scorecardresearch

കസ്തൂരി രംഗനിൽ ചാരി ഇടുക്കിയിൽ രാഷ്ട്രീയ തിരിച്ചുവരവിന് കോൺഗ്രസും കേരളാ കോൺഗ്രസും

ഗാഡ്ഗിൽ, കസ്തൂരി രംഗൻ റിപ്പോർട്ടുകൾ കൊണ്ട് കൈ പൊളളിയ കോൺഗ്രസ്സും കേരളാ കോൺഗ്രസ്സും തങ്ങളുടെ ജനപിന്തുണ തിരിച്ചുപിടക്കാൻ അതേ റിപ്പോർട്ട് തന്നെ ആയുധമാക്കി സമരരംഗത്തിറങ്ങുന്നു.

കസ്തൂരി രംഗനിൽ ചാരി ഇടുക്കിയിൽ രാഷ്ട്രീയ തിരിച്ചുവരവിന് കോൺഗ്രസും കേരളാ കോൺഗ്രസും

തൊടുപുഴ: ഒരു ഇടവേളയ്ക്കു ശേഷം ഇടുക്കി ജില്ല വീണ്ടും സമരത്തീച്ചൂളയിലേയ്ക്ക്. ഏതാനും വര്‍ഷങ്ങളായി ജനങ്ങളുടെ ഉറക്കംകെടുത്തിയ ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ച ആശങ്കകള്‍ക്ക് ഇതുവരെ അവസാനമായിട്ടില്ലായെന്നതാണ് വീണ്ടും സമര രംഗത്തേയ്ക്കിറങ്ങാന്‍ ജനങ്ങളെ നിര്‍ബന്ധിതരാക്കുന്നത്. അതേസമയം കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിലെ കരടു വിജ്ഞാപനത്തിന്റെ കാലാവധി അവസാനിക്കുന്ന മാര്‍ച്ച് നാലിനു മുമ്പ് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ കഴിയില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുത്തതോടെ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് ഇനിയും ഇടുക്കി ജില്ലയിലെ ജനങ്ങളുടെ ഉറക്കംകെടുത്തുന്ന ഒന്നായി തുടരുമെന്നുറപ്പാണ്.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരായ രണ്ടാംഘട്ട സമരത്തിനെതിരേ ആദ്യം വെടിപൊട്ടിച്ചു രംഗത്തെത്തിയിരിക്കുന്നത് കര്‍ഷക പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന കേരളാ കോണ്‍ഗ്രസ് (എം) ആണ്. കഴിഞ്ഞ ദിവസം കേരളാ കോൺഗ്രസിന്റെ നേതൃത്വത്തില്‍ കട്ടപ്പനയില്‍ ഉപവാസ സമരം നടത്തി. തൊട്ടുപിന്നാലെ മാര്‍ച്ച് നാലിനു ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയും ചെയ്തു. കസ്തൂരി രംഗന്റെ പേരിലുള്ള കര്‍ഷക താല്‍പര്യം കേരള കോണ്‍ഗ്രസ് തട്ടിയെടുക്കുമെന്ന് അപകടം മണത്ത കോണ്‍ഗ്രസാകട്ടെ ഞായറാഴ്ച തന്നെ മാര്‍ച്ച് നാലിനു കസ്തൂരി രംഗന്‍ വിഷയത്തില്‍ തങ്ങളും ഹര്‍ത്താല്‍ നടത്തുമെന്നു പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാൽ ഈ​ ഹർത്താൽ ഇരുപാർട്ടികളും ചേർന്നല്ല നടത്തുന്നത്. കോൺഗ്രസിന്റെ ഹർത്താൽ കേരളാ കോൺഗ്രസുമായി സഹകരിച്ചല്ലെന്ന് ഡി സി സി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാർ വ്യക്തമാക്കി. കസ്തൂരി രംഗന്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ ഇടപെടലുകള്‍ നടത്തിയില്ലെങ്കില്‍ തുടര്‍സമരങ്ങളുണ്ടാകുമെന്നും പറഞ്ഞു.

കോൺഗ്രസിന് ഇടുക്കിയില്‍ ഏറ്റവും കൂടുതല്‍ നഷ്ടം സഹിക്കേണ്ടി വന്നതും നിലനില്‍പ്പു തന്നെ അപകടത്തിലാക്കാനും വഴിമരുന്നിട്ടത് ഗാഡ്ഗിൽ, കസ്തൂരി രംഗൻ റിപ്പോര്‍ട്ടായിരുന്നു. ഗാഡ്ഗില്‍-കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ കത്തോലിക്കാ സഭയും പിടി തോമസും കൊമ്പുകോര്‍ത്തതോടെ കോണ്‍ഗ്രസിന് നഷ്ടപ്പെട്ടത് ഇടുക്കിയിലെ ലോക്‌സഭാംഗമായിരുന്നു. കസ്തൂരി രംഗന്‍ വിഷയത്തില്‍ നേട്ടമുണ്ടാക്കിയതാകട്ടെ ഇടതുമുന്നണിയായിരുന്നു. ബാലികേറാമലയായിരുന്ന ഇടുക്കി പാര്‍ലമെന്റ് സീറ്റ് ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പിന്തുണയോടെ പിടിച്ചെടുക്കാന്‍ കഴിഞ്ഞതായിരുന്നു സിപിഎമ്മിനെ സംബന്ധിച്ചിടത്തോളമുണ്ടായ ഏറ്റവും വലിയ നേട്ടം. ഹൈറേഞ്ച് സംരക്ഷണസമിതിയുടെ ലീഗല്‍ അഡ്വൈസറായ ജോയ്‌സ് ജോര്‍ജിന് നിനച്ചിരിക്കാതെ എംപി സ്ഥാനവും കിട്ടി.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ അന്തിമ വിജ്ഞാപനം ഉടന്‍ പുറത്തിറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തിയില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട രേഖകളെല്ലാം മുന്‍ യുഡിഎഫ് സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വാദിക്കുന്നത്. കേരളത്തിനു മാത്രമായി അന്തിമ വിജഞാപനം പുറപ്പെടുവിക്കുന്നതില്‍ കുഴപ്പമില്ലെന്നു ദേശീയ ഹരിത ട്രിബ്യൂണല്‍ പറഞ്ഞിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തിയാല്‍ ഉടന്‍ അന്തിമ വിജ്ഞാപനം പുറത്തിറക്കാനാവുമെന്നും ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കൾ പറയുന്നു. മുഖ്യമന്ത്രിയായ ശേഷം പിണറായി വിജയന്‍ പല തവണ ഡല്‍ഹി സന്ദര്‍ശിച്ചെങ്കിലും കസ്തൂരി രംഗന്‍ വിഷയത്തില്‍ ശക്തമായ ഇടപെടലുകള്‍ നടത്തിയില്ലെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

ഇടുക്കിയിൽനടന്ന കസ്തൂരിരംഗൻസമിതി റിപ്പോർട്ട് വിരുദ്ധ സമരം (ഫയൽ ചിത്രം)

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തുടരുന്ന കസ്തൂരി രംഗന്‍ സമരം ഇടുക്കി ജില്ലയ്ക്കു കാര്യമായ നേട്ടങ്ങളൊന്നും ഉണ്ടാക്കി നല്‍കിയില്ലായെന്നതാണ് യാഥാര്‍ഥ്യം. ഇടുക്കി ജില്ല വനമായി മാറുമെന്നും കര്‍ഷകരെ കുടിയിറക്കുമെന്നും കൃഷി ചെയ്യാനാവില്ലെന്നും വീടിനു പച്ച പെയിന്റ് അടിക്കണമെന്നും തുടങ്ങിയ പ്രചാരണങ്ങളാണ് കസ്തൂരി രംഗന്‍ സമരവുമായി ബന്ധപ്പെട്ട് ഇടുക്കിയില്‍ ഉയര്‍ന്നു കേട്ടത്. പ്രചാരണം ശക്തമായതോടെ ഭൂമി വില കുറയുകയും ചെയ്തു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടു സര്‍ക്കാരുകള്‍ മാറിയിട്ടും നിരവധി സമരങ്ങളുണ്ടാവുകയും ചെയ്തിട്ടും പ്രശ്‌നത്തിന് ശാശ്വത പരിഹാരമുണ്ടാക്കാന്‍ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല.

ഇടുക്കി വീണ്ടുമൊരു കസ്തൂരി രംഗന്‍ സമരത്തിന് കൂടി വേദിയാകാനൊരുങ്ങുകയാണ്. മുന്‍കാലങ്ങളില്‍ കസ്തൂരി രംഗന്‍ സമരത്തില്‍ നിന്നു നേട്ടംകൊയ്യാന്‍ ഇടതുപക്ഷത്തിനാണ് കഴിഞ്ഞതെങ്കില്‍ ഭരണത്തിലിരിക്കുന്നതുകൊണ്ടു തന്നെ കസ്തൂരി രംഗന്‍ വിരുദ്ധ സമരം ഇടതുപക്ഷത്തെ പൊള്ളിക്കാനാണ് സാധ്യത. കസ്തൂരി രംഗന്‍ സമരത്തിന്റെ മുന്‍നിരപ്പോരാളികളായി അറിയപ്പെടുന്ന ഹൈറേഞ്ച് സംരക്ഷണ സമിതി എല്‍ഡിഎഫുമായി നല്ല ബന്ധത്തിലാണ് തുടരുന്നതെങ്കിലും കസ്തൂരി രംഗന്‍ വിഷയത്തില്‍ അവര്‍ക്കു നിലപാടുമാറ്റാനാവില്ല. അതുകൊണ്ടുതന്നെ കസ്തൂരി രംഗന്‍ വിരുദ്ധസമരം വീണ്ടും ശക്തിയാര്‍ജിക്കുന്നത് ഇടതുപക്ഷത്തിനും സർക്കാരിനും തലവേദന സൃഷ്‌ടിക്കും. ഇതേ സമയം കോൺഗ്രസ് തങ്ങൾക്ക് നഷ്‌ടപ്പെട്ട ജനപിന്തുണ തിരിച്ചുപിടിക്കാനുളള അവസരമായാണ് ഈ സമയത്തെ കാണുന്നത്. വരും ദിവസങ്ങളിൽ കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ മേലുളള രാഷ്ട്രീയ ബലാബല പരീക്ഷണം കൂടിയായിരിക്കും. തങ്ങളുടെ വോട്ട് ബാങ്കിന് ചോർച്ചയുണ്ടാക്കായി അതേ റിപ്പോർട്ട് ഉപയോഗിച്ച് തന്നെ ആ വോട്ട് ബാങ്കിനെ തിരികെ പിടിക്കാനുളള തന്ത്രങ്ങളാണ്​ കോൺഗ്രസ്സും കേരളാ കോൺഗ്രസും ശ്രമിക്കുന്നത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Congress looks to regain lost political ground in idukki with kasturi rangan report gagdgil western ghats kerala congress