കോട്ടയം: കോൺഗ്രസ് നേതാവ് ജി.രാമൻ നായർ ബിജെപിയിലേക്കെന്ന് സൂചന. ബിജെപി നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ കേരളത്തിലെത്തുമ്പോൾ രാമൻ നായരുടെ ബിജെപി പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരമെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ പത്തനംതിട്ടയിൽ ബിജെപി നടത്തിയ ഉപവാസ സമരം ജി.രാമൻ നായർ ഉദ്ഘാടനം ചെയ്തത് വിവാദമായിരുന്നു. ഇതിനുപിന്നാലെ അദ്ദേഹത്തെ പാർട്ടി സസ്പെൻഡ് ചെയ്തു. വിശദീകരണം പോലും ചോദിക്കാതെയാണ് തന്നെ സസ്പെൻഡ് ചെയ്തതെന്ന് രാമൻ നായർ പറഞ്ഞു. മാധ്യമങ്ങളിലൂടെയാണ് ഈ വിവരം അറിഞ്ഞത്. ദേവസ്വം ബോർഡിന്റെ മുൻ അധ്യക്ഷൻ എന്ന നിലയിലാണ് ശബരിമലയുമായി ബന്ധപ്പെട്ട സമരത്തിൽ പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ടയിലെ ബിജെപിയുടെ ഉപവാസ സമരം ഉദ്ഘാടനം ചെയ്യാനാണ് കെപിസിസി എക്സിക്യൂട്ടീവ് അംഗം ജി.രാമന് നായര് എത്തിയത്. ഇതിനുപിന്നാലെയാണ് രാമൻ നായർക്കെതിരെ എഐസിസി അച്ചടക്ക നടപടിയെടുത്തത്.