കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനം കണക്കിലെടുത്ത് കൊച്ചിയിൽ 12 കോൺഗ്രസ് നേതാക്കളെ കരുതൽ തടങ്കലിലാക്കി. കെപിസിസി സെക്രട്ടറി തമ്പി സുബ്രഹ്‌മണ്യം, ഡിസിസി സെക്രട്ടറി ശ്രീകുമാര്‍ ഉള്‍പ്പടെയുള്ള നേതാക്കൾ കരുതല്‍ തടങ്കലിലെന്നാണ് ലഭിക്കുന്ന വിവരം. പ്രതിഷേധം ഭയന്നാണ് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കരുതൽ തടങ്കലിലാക്കിയത്. കൂടുതൽ പേരെ കസ്റ്റഡിയിലെടുത്തേക്കുമെന്നും സൂചനയുണ്ട്.
രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകീട്ട് കേരളത്തിലെത്തും. വൈകീട്ട് അഞ്ചിന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ കൊച്ചി വില്ലിങ്ഡൻ ദ്വീപിലെ നാവികസേന വിമാനത്താവളത്തിൽ പ്രധാനമന്ത്രി എത്തും. 5.30നു തേവര ജംക്‌ഷൻ മുതൽ തേവര സേക്രഡ് ഹാർട്ട് കോളജ് മൈതാനം വരെ 1.8 കിലോമീറ്റർ ദൂരം മെഗാ റോഡ്ഷോ നടത്തും. 6 ന് തേവര എസ്എച്ച് കോളേജിൽ നടക്കുന്ന ‘യുവം 2023’ പരിപാടിയിൽ പങ്കെടുക്കും. 7.45ന് വില്ലിങ്ഡൻ ദ്വീപിലെ ഹോട്ടൽ താജ് മലബാറിൽ ക്രൈസ്തവ മതമേലധ്യക്ഷരുമായി കൂടിക്കാഴ്ച നടത്തും.
പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് കൊച്ചി നഗരത്തിലെങ്ങും ഏർപ്പെടുത്തിയിരിക്കുന്നത്. 2600 പൊലീസുകാരെയാണ് സുരക്ഷയുടെ ഭാഗമായി നഗരത്തിലെങ്ങും വിന്യസിച്ചിരിക്കുന്നത്. നഗരത്തിൽ ഗതാഗത നിയന്ത്രണവുമുണ്ട്.