തിരുവനന്തപുരം: തുടർച്ചയായി അഞ്ചുതവണ മൽസരിച്ചു ജയിച്ചവരിൽ ഉമ്മൻ ചാണ്ടി ഒഴികെയുളളവർ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽനിന്നു മാറിനിൽക്കണമെന്ന് കോൺഗ്രസ് നേതാവ് ടി.എൻ.പ്രതാപൻ എംപി. ഇക്കാര്യം ആവശ്യപ്പെട്ട് പ്രതാപൻ ഉൾപ്പെടെയുളള നേതാക്കൾ ഹൈക്കമാൻഡിന് കത്തയച്ചു. രണ്ടുതവണ തുടർച്ചയായി മൽസരിച്ചു തോറ്റവരും സ്ഥാനാർഥിയാകരുതെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ക്രിമിനൽ കേസിൽ ഉൾപ്പെട്ടവരെയും വിചാരണ നടക്കുന്ന കേസുകൾ ഉള്ളവരെയും മാറ്റിനിർത്തണം. എംപിമാരെയും രാജ്യസഭാംഗങ്ങൾ ആയിരുന്നവരെയും മൽസരിപ്പിക്കരുത്. കോൺഗ്രസിന് ലഭിക്കുന്ന സീറ്റിൽ 20% എങ്കിലും സ്ത്രീകൾക്കും യുവജനങ്ങൾക്ക് നൽകണമെന്നും ഹൈക്കമാൻഡിന് അയച്ച കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Read More: നടിയെ ആക്രമിച്ച കേസ്: വിചാരണ പൂർത്തിയാക്കാൻ ആറ് മാസത്തെ സമയം കൂടി അനുവദിച്ചു

എല്ലാ ജില്ലകളിലും ഒരു വനിതയെയും 40 വയസ്സില്‍ താഴെയുള്ള രണ്ടുപേരെ വീതവും സ്ഥാനാര്‍ഥിയാക്കണമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനു മുമ്പാകെയുളള ആവശ്യം. അതേസമയം, സിറ്റിങ് എംഎല്‍എമാരുടെ കാര്യമൊഴികെ പുതുമുഖങ്ങളായെത്തുന്നവരില്‍ യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കണമെന്നാണ് കേന്ദ്ര നിര്‍ദേശം.

അതിനിടെ, നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ മല്‍സരിക്കുന്നത് പാര്‍ട്ടി തീരുമാനിക്കുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പാര്‍ട്ടി അര്‍ഹിക്കുന്നതിലേറെ പാർട്ടി എനിക്ക് തന്നുവെന്ന അഭിപ്രായക്കാരനാണ് ഞാന്‍. പാര്‍ട്ടി നിര്‍ദേശിച്ചാല്‍ മാത്രം മല്‍സരിക്കും. രമേശ് ചെന്നിത്തല നിശ്ചയമായും മല്‍സരിക്കും, അദ്ദേഹം പ്രതിപക്ഷനേതാവാണ്. പ്രതിപക്ഷനേതാവെന്ന നിലയില്‍ രമേശ് ചെന്നിത്തല‌യുടെ പ്രവര്‍ത്തനം പ്രശംസനീയമാണ്. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഹൈക്കമാൻഡ് ആണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.