കൊച്ചി: തൃക്കാക്കര എംഎൽഎ പി.ടി.തോമസ് (70) അന്തരിച്ചു. കെപിസിസി വർക്കിങ് പ്രസിഡന്റും നിയമസഭാ കക്ഷി നേതാവുമാണ്. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ രാവിലെ 10.15ന് ആയിരുന്നു അന്ത്യം. ഉമയാണ് ഭാര്യ. വിഷ്ണു തോമസ്, വിവേക് തോമസ് എന്നിവരാണ് മക്കൾ.
നിലവിൽ വെല്ലൂരിലെ ആശുപതിയിലുള്ള മൃതദേഹം ഇന്ന് വൈകുന്നേരം റോഡ് മാർഗം ഇടുക്കി ഉപ്പുതോടുള്ള അദ്ദേഹത്തിന്റെ കുടുംബ വീട്ടിലെത്തിക്കും. അവിടെ നിന്നും നാളെ പുലർച്ചെ കൊച്ചിയിലെത്തിക്കുന്ന മൃതദേഹം രാവിലെ ഏഴ് മണിക്ക് ഡിസിസി ഓഫീസിലും എട്ടരയ്ക്ക് എറണാകുളം ടൗൺ ഹാളിലും ഉച്ചയ്ക്ക് തൃക്കാക്കര കമ്യുണിറ്റി ഹാളിലും പൊതുദർശനത്തിനും വയ്ക്കും. വൈകുന്നേരം ആറ് മണിക്ക് രവിപുരം ശ്മശാനത്തിനാലാണ് സംസ്കാരം.
ഇടുക്കി ജില്ലയിലെ രാജമുടിയിലെ ഉപ്പുതോട് പഞ്ചായത്തിൽ പുതിയപറമ്പിൽ തോമസിൻ്റെയും അന്നമ്മയുടേയും മകനായി 1950 ഡിസംബർ 12നാണ് പി.ടി തോമസിന്റെ ജനനം. തൊടുപുഴ ന്യൂമാൻ കോളേജ്, മാർ ഇവാനിയോസ് കോളേജ് തിരുവനന്തപുരം, മഹാരാജാസ് കോളേജ് എറണാകുളം, ഗവ.ലോ കോളേജ് എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം കെഎസ്യു വഴിയാണ് പൊതുരംഗത്ത് എത്തുന്നത്.
കെഎസ്യുവിൻ്റെ സജീവ പ്രവർത്തകനായിരുന്ന പി.ടി കെഎസ്യുവിൻ്റെ യൂണിറ്റ് വൈസ് പ്രസിഡന്റ്, കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി, ഇടുക്കി ജില്ലാ പ്രസിഡൻറ്, സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
Also Read: നഷ്ടപ്പെട്ടത് ശ്രദ്ധേയനായ പാർലമെന്റേറിയനെയെന്ന് മുഖ്യമന്ത്രി; ജേഷ്ഠ സഹോദരനെന്ന് പ്രതിപക്ഷ നേതാവ്
1980-ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായ തോമസ് 1980 മുതൽ കെപിസിസി, എഐസിസി അംഗമാണ്. 1990-ൽ ഇടുക്കി ജില്ലാ കൗൺസിൽ അംഗമായി.1991, 2001 നിയമസഭ തിരഞ്ഞെടുപ്പുകളിൽ തൊടുപുഴയിൽ നിന്നും 2016-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ തൃക്കാക്കരയിൽ നിന്നും നിയമസഭാംഗമായി. 1996-ലും 2006-ലും തൊടുപുഴയിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പി.ജെ.ജോസഫിനോട് പരാജയപ്പെട്ടു. 2007-ൽ ഇടുക്കി ഡിസിസിയുടെ പ്രസിഡൻറായി. 2009-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഇടുക്കിയിൽ നിന്ന് ലോക്സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.
കേരള നിയമസഭയിൽ എറണാകുളം ജില്ലയിലെ തൃക്കാക്കര മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന നിയമസഭാംഗമാണ്. പതിനഞ്ചാം ലോക്സഭയിൽ ഇടുക്കി ലോക്സഭാമണ്ഡലത്തിൽ നിന്നും അംഗമായിരുന്നു.