തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍ എഐസിസി അംഗത്വവും രാജിവച്ചു. ഫലപ്രദമായ രീതിയില്‍ ഹൈക്കമാന്‍ഡ് ഇടപെടല്‍ പാര്‍ട്ടിയില്‍ ഉണ്ടാകുന്നില്ലെന്നാണ് സുധീരന്റെ പരാതി. ഇതിനെ തുടര്‍ന്നാണ് രാജി. രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നുള്ള രാജി അറിയിച്ചുകൊണ്ടുള്ള കത്തില്‍ തന്നെയാണ് സുധീരന്‍ ഇക്കാര്യവും വ്യക്തമാക്കിയിരിക്കുന്നത്.
കേരളത്തിലെ സംഘടനാ പ്രശ്നങ്ങളില്‍ നേരത്തെ തന്നെ സുധീരന്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടും ഇടപെടല്‍ ഉണ്ടാകാത്തതില്‍ ദുഃഖമുണ്ടെന്നും സുധീരന്റെ രാജിക്കത്തില്‍ പറയുന്നു. സുധീരന്റെ രാജിക്ക് പിന്നാലെ അനുനയിപ്പിക്കാനുള്ള ശ്രമം വേഗത്തിലാക്കുകയാണ് കോണ്‍ഗ്രസ്. സുധീരനെ നേരിട്ട് കണ്ട് സംസാരിക്കാന്‍ താരിഖ് അന്‍വറിന് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.
സുധീരനെ നേരിൽ കണ്ട് പ്രശ്നപരിഹാരം നടത്തുമെന്നായിരുന്നു കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ ഇന്നലെ പറഞ്ഞത്. സുധീരനെ ഒപ്പം കൂട്ടി മുന്നോട്ട് പോകാനാണ് കോണ്‍ഗ്രസ് എക്കാലവും ആഗ്രഹിക്കുന്നതെന്നും സുധാകരന്‍ വ്യക്തമാക്കിയിരുന്നു. പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ സുധീരനെ നേരില്‍ കണ്ട് അനുനയ നീക്കം നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല. രാജി പിന്‍വലിക്കണമെന്ന കെപിസിസിയുടെ ആവശ്യവും സുധീരന്‍ തള്ളി.