കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവും മുന്‍ കണ്ണൂര്‍ ഡിസിസി പ്രസിഡന്റുമായ സതീശന്‍ പാച്ചേനി അന്തരിച്ചു. തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെത്തുടര്‍ന്ന് 19ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനില വഷളായതോടെയായിരുന്നു അന്ത്യം. 54 വയസായിരുന്നു.
1968 ജനുവരിയില്‍ പാച്ചേനിയിലെ കമ്യൂണിസ്റ്റ് കുടുംബത്തിലായിരുന്നു സതീശന്റെ ജനനം. അടിയന്തരാവസ്ഥയ്ക്കെതിരായ എ കെ ആന്റണിയുടെ പ്രസംഗമായിരുന്നു സതീശനെ കോണ്‍ഗ്രസിലേക്ക് ആകൃഷ്ടനാക്കിയത്. പിന്നീട് ജോലിക്കിടയില്‍ രാഷ്ട്രിയ പ്രവര്‍ത്തനം തുടര്‍ന്നു.
തിരഞ്ഞെടുപ്പിൽ പലതവണ ജനവിധി തേടിയെങ്കിലു വിജയിച്ചില്ല. 1996-ൽ നിയമസഭയിലേക്കായിരുന്നു ആദ്യ മത്സരം. തളിപ്പറമ്പില്‍ എം വി ഗോവിന്ദനോട് പരാജയപ്പെട്ട സതീശന്‍ 1999-ല്‍ കെ എസ് യുവിന്റെ സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റു. 2001-ല്‍ മലമ്പുഴയില്‍ വി എസ് അച്യുതാനന്ദനെതിരെയായിരുന്നു രണ്ടാം അങ്കം. കടുത്ത മത്സരം കാഴ്ചവച്ച സതീശന്‍ പരാജയപ്പെട്ടത് 4,703 വോട്ടിനായിരുന്നു.
2006-ല്‍ വീണ്ടും വിഎസിനെതിരെ സതീശനെ കോണ്‍ഗ്രസ് കളത്തിലിറക്കി. എന്നാല്‍ ഇടതു തരംഗത്തില്‍ സതീശന് വീണ്ടും പരാജയപ്പെടേണ്ടി വന്നു. 2009-ല്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ പാലക്കാട് മത്സരിച്ചെങ്കിലും വിജയിക്കാന്‍ സതീശന് സാധിച്ചില്ല. 2016-ലാണ് സതീശന്‍ കണ്ണൂര്‍ ഡിസിസി പ്രസിഡന്റാകുന്നത്. 2021 വരെയായിരുന്നു കാലയളവ്.
സതീശന്‍ പാച്ചേനിയുടെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. ഊർജസ്വലനായ പൊതുപ്രവർത്തകനെയാണ് സതീശൻ പാച്ചേനിയുടെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടത്. സൗമ്യതയും സൗഹൃദവും അദ്ദേഹം തന്റെ ഇടപെടലുകളിലാകെ പുലർത്തിയിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മൂല്യാധിഷ്ഠിതി രാഷ്ട്രീയത്തിന്റെ വക്താവും നിസ്വാർഥനായ കോൺഗ്രസ് നേതാവുമായിരുന്നു സതീശൻ പാച്ചേനിയെന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അനുസ്മരിച്ചു. എല്ലാ കാലങ്ങളിലും പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം സന്തോഷത്തോടെ ഏറ്റെടുക്കാനും പാർട്ടി ചട്ടക്കൂടുകളിൽനിന്ന് അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറയാനുമുള്ള ആർജവവും സതീശൻ പാച്ചേനിക്കുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.