തിരുവനന്തപുരം: കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. കെഎം മാണിയുമായും മകനുമായും ഒരു ബന്ധവും ഇനി വേണ്ടെന്ന കോട്ടയം ഡി.സി.സി പ്രമേയം ഇന്നത്തെ യോഗത്തില്‍ ചൂടുപിടിച്ച ചർച്ചയായേക്കും.

കോട്ടയത്ത് ചേര്‍ന്ന് കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തില്‍ കെ.എം. മാണിക്കെതിരേ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. മാണിയെയും മകന്‍ ജോസ്‌ കെ. മാണിയേയും ഇനി യു.ഡി.എഫില്‍ വേണ്ടെന്ന പൊതുവികാരമാണു യോഗത്തിലുയര്‍ന്നത്‌. മകന്റെ താത്‌പര്യത്തിനായി കോണ്‍ഗ്രസിനെ വഞ്ചിച്ച മാണിയുമായി ഇനി ഒരു ബന്ധവും വേണ്ടെന്നു വി.പി. സജീന്ദ്രന്‍ തുറന്നടിച്ചു.

കോട്ടയം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങള്‍ ഉമ്മന്‍ ചാണ്ടി യോഗത്തില്‍ വിശദീകരിച്ചു. പ്രസിഡന്റ്‌ സ്‌ഥാനം സംബന്ധിച്ചു കേരളാ കോണ്‍ഗ്രസു(എം)മായി ധാരണയുണ്ടായിരുന്നെന്നും അതു ലംഘിച്ചാണു സി.പി.എം. പിന്തുണയോടെ അവര്‍ അധികാരം പിടിച്ചതെന്നും ഉമ്മന്‍ ചാണ്ടി വിശദീകരിച്ചു.

ഉമ്മൻചാണ്ടിയും തിരുവഞ്ചൂരും അടക്കമുള്ളവര്‍ പങ്കെടുത്ത കോട്ടയത്തെ യോഗത്തില്‍ മാണിയും, ജോസ് കെ. മാണിയുമായുള്ള ബന്ധം വേണ്ടെന്ന പ്രമേയം ഏകകണ്ഠമായി പാസാക്കിയിരുന്നു. ഈ പ്രമേയം ഇന്ന് ചർച്ച ചെയ്ത് അംഗീകരിപ്പിക്കാനാണ് നീക്കം. അങ്ങനെയെങ്കില്‍ യുഡിഎഫിലേക്കുള്ള മാണിയുടെ പ്രവേശനവും, അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് ജോസ് കെ. മാണിയുടെ സ്ഥാനാര്‍ത്ഥിത്വവും തുലാസിലാകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.