കണ്ണൂർ: ഷുഹൈബ് വധക്കേസ് അന്വേഷണത്തിൽ​ രാഷ്ട്രീയ ലക്ഷ്യമില്ലെന്ന് പൊലീസ്. കേസിൽ പിടികൂടിയത് യഥാർത്ഥ പ്രതികളെയാണെന്ന് ഉത്തരമേഖല ഡിജിപി രാജേഷ് ദിവാൻ പറഞ്ഞു. ഡമ്മി പ്രതികളെയല്ല പിടികൂടിയത്. അവരെ പിടികൂടിയതാണ് അല്ലാതെ കീഴടങ്ങിയതല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഷുഹൈബ് വധത്തിൽ അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. പാർട്ടി നോക്കിയല്ല അന്വേഷണം നടക്കുന്നത്. ഈ കേസിലെ പ്രതികൾ സിപിഎമ്മുകാരാണ്. കണ്ണൂരിലെ പൊലീസ് മികച്ച രീതിയിലാണ് ഈ​ കേസിൽ അന്വേഷണം നടത്തുന്നത്. പ്രത്യേകിച്ച് ഈ ​കേസിലെ അന്വേഷണ സംഘത്തെ നയിക്കുന്ന എസ്‌പിയും ഡിവൈഎസ്‌പിയും മറ്റ് ഉദ്യോഗസ്ഥരുമെന്ന് അദ്ദേഹം പറഞ്ഞു.

താൻ സമ്മർദ്ദത്തിൽ ഒന്നുമല്ല, സിആർപിസിയും ​ഐ​പിസിയും അടിസ്ഥാനമാക്കി പ്രവർത്തിക്കുകയാണ്. ഞങ്ങൾ പുറത്തു നിന്ന് വന്നതാണ്. ഇവിടെ ഞങ്ങൾ എന്ത് താൽപര്യം സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്? അദ്ദേഹം ചോദിച്ചു. പൊലീസിന് രാഷ്ട്രീയ ലക്ഷ്യമില്ല. യഥാർത്ഥ പ്രതികളെ പിടികൂടണമെന്ന് മുഖ്യമന്ത്രിയുടെ നിർദേശമുണ്ട്.

മൊഴിയെടുക്കാൻ പൊലീസ് എത്തിയില്ലെന്ന ആരോപണം തെറ്റാണെന്ന് രാജേഷ് ദിവാൻ പറഞ്ഞു. കണ്ണൂരിൽ കൂടുതൽ പൊലീസിനെ വിന്യസിക്കണം എന്ന്  ഡി ജി പി ആവശ്യപ്പെട്ടു. രാത്രിയിൽ​ കൂടുതൽ​കുറ്റ കൃത്യങ്ങൾ നടക്കുന്നത സാഹചര്യത്തിലാണ് ഈ​ നടപടി. അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നത്. അന്വേഷണം സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ പറയാൻ നിലവിൽ പറ്റില്ല. അത് അന്വേഷണത്തെ ബാധിക്കും. ഗൂഢാലോചന നടന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളൊന്നും ഇപ്പോൾ പറയാൻ പറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസിന് മേൽ രാഷ്ട്രീയ സമ്മർദ്ദം ഒന്നുമില്ല. ഷുഹൈബിന്റെ കുടുംബത്തിന് സി ബി ഐ അന്വേഷണം ആവശ്യപ്പെടാം. പൊലീസ് സി ബി ഐ അന്വേഷണം എന്ന ആവശ്യത്തെ  എതിർക്കില്ലെന്ന്  ഡി ജി പി പറഞ്ഞു

കേസ് അന്വേഷണം സംബന്ധിച്ച് താൻ വാക്കാലോ രേഖാമൂലമോ ആർക്കും പരാതി നൽകിയിട്ടില്ലെന്ന് കണ്ണൂർ പൊലീസ് സൂപ്രണ്ട് ശിവ വിക്രം മാധ്യമങ്ങളോട് പറഞ്ഞു. കുടുബപരമായ ആവശ്യത്തിനായാണ് അവധിയിൽ പോയത്. മെഡിക്കൽ എമർജൻസി ആയതിനാണ് പെട്ടെന്ന് മടങ്ങി വരാനാകാത്തത്. അല്ലാതെ അന്വേഷണവുമായി ബന്ധപ്പെട്ട് അഭിപ്രായ വ്യത്യാസമൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിന്റെ ഭാഗമായാണ് അവധിയിൽ​ പ്രവേശിച്ചതെന്നത് തെറ്റാണെന്നും എസ്‌പി അവകാശപ്പെട്ടു.

അന്വേഷണ സംഘത്തിനുളളിൽ തെറ്റിദ്ധാരണയൊന്നുമില്ല. എല്ലാവരും ഏകോപനത്തോടെയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.