ബെംഗളൂരു: മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന് വൈറൽ ന്യൂമോണിയ സ്ഥിരീകരിച്ചതായി മകൻ ചാണ്ടി ഉമ്മന്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. സന്ദർശകർക്ക് നിയന്ത്രണമുണ്ടെന്നും എല്ലാവരുടെയും പ്രാർത്ഥന വേണമെന്നും ചാണ്ടി പറഞ്ഞു. ബെംഗളുരു സംപംഗി രാമ നഗരയിലുള്ള എച്ച്‍സിജി ആശുപത്രിയിലാണ് ഉമ്മൻ ചാണ്ടിയുള്ളത്.
ഏറെ നാളായി ബെംഗളൂരുവിൽ ചികിത്സയിൽ കഴിയുകയാണ് ഉമ്മൻ ചാണ്ടി. ഉമ്മൻ ചാണ്ടിക്ക് കുടുംബം വിദഗ്ധ ചികിത്സ നിഷേധിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ അലക്‌സ് ചാണ്ടി ആരോപണം ഉന്നയിച്ചിരുന്നു. ഉമ്മൻ ചാണ്ടിക്ക് തുടര്‍ ചികിത്സ ലഭ്യമാക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് അലക്‌സ് ചാണ്ടിയും മറ്റു ചില കുടുംബാംഗങ്ങളും മുഖ്യമന്ത്രി പിണറായി വിജയനു കത്തുമയച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ നിർദേശമനുസരിച്ച് ആരോഗ്യമന്ത്രി ഇടപെടുകയും മെഡിക്കൽ ബോർഡ് രൂപീകരിക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് അദ്ദേഹത്തെ ചികിത്സക്കായി ബെംഗളൂരുവിലേക്ക് മാറ്റിയത്. പ്രത്യേകം സജ്ജമാക്കിയ ചാർട്ടഡ് ഫ്ലൈറ്റിലാണ് അദ്ദേഹത്തെ കൊണ്ടുപോയത്.
കുടുംബം തനിക്ക് ചികിത്സ നിഷേധിച്ചെന്ന ആരോപണം ഉമ്മന്‍ ചാണ്ടി തിരുവനന്തപുരം വിമാനത്താവളത്തില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിഷേധിച്ചു. ചികിത്സയുമായി ബന്ധപ്പെട്ട് കുടുംബത്തിനെതിരെ ഉയര്‍ന്നത് അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് മെച്ചപ്പെട്ട ചികിത്സ ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.