കൽപ്പറ്റ: കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി നാളെ കേരളത്തിലെത്തും. എട്ട് മാസത്തിനു ശേഷമാണ് സ്വന്തം മണ്ഡലമായ വയനാട്ടിലേക്ക് രാഹുൽ എത്തുന്നത്. ജനുവരിയിലാണ് രാഹുൽ അവസാനമായി വയനാട്ടിലെത്തിയത്. പിന്നീട് കോവിഡ് പ്രതിസന്ധിയുടെ സമയത്ത് വയനാട്ടിലെത്താൻ ആഗ്രഹിച്ചെങ്കിലും സാഹചര്യങ്ങൾ അനുകൂലമല്ലാത്തതുകൊണ്ട് എത്താനായില്ല.

വയനാട്ടിൽ സ്‌കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് അനുമതി നിഷേധിച്ച വിവാദങ്ങൾക്കിടെയാണ് രാഹുൽ കേരളത്തിലെത്തുന്നത്. തിങ്കളാഴ്‌ച രാവിലെ രാഹുൽ ഡൽഹിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ കരിപ്പൂരിലെത്തും. ഇവിടെനിന്ന് റോഡ് മാർഗം മലപ്പുറം കലക്‌ടറേറ്റിലെത്തി കോവിഡ് അവലോകന യോഗത്തിൽ പങ്കെടുക്കും. ഇതിനുശേഷം കൽപ്പറ്റയിലെ സർക്കാർ ഗസ്റ്റ് ഹൗസിൽ രാത്രി തങ്ങും.

Read Also: എതിർക്കാതെ സിപിഐ; ജോസ് കെ.മാണിയുടെ എൽഡിഎഫ് പ്രവേശനം തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ്

20ന് വയനാട് കലക്‌ടറേറ്റിലെ കോവിഡ‍് അവലോകന യോഗത്തിൽ പങ്കെടുത്തശേഷം ഗസ്റ്റ് ഹൗസിലേക്ക് മടങ്ങും. 21ന് മാനന്തവാടിയിലെ ജില്ലാ ആശുപത്രി സന്ദർശിച്ച ശേഷം കണ്ണൂർ വിമാനത്താവളത്തിൽനിന്ന് പ്രത്യേക വിമാനത്തിൽ ഡൽഹിയിലേക്ക് മടങ്ങും.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ രാഹുലിനെ സ്വീകരിക്കാൻ എത്തും.

മൂന്ന് ദിവസം രാഹുൽ കേരളത്തിലുണ്ടാകും. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മാത്രം ശ്രദ്ധയൂന്നാനാണ് രാഹുൽ ഗാന്ധി ശ്രമിക്കുക. സ്‌കൂൾ കെട്ടിടത്തിന്റെ ഉദ്‌ഘാടനത്തിനു അനുമതി നിഷേധിച്ചതിൽ രാഷ്ട്രീയ പ്രസ്‌താവനകളൊന്നും രാഹുൽ നടത്തില്ലെന്നാണ് സൂചന.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.