തൊടുപുഴ: അന്തരിച്ച കോൺഗ്രസ് എംഎൽഎ പി.ടി തോമസിന് യാത്രാമൊഴി നൽകി ആയിരങ്ങൾ. മൃതദേഹം എറണാകുളം രവിപുരം ശ്മശാനത്തിൽ സംസ്കരിച്ചു. മക്കളായ വിഷ്ണുവും വിവേകും ചേർന്ന് ചിതയ്ക്കു തീകൊളുത്തി.
തൃക്കാക്കര കമ്യൂണിറ്റി ഹാളിൽ പൊതുദർശനത്തിനുവച്ചശേഷം വിലാപയാത്രയായാണു മൃതദേഹം രവിപുരം ശ്മശാനത്തിലേക്കു കൊണ്ടുവന്നത്. പി.ടി തോമസിന്റെ അന്ത്യാഭിലാഷം പോലെയായിരുന്നു സംസ്കാരച്ചടങ്ങുകൾ. ‘ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം’ എന്ന ഗാനം ചെറിയ ശബ്ദത്തിൽ മുഴങ്ങി.നൂറു കണക്കിനു പാർട്ടി പ്രവർത്തകർ ‘ഞങ്ങളുടെ പി ടി മരിക്കുന്നില്ല’ എന്ന് വികാരവായ്പോടെ മുദ്രാവാക്യം മുഴക്കി. പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകി.
വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽനിന്ന് ഇന്ന് പുലർച്ചെ ഇടുക്കി ഉപ്പുതോടിലെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ നൂറുകണക്കിന് ആളുകളാണ് എത്തിയത്. ഇടുക്കി ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേൽ, പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് തുടങ്ങിയവരും ആദരാഞ്ജലികൾ അർപ്പിക്കാനെത്തി.
വീട്ടിലെ പൊതുദർശനത്തിനു ശേഷം മൃതദേഹം തൊടുപുഴയിലെത്തിച്ചു. മുദ്രാവാക്യം വിളികളിലൂടെയാണ് തങ്ങളുടെ പഴയ എംഎൽഎയെ തൊടുപുഴ സ്വീകരിച്ചത്. കേരള കോൺഗ്രസ് നേതാവ് പി.ജെ.ജോസഫ് അടക്കമുള്ളവർ അവിടെയെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.
തൊടുപുഴയിൽ നിന്നു വിലാപയാത്രയായി മൃതദേഹം കൊച്ചിയിലെത്തിച്ചു. ആദ്യം പാലാരിവട്ടത്തെ പി.ടിയുടെ വീട്ടിൽ എത്തിച്ച മൃതദേഹം അരമണിക്കൂർ പൊതുദർശനത്തിനു വച്ചു. നടൻ മമ്മൂട്ടിയും മുതിർന്ന കോൺഗ്രസ് നേതാക്കളും അന്ത്യാഞ്ജലി അർപ്പിച്ചു.
തുടർന്ന് എറണാകുളം ഡിസിസി ഓഫീസിലും ടൗൺ ഹാളിലും പൊതുദർശനത്തിന് വച്ചു. ടൗൺ ഹാളിൽ നടക്കുന്ന പൊതുദർശനത്തിൽ രാഹുൽ ഗാന്ധി അടക്കമുള്ള മുതിർന്ന നേതാക്കൾ അന്തിമോപചാരമർപ്പിച്ചു. പിടിയുടെ കുടുംബാംഗങ്ങളെ രാഹുൽ ആശ്വസിപ്പിച്ചു.
ടൗൺ ഹാളിൽനിന്നാണ് മൃതദേഹം പൊതുദർശനത്തിനായി തൃക്കാക്കര കമ്യൂണിറ്റി ഹാളിലേക്കു കൊണ്ടുവന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ തൃക്കാക്കരയിൽ അന്തിമോപചാരമർപ്പിച്ചു.
Also Read: നിലപാടിൽ വേരുറപ്പിച്ച മനുഷ്യൻ; പി ടി തോമസിനെക്കുറിച്ചുള്ള ഓർമകളിൽ സുഹൃത്തുക്കൾ
പൊതുദർശന സമയത്ത് ‘ചന്ദ്രകളഭം ചാർത്തിയുറങ്ങും’ പാട്ട് ചെറിയ ശബ്ദത്തിൽ വയ്ക്കണം, മൃതദേഹത്തിൽ റീത്ത് വയ്ക്കരുത്, മൃതദേഹം രവിപുരം ശ്മശാനത്തിൽ ദഹിപ്പിക്കണം എന്നിങ്ങനെയുള്ള അന്ത്യാഭിലാഷങ്ങൾ സുഹൃത്ത് ഡിജോ കാപ്പനെ നവംബർ 22നു പി ടി തോമസ് അറിയിച്ചിരുന്നു.
അർബുദ ബാധിതനായി കഴിഞ്ഞ ഒരു മാസം വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പി.ടി.തോമസ് ബുധനാഴ്ച രാവിലെയാണ് മരണത്തിനു കീഴടങ്ങിയത്.