തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീർ അന്തരിച്ചു. 79 വയസ്സായിരുന്നു. തിരുവനന്തപുരം വെമ്പായത്തെ വീട്ടിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഏറെ കാലമായി സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. രണ്ടു തവണ രാജ്യസഭാംഗമായും നിയമസഭാംഗമായും തിരഞെടുക്കപ്പെട്ടിട്ടുണ്ട്. ഖബറടക്കം നാളെ വൈകുന്നേരം അഞ്ച് മണിക്ക് പെരുമല ജമാഅത്ത് ഖബർസ്ഥാനിൽ നടക്കും.
1945ൽ തിരുവനന്തപുരം വെഞ്ഞാറമൂടിനു സമീപമുള്ള തലേക്കുന്ന് ഗ്രാമത്തിലാണ് ജനനം. തിരുവനന്തപുരം ഇവാനിയോസ് കോളജ്, ലോ കോളജ് എന്നിവിടങ്ങിൽനിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം കെ.എസ്.യുവിലൂടെയാണ് സജീവ രാഷ്ട്രീയത്തിലെത്തുന്നത്.
1977ൽ കഴക്കൂട്ടം നിയസഭ മണ്ഡലത്തിൽ നിന്നാണ് ആദ്യമായി നിയമസഭാംഗമായി. എന്നാൽ എ.കെ.ആന്റണിയ്ക്ക് മത്സരിക്കാൻ വേണ്ടി അംഗത്വം രാജിവച്ചു. പിന്നീട് 1977ലും 1979ലും രാജ്യസഭാംഗമായി. 1984, 1987 വർഷങ്ങളിൽ ചിറയൻകീഴിൽ നിന്ന് ലോക്സഭാംഗമായി മത്സരിച്ചു വിജയിച്ചു.
1980 മുതൽ 1989 വരെ തിരുവനന്തപുരം ഡിസിസി പ്രസിഡന്റായും കെപിസിസി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 1972 മുതല്‍ 2015 വരെ കെപിസിസിയുടെ നിര്‍വാഹക സമിതി അംഗമായിരുന്നു. നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. 2011 ല്‍ കെപിസിസിയുടെ ആക്ടിങ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു. പരേതയായ സുഹ്റയാണ് ഭാര്യ. നടന്‍ പ്രേം നസീറിന്റെ സഹോദരിയാണ് സുഹ്റ.
മുതിർന്ന കോൺഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീറിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കോൺഗ്രസ് രാഷ്ട്രീയത്തിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച നേതാവായിരുന്നു അദ്ദേഹം. ജനകീയ പ്രശ്നങ്ങളിൽ ഇടപെടാനും സങ്കുചിത താല്പര്യങ്ങൾക്കുപരിയായി പൊതുതാൽപര്യം ഉയർത്തിപ്പിടിക്കാനും തലേക്കുന്നിൽ ബഷീർ ശ്രമിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശനും അനുശോചിച്ചു. അദ്ദേഹത്തിന്റെ വിയോഗം കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് തീരാനഷ്ടമാണ്. കോണ്‍ഗ്രസ് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും സ്വന്തം ജീവിതത്തില്‍ അത് പ്രവര്‍ത്തികമാക്കാനും തലേക്കുന്നില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തിയിരുന്നു. ആര്‍ക്കും മാതൃകയാക്കാവുന്ന വ്യക്തിത്വം. രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നതിലുപരി സാമൂഹിക സാംസ്‌കാരിക സാഹിത്യ സഹകരണരംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിനായെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് മുൻ ഡിസിസി പ്രസിഡന്റ് യു. രാജീവൻ അന്തരിച്ചു
കോഴിക്കോട്: കോൺഗ്രസ് നേതാവും കോഴിക്കോട് മുൻ ഡിസിസി പ്രസിഡന്റുമായിരുന്ന യു.രാജീവൻ (67) അന്തരിച്ചു. അർബുദബാധിതനായി ചികിത്സയിലായിരുന്നു. കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.
മൃതദേഹം രാവിലെ ഒൻപതു മുതൽ ഡിസിസി ഓഫിസിൽ പൊതുദർശനത്തിനു വയ്ക്കും. വൈകിട്ട് കൊയിലാണ്ടിയിലെ വീട്ടുവളപ്പിലാണ് സംസ്കാരം. കെഎസ്യുവിലൂടെ രാഷ്ട്രീയത്തിൽ എത്തിയ രാജീവൻ പുളിയഞ്ചേരി സൗത്ത് എൽ പി സ്കൂളിൽ അധ്യാപകനായിരിക്കെയാണ് സജീവ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് മാറുന്നത്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി, സംസ്ഥാന നിർവാഹക സമിതി അംഗം, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്, കെപിസിസി നിർവാഹക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.