്‍ ഇവരെയെല്ലാം പുനരധിവസിപ്പിക്കണമെന്ന് ആന്റണി പറഞ്ഞു. വീടുകള്‍ ശുചീകരിക്കുകയും കുടിവെള്ള ലഭ്യത ഉറപ്പാക്കുകയും ചെയ്യുന്ന പ്രവർത്തികൾ വേഗത്തിൽ പൂർത്തീകരിക്കണം. വൈദ്യുതി,ടെലിഫോണ്‍,ഗതാഗത സൗകര്യങ്ങളും എത്രയും പെട്ടെന്ന് പുനസ്ഥാപിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിലെ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“വീടുകളിലേക്ക് തിരിച്ചു പോകുന്നവര്‍ക്ക് സാമ്പത്തികസഹായം ചെയ്യേണ്ടതുണ്ട്. കുട്ടനാട്ടില്‍ കഴിഞ്ഞ മൂന്നാഴ്ച്ചയായി വെള്ളമിറങ്ങിയിട്ടില്ല. പ്രളയബാധിത മേഖലകളിലെ റോഡുകള്‍ പൂര്‍ണമായും തകര്‍ന്നു, ഇവ പുനര്‍നിര്‍മ്മിക്കണം. ഇവയാണ് പ്രാഥമിക പരിഗണന വേണ്ടത്. ഇതിന് ശേഷമാണ് മുഖ്യമന്ത്രിയുടെ സ്വപ്നപദ്ധതിയായ നവകേരളം വരുന്നത്. അതിന് എന്‍റെ പൂര്‍ണപിന്തുണയുണ്ട്”, ആന്റണി വ്യക്തമാക്കി.