തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റർ യാത്രയ്ക്ക് ഓഖി ഫണ്ടിൽ നിന്ന് പണം അനുവദിച്ചെന്ന വിവാദത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്. മുഖ്യമന്ത്രി പിച്ചച്ചട്ടിയിൽ കൈയ്യിട്ടുവാരിയെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.

അതേസമയം വിവാദ ഉത്തരവ് സർക്കാർ പിൻവലിച്ചിട്ടുണ്ട്. സർക്കാർ വെബ്സൈറ്റിൽ വന്നപ്പോൾ മാത്രമാണ് താൻ ഇക്കാര്യം അറിഞ്ഞതെന്ന് റവന്യു മന്ത്രി പറഞ്ഞു. എന്നാൽ ഇങ്ങിനെയൊരു സംഭവം അറിയില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് പ്രതികരിച്ചത്.

മുഖ്യമന്ത്രിയുടേത് ധൂർത്താണെന്നാണ് കെപിസിസി അദ്ധ്യക്ഷൻ എംഎം ഹസ്സൻ പ്രതികരിച്ചത്. സർക്കാർ ഹെലികോപ്റ്റർ യാത്രയ്ക്കായി ചിലവഴിച്ച പണം ദുരന്ത നിവാരണ ഫണ്ടിലേക്ക് തിരിച്ചടക്കണമെന്ന് ഹസ്സൻ ആവശ്യപ്പെട്ടു.

ഓഖി ഫണ്ടുപയോഗിച്ച് ഹെലികോപ്റ്റർ യാത്ര നടത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. മനുഷ്യത്വരഹിതമായ നടപടിയാണ് ഇതെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ