തിരുവനന്തപുരം: ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കോൺഗ്രസ് നേതാവ് ഒ.എം.ജോർജിനെ അന്വേഷണ വിധേയമായി പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‍തു. കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന്റേതാണ് നടപടി. നേരത്തെ ഒ.എം.ജോർജിനെതിരെ പൊലീസ് പോക്‌സോ ചുമത്തിയിരുന്നു.

Also Read: ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി; കോൺഗ്രസ് നേതാവിനെതിരെ പോക്‌സോ

കുറ്റവാളികളെ പാർട്ടിയിൽ തുടരാൻ അനുവദിക്കില്ലെന്ന് കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കുറ്റക്കാരനെന്ന് തെളിഞ്ഞാൽ പാർട്ടിയിൽ നിന്ന് എന്നന്നേക്കുമായി പുറത്താക്കും. കുറ്റം ചെയ്തത് എത്ര ഉന്നതനായ വ്യക്തിയാണെങ്കിലും പാർട്ടിയിൽ സ്ഥാനമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കേസ് ഒതുക്കിതീർക്കാൻ ശ്രമിക്കുന്നതായി ആരോപണമുയർന്നു. ഐഎൻടിയുസി നേതാവ് പെൺകുട്ടിയുടെ മാതാവിനെ ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്.

ജോർജിന്റെ വീട്ടിൽ ജോലിക്കാരായിരുന്ന മാതാപിതാക്കൾക്കൊപ്പം പെൺകുട്ടിയും പോകാറുണ്ടായിരുന്നു. ഇത്തരത്തിൽ മാതാപിതാക്കൾ ഇല്ലാത്ത സമയങ്ങളിൽ പീഡനം നടന്നുവെന്നാണ് മൊഴിയിൽ പറയുന്നത്. കഴിഞ്ഞ ദിവസം പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചപ്പോഴാണ് പീഡന വിവരം വീട്ടുകാർ പോലും അറിയുന്നത്. ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി ഇപ്പോൾ ചൈൽഡ്‍ ലൈനിന്‍റെ സംരക്ഷണയിലാണ്. വിവരം പുറത്തുവന്നതോടെ ഒ.എം.ജോർജ് ഒളിവിലാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.