കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് എംപി കെ.മുരളീധരൻ. മുഖ്യമന്ത്രിയുടെ മാനസിക നിലയ്ക്ക് കുഴപ്പമുണ്ടെന്നും എന്തിനാണ് അദ്ദേഹം വാർത്താസമ്മേളനത്തിൽ പ്രതിപക്ഷത്തേയും മാധ്യമങ്ങളേയും ചീത്തവിളിക്കുന്നതും അധിക്ഷേപിക്കുന്നതുമെന്ന് മനസിലാകുന്നില്ലെന്നും മുരളീധരൻ പറഞ്ഞു.
മുഖ്യമന്ത്രി രാജിവെക്കണമെന്ന് പറയുമ്പോഴും കോൺഗ്രസ് അദ്ദേഹത്തെ ബഹിഷ്കരിച്ചിട്ടില്ല. അനാവശ്യമായി പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുന്നത് നിർത്തണം. സ്വന്തം വീഴ്ച മറക്കാൻ പ്രതിപക്ഷത്തേയും മാധ്യമങ്ങളേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സംസ്ഥാനത്ത് ഇനി ലോക്ക്ഡൗൺ പ്രഖ്യാപിച്ചാൽ ഉത്തരവാദിത്തം സർക്കാരിനായിരിക്കും. ഒരു കേസിൽ നിന്ന് രക്ഷപ്പെടാൻ സിപിഎം ബിജെപിക്ക് കീഴ്പ്പെടരുതെന്നും കെ മുരളീധരൻ പറഞ്ഞു.
കീം പരീക്ഷ നടത്തരുതെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അവഗണിച്ച് പരീക്ഷ നടത്തിയതിനാലാണ് കുട്ടികൾക്ക് കോവിഡ് ബാധിച്ചതെന്ന് മുരളീധരൻ കുറ്റപ്പെടുത്തി. സർക്കാർ ചെയ്യുന്ന ഓരോ തോന്നിവാസത്തിനും പകുതി കുറ്റം പ്രതിപക്ഷത്തിനും പകുതി മാധ്യമങ്ങൾക്കും എന്ന നിലയിലാണ് ഇപ്പോളത്തെ നടപടി.
“സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ച് നിയമസഭ സമ്മേളനം ചേരണം. അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയത് ജനകീയ കോടതിയിൽ കാര്യങ്ങൾ ബോധ്യപ്പെട്ടുത്താനാണ്. അല്ലാതെ അവിശ്വാസം പാസാവുമെന്ന് പ്രതീക്ഷിച്ചിട്ടല്ല. നിയമസഭ കൂടാൻ പോലും സർക്കാറിന് ധൈര്യമില്ല,” കെ മുരളീധരൻ കുറ്റപ്പെടുത്തി.
Read More: കോണ്ഗ്രസ് മരണത്തിന്റെ വ്യാപാരികളെന്ന് ബിനീഷ് കോടിയേരി, സൈക്കോ എന്ന് ബൽറാം
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്ക് രാഷ്ട്രീയം പാടില്ലെന്നാണ് ചട്ടം. ഇത് പാലിക്കാതെ എകെജി സെന്ററിൽ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ യോഗം വിളിച്ചത് ചട്ടലംഘനമാണെന്നും കെ മുരളീധരൻ ആരോപിച്ചു.
പാലത്തായിയിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥി പീഡിപ്പിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട്, കോവിഡ് പ്രോട്ടോകോൾ പാലിച്ച് കോൺഗ്രസ് സമരത്തിനൊരുങ്ങുകയാണെന്ന് മുരളീധരൻ വ്യക്തമാക്കി. ഐജി ശ്രീജിത്തിന്റെ പേരിൽ ഒരു ശബ്ദരേഖ പുറത്ത് വന്നു. ഇത് ശ്രീജിത്തിന്റെത് തന്നെ ആണെന്നങ്കിൽ അദ്ദേഹത്തിനെതിരെ നടപടി വേണം. കേസ് പുതിയ സംഘത്തെ വച്ച് അന്വേഷിക്കണം. എന്തുകൊണ്ട് പോക്സോ ചുമത്തിയില്ല എന്നതിനെ കുറിച്ച സ്ഥലം എംഎൽഎയായ ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ മൗനം അത്ഭുതകരമാണെന്നും കെ മുരളീധരൻ പറഞ്ഞു.